ആകാശത്ത് ഇന്ന് രാത്രി ഉല്‍ക്കമഴ

ആകാശത്ത് ഇന്ന് രാത്രി ഉല്‍ക്കമഴ

സിഡ്‌നി: ആകാശത്ത് ഇന്ന് രാത്രി ഉല്‍ക്കമഴ ദര്‍ശിക്കാം. ഈ വര്‍ഷത്തെ ഏറ്റവും തിളക്കമേറിയ ഉല്‍ക്കാ വര്‍ഷമാണ് ഇന്ന് അര്‍ധരാത്രി നടക്കുന്നതെന്ന് ജ്യോതിശാസ്ത്രര്‍ പറയുന്നു. അര്‍ധരാത്രി മുതല്‍ ദൃശ്യമാകുന്ന ഉല്‍ക്കാ വര്‍ഷം അതിരാവിലെ വരെ തുടരുമെന്നും നാസ പ്രവചിക്കുന്നു.

ടൗ ഹെര്‍ക്കുലിഡ്‌സ് (Tau Herculids) എന്നറിയപ്പെടുന്ന ഉല്‍ക്കാവര്‍ഷത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വാനനിരീക്ഷകര്‍. വാല്‍നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളില്‍നിന്നാണ് ഉല്‍ക്കാ വര്‍ഷം സംഭവിക്കുന്നത്. ഉല്‍ക്കാവര്‍ഷത്തില്‍ മണിക്കൂറില്‍ ഏകദേശം 1000 ഉല്‍ക്കകള്‍ വരെ കത്തിജ്വലിക്കുന്നത് കാണാന്‍ കഴിയും.

സൂര്യനെ വലം വയ്ക്കുന്ന SW3 അല്ലെങ്കില്‍ 73P/Schwassmann-Wachmann എന്ന വാല്‍നക്ഷത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയിയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നതിനെയാണ് ടൗ ഹെര്‍ക്കുലിഡ് ഉല്‍ക്കാമഴ എന്ന് വിളിക്കുന്നത്. 1930-ല്‍ രണ്ട് ജര്‍മ്മന്‍ വാനനിരീക്ഷകരായ അര്‍നോള്‍ഡ് ഷ്വാസ്മാന്‍, അര്‍നോ ആര്‍തര്‍ വാച്ച്മാന്‍ എന്നിവരാണ് ഈ വാല്‍നക്ഷത്രം കണ്ടെത്തിയത്. അതിനാലാണ് വാല്‍നക്ഷത്രത്തിന് ഇരുവരുടെയും പേര് നല്‍കിയിരിക്കുന്നത്. SW3 സൂര്യനെ ചുറ്റാന്‍ 5.4 വര്‍ഷമെടുക്കും.

1930-ല്‍ കണ്ടെത്തിയെങ്കിലും 1970-കളുടെ അവസാനം വരെ ഈ വാല്‍നക്ഷത്രം ശ്രദ്ധിക്കപ്പെടാതെ പോയി. 1995-ല്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഈ വാല്‍നക്ഷത്രത്തെ അതിന്റെ അസാധാരണമായ തിളക്കം കാരണം വീണ്ടും ശ്രദ്ധിച്ചു. മുമ്പത്തെ രൂപത്തേക്കാള്‍ 600 മടങ്ങ് തിളക്കമുള്ളതും നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ കഴിയുന്നതുമായി മാറി. 

ഉല്‍ക്കാവര്‍ഷം അമേരിക്കയിലുള്ളവര്‍ക്കാണ് ഏറ്റവും നന്നായി കാണാന്‍ കഴിയുക. ഏറ്റവും അനുയോജ്യമായ സമയം ഇന്ന് അര്‍ധരാത്രി 12:45 മുതല്‍ 1:17 വരെയാണ്. മധ്യ, തെക്കേ അമേരിക്ക, തെക്കുകിഴക്കന്‍ കാനഡ എന്നിവിടങ്ങളില്‍ നിന്ന് ഇത് വീക്ഷിക്കാനാകും. മെക്‌സികോയിലാണ് ഏറ്റവും നന്നായി കാണാനാകുക.

അതേസമയം ഓസ്ട്രേലിയ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ ഉല്‍ക്കാവര്‍ഷം കാണാന്‍ കഴിയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.