തിരുവനന്തപുരം: ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാവുന്നു. കാല്‍ നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന സ്വപ്‌ന പാതയാണ് ശബരി റെയില്‍ പാത. അടിസ്ഥാന സൗകര്യ-ഗതാഗത പദ്ധതികള്‍ നടപ്പാക്കാനുള്ള പ്രധാനമന്ത്രി-ഗതിശക്തി മിഷനില്‍ ഉള്‍പ്പെടുത്തിയാവും നിര്‍മ്മാണം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ചയെ തുടര്‍ന്നാണ് മരവിപ്പിച്ച പദ്ധതിക്ക് വീണ്ടും വഴി തുറന്നത്.
സംസ്ഥാന-റെയില്‍വേ സംയുക്ത കമ്പനിയായ കേരളാ റെയില്‍വേ വികസന കോര്‍പറേഷന് (കെ-റെയില്‍) നിര്‍മ്മാണ ചുമതല നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് പ്രാഥമിക തീരുമാനമെടുത്തിട്ടുണ്ട്. ചെലവിന്റെ പകുതി വഹിക്കാമെന്നും, നിര്‍മ്മാണം കെ-റെയിലിനെ ഏല്‍പ്പിക്കണമെന്നും സംസ്ഥാന മന്ത്രിസഭ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.
റെയില്‍വേയുടെ നിര്‍ദ്ദേശ പ്രകാരം, കെ-റെയില്‍ തയ്യാറാക്കിയ 3347.35 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കൊച്ചിയിലെ ഫിനാന്‍സ് വിഭാഗം അംഗീകരിച്ച് ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറി. ഇനി വേണ്ടത് റെയില്‍വേ ബോര്‍ഡിന്റെ അനുമതി. അതോടെ 2020ല്‍ പദ്ധതി മരവിപ്പിച്ച ഉത്തരവ് റദ്ദാക്കും. പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചാലുടന്‍ അന്തിമ തീരുമാനമെടുക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയില്‍ ഉറപ്പു നല്‍കിയിരുന്നു.
1997ല്‍ പ്രഖ്യാപിച്ച അങ്കമാലി-എരുമേലി 111കിലോമീറ്റര്‍ ശബരി പാതയില്‍ നിര്‍മ്മിച്ചത് അങ്കമാലി-കാലടി 7കി.മി റെയില്‍പ്പാതയും പെരിയാറില്‍ പാലവും മാത്രം. കാലടി-എരുമേലി 104 കിലോമീറ്റര്‍ പാതയാണ് ഇനി നിര്‍മ്മിക്കേണ്ടത്.
ഇരുപത് വര്‍ഷം മുന്‍പ് 900പേരുടെ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിച്ചിരുന്നു. ഇവര്‍ക്ക് ഭൂമി വില്‍ക്കാനോ ഈടു വയ്ക്കാനോ കഴിയുന്നില്ല. പദ്ധതി നടപ്പാക്കുന്നതോടെ ഇവര്‍ക്ക് പണം ലഭിക്കും. ഭൂമിയേറ്റെടുക്കലിന് 900 കോടിയിലേറെ ചെലവുണ്ട്. ഭൂമിവിലയുടെ 30ശതമാനം എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജായി റെയില്‍വേ നല്‍കേണ്ടത് ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ 517കോടിയായിരുന്ന എസ്റ്റിമേറ്റ് 2017ല്‍ 2815കോടിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.