ബ്രിട്ടനിൽ തീവ്ര കുടിയേറ്റ നിയന്ത്രണം ; നിയമ വിരുദ്ധമായി ജോലി ചെയ്ത ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ

ബ്രിട്ടനിൽ തീവ്ര കുടിയേറ്റ നിയന്ത്രണം ; നിയമ വിരുദ്ധമായി ജോലി ചെയ്ത ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ

ലണ്ടൻ: ബ്രിട്ടനിൽ അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി രേഖകളില്ലാതെ ജോലി ചെയ്ത 171 ഫുഡ് ഡെലിവറി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇന്ത്യ, ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായവരിൽ ഏറെയും.

ഹോം സെക്രട്ടറിയുടെ പരിഷ്കാരങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് സർക്കാർ നടത്തിയ ഒരാഴ്ചത്തെ 'ഓപ്പറേഷൻ ഈക്വലൈസ്' എന്ന രാജ്യ വ്യാപക എൻഫോഴ്‌സ്‌മെൻ്റ് ഡ്രൈവിനിടെയാണ് ഇത്രയധികം പേർ വലയിലായത്. അറസ്റ്റിലായ എല്ലാവരെയും ഉടൻ തന്നെ നാടുകടത്തിയേക്കും എന്നാണ് സൂചന.

ന്യൂഹാം, നോർവിച്ച് തുടങ്ങിയ നഗരങ്ങളിൽ നിന്നാണ് തൊഴിലാളികളെ പിടികൂടിയത്. പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ രേഖകൾ കൃത്യമല്ലാത്ത എല്ലാവരെയും പിടികൂടി നാടുകടത്തുമെന്ന മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം അനധികൃത ജോലിയുമായി ബന്ധപ്പെട്ട് 11,000-ത്തിലധികം പരിശോധനകൾ നടത്തുകയും 8,000 ത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് അറസ്റ്റുകളുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഡെലിവറൂ, ജസ്റ്റ് ഈറ്റ്, ഊബർ ഈറ്റ്സ് തുടങ്ങിയ കമ്പനികൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഡെലിവറി റൈഡർമാർ ഉൾപ്പെടുന്ന ഗിഗ്-ഇക്കോണമി മേഖലയിലേക്കും റൈറ്റ്-ടു-വർക്ക് പരിശോധനകൾ ഈ പുതിയ നിയമത്തിലൂടെ വ്യാപിപ്പിക്കും. ഡെലിവറി മേഖലയിലെ അനധികൃത ജോലി തടയാൻ ഈ നിയമം സർക്കാരിനെ സഹായിക്കുമെന്നാണ് പ്രതീക്ഷ.

കൃത്യമായ രേഖകൾ പരിശോധിച്ച് ഉറപ്പാക്കാത്ത തൊഴിലുടമകൾക്ക് കനത്ത പിഴ ചുമത്തും. ഒരു അനധികൃത തൊഴിലാളിക്ക് £60,000 (അറുപതിനായിരം പൗണ്ട്) വരെ പിഴ ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. പിഴയ്ക്ക് പുറമെ ജയിൽ ശിക്ഷ, ബിസിനസ് അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നിയമനടപടികളും നേരിടേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.