ജമ്മു കാശ്മീരിനെ പൂര്‍ണമായി ഇന്ത്യയുടെ ഭാഗമാക്കാന്‍ പട്ടേല്‍ ശ്രമിച്ചു; നെഹ്റു തടഞ്ഞെന്ന് നരേന്ദ്ര മോഡി

ജമ്മു കാശ്മീരിനെ പൂര്‍ണമായി ഇന്ത്യയുടെ ഭാഗമാക്കാന്‍ പട്ടേല്‍ ശ്രമിച്ചു; നെഹ്റു തടഞ്ഞെന്ന്  നരേന്ദ്ര മോഡി

അഹമ്മദാബാദ്: ജമ്മു കാശ്മീരിനെ പൂര്‍ണമായി ഇന്ത്യയുടെ ഭാഗമാക്കാനുള്ള സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ നീക്കം തടഞ്ഞത് അന്ന് പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ ലാല്‍ നെഹ്റുവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മദിനത്തില്‍ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മറ്റ് നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചതു പോലെ മുഴുവന്‍ കാശ്മീരിനെയും ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചു.

എന്നാല്‍ നെഹ്‌റു അദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നത് തടഞ്ഞു. കാശ്മീരിനെ വിഭജിച്ചു. പ്രത്യേക ഭരണഘടനയും പ്രത്യേക പതാകയും നല്‍കി. കോണ്‍ഗ്രസ് ചെയ്ത ഈ തെറ്റുമൂലം രാജ്യം പതിറ്റാണ്ടുകളായി അതിന്റെ പ്രത്യാഘാതം അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം 550-ലധികം നാട്ടുരാജ്യങ്ങള്‍ ഏകീകരിക്കുന്നതില്‍ സര്‍ദാര്‍ പട്ടേല്‍ വഹിച്ച പങ്ക് വളരെ പ്രശംസനീയമാണെന്ന് മോഡി പറഞ്ഞു. അസാധ്യമെന്ന് കരുതിയ ദൗത്യമാണ് അദേഹം സാധ്യമാക്കിയത്.

'ഏക ഇന്ത്യ, ഉത്കൃഷ്ട ഇന്ത്യ' എന്ന ആശയം സര്‍ദാര്‍ പട്ടേലിനെ സംബന്ധിച്ചിടത്തോളം പരമ പ്രധാനമായിരുന്നു. ചരിത്രം എഴുതാന്‍ സമയം പാഴാക്കുകയല്ല വേണ്ടത്, പകരം ചരിത്രം സൃഷ്ടിക്കാന്‍ കഠിനാധ്വാനം ചെയ്യുക എന്നതായിരുന്നു പട്ടേലിന്റെ വിശ്വാസമെന്ന് മോഡി പറഞ്ഞു.

ആഘോഷത്തിന് മുന്നോടിയായി ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ ഏകതാ നഗറിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം 2014 മുതല്‍ രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആയി ആചരിച്ചു വരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.