'വോട്ടര്‍ പട്ടിക പരിഷ്‌കരണം ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം'; എസ്ഐആറിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേയ്ക്ക്

'വോട്ടര്‍ പട്ടിക പരിഷ്‌കരണം ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം'; എസ്ഐആറിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേയ്ക്ക്

ചെന്നൈ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേയ്ക്ക്. എസ്ഐആര്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ഹര്‍ജി നല്‍കും. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനം.

തിരഞ്ഞെടുപ്പിലെ ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും വോട്ടര്‍ പട്ടിക പരിഷ്‌കരണം 2026 ന് ശേഷം മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഉത്തരവാദിത്തത്തോടെയും സ്വതന്ത്രമായും പ്രവര്‍ത്തിക്കാന്‍ ഭരണഘടനാപരമായി ബാധ്യതയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിനായി പ്രവര്‍ത്തിക്കുകയാണെന്നും തമിഴ്നാട് ആരോപിച്ചു.

ബിഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഒക്ടോബര്‍ 27 ലെ വിജ്ഞാപനം അനുസരിച്ച് തമിഴ്നാട്ടില്‍ എസ്ഐആറുമായി മുന്നോട്ട് പോകാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പൂര്‍ണമായും ജനാധിപത്യ വിരുദ്ധവും ജനങ്ങളുടെ വോട്ടവകാശത്തിനുമേലുള്ള ആക്രമണവുമാണെന്നാണ് പ്രമേയത്തില്‍ വ്യക്തമാക്കുന്നത്.

എസ്ഐആര്‍ അംഗീകരിക്കാനാവില്ലെന്നും ഇപ്പോള്‍ നടക്കുന്ന നടപടിക്രമങ്ങള്‍ പിന്‍വലിക്കണമെന്നും സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനത്തിലെ പോരായ്മകള്‍ പരിഹരിക്കണം. സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ വ്യക്തമായി പാലിക്കണം. മതിയായ സമയം അനുവദിക്കണം. 2026 ലെ തിരഞ്ഞെടുപ്പിന് ശേഷം മാത്രം എസ്‌ഐആര്‍ നടത്തണം. പൂര്‍ണമായും നിക്ഷപക്ഷവും സ്വതന്ത്രവുമായ രീതിയിലാകണം നടപ്പാക്കേണ്ടതെന്നും പ്രമേയത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.