ഇന്ത്യ നിര്‍മിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹം സിഎംഎസ് 03 ന്റെ വിക്ഷേപണം വിജയം; ശബ്ദത്തിനും ഡാറ്റായ്ക്കും പുറമെ വീഡിയോയും കൈമാറും

ഇന്ത്യ നിര്‍മിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹം സിഎംഎസ് 03 ന്റെ വിക്ഷേപണം വിജയം;  ശബ്ദത്തിനും ഡാറ്റായ്ക്കും പുറമെ വീഡിയോയും കൈമാറും

ശ്രീഹരിക്കോട്ട: ഇന്ത്യ നിര്‍മിച്ച ഭാരമേറിയ ഉപഗ്രഹം സിഎംഎസ് 03 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് വൈകുന്നേരം 5.26 ഓടെയാണ് 4,410 കിലോ ഭാരമുള്ള വാര്‍ത്താ വിനിമയ ഉപഗ്രഹം വിക്ഷേപിച്ചത്. 'ബാഹുബലി' എന്ന് വിളിക്കുന്ന എല്‍വിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്.

ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റാണ് എല്‍.വി.എം.3. ഇതാദ്യമായാണ് ഇത്രയേറെ ഭാരമുള്ള ഉപഗ്രഹം ഇന്ത്യയില്‍ നിന്ന് ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്നത്. വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കാതെ പ്രതിരോധ വാര്‍ത്താ വിനിമയത്തിന് ഇന്ത്യയുടെ സ്വന്തം സംവിധാനം ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.

അതിനാല്‍ ദേശസുരക്ഷയില്‍ അതീവ നിര്‍ണായകമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡവും അതിന് ചുറ്റുമുള്ള സമുദ്രഭാഗങ്ങളും നിരീക്ഷണ പരിധിയില്‍ വരും. ഏഴ് വര്‍ഷമാണ് കാലാവധി. സിവില്‍ സേവന മേഖലയില്‍ ആദ്യ സൈനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 7 ന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് സിഎംഎസ് 03 വിക്ഷേപിച്ചത്.

നാവിക സേനയ്ക്ക് വേണ്ടിയാണ് സിഎംഎസ് 03 പ്രധാനമായും ഉപയോഗിക്കുക. ജി.സാറ്റ് 7 ല്‍ ലഭ്യമായതിനേക്കാള്‍ അത്യാധുനിക സംവിധാനങ്ങള്‍ ഇതിലുണ്ട്. അതീവശേഷിയുള്ള ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്നതാണ് ഇതിലെ യു.എച്ച്.എഫ്, എസ്.സി.കു, ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകള്‍.

ശബ്ദത്തിനും ഡാറ്റായ്ക്കും പുറമെ വീഡിയോയും നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളിലേക്ക് മാത്രമായി കൈമാറാന്‍ ഉപഗ്രഹത്തിനാകും. ഈ വര്‍ഷം നടത്തിയ എന്‍.വി.എസ് 2, ഇ.ഒ.എസ് 9 വിക്ഷേപണങ്ങള്‍ക്കുണ്ടായ അപ്രതീക്ഷിത പരാജയങ്ങള്‍ കണക്കിലെടുത്ത് വന്‍ മുന്നൊരുക്കങ്ങളാണ് ശ്രീഹരിക്കോട്ടയില്‍ നടത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.