പാരിസ്: ലിയനാഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ മൊണാലിസ പെയ്ന്റിങ്ങിനു നേരേ കേക്ക് എറിഞ്ഞ് മലിനമാക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ചിത്രം സൂക്ഷിച്ചിരിക്കുന്ന പാരിസിലെ ലൂവ്‌റ മ്യൂസിയത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
തലയില്‍ വിഗ് വെച്ച്, ലിപ്സ്റ്റിക്കിട്ട്, ഒറ്റനോട്ടത്തില്‍ വൃദ്ധയെന്ന് തോന്നിപ്പിക്കുന്ന യുവാവ് വീല്‍ചെയറിലെത്തിയാണ് ബുള്ളറ്റ്പ്രൂഫ് ഗ്ലാസിനകത്തു സൂക്ഷിച്ചിട്ടുള്ള പെയിന്റിങ് മലിനമാക്കാന്‍ ശ്രമിച്ചത്.
മ്യൂസിയത്തിലെത്തിയ ഇയാള്‍ സുരക്ഷാ ജീവനക്കാരോട് കയര്‍ത്തു. ചിലര്‍ക്ക് റോസാ പൂവുകള്‍ നല്‍കി. ഓരോ ചിത്രങ്ങളും കണ്ട് മുന്നോട്ട് നീങ്ങിയ ഇവര്‍ക്കൊപ്പം സുരക്ഷാ ജീവനക്കാരനും പോയി. അങ്ങനെ മൊണാലിസ ചിത്രത്തിന്റെ മുന്നിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
 
വീല്‍ചെയറില്‍നിന്ന് ചാടി എഴുന്നേറ്റാണ് കയ്യില്‍ കരുതിയ ക്രീം കേക്ക് സുരക്ഷാ വലയം ചാടിക്കടന്ന് ചിത്രത്തിലേക്കെറിഞ്ഞത്. ശേഷം തേച്ച് പിടിപ്പിച്ചു. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്പെടുത്തി.
പുറംഗ്ലാസില്‍ ക്രീം തേച്ചെങ്കിലും ചിത്രം സുരക്ഷിതമാണെന്ന് അധികൃതര്‍ പറഞ്ഞു. കേക്കെറിഞ്ഞ ശേഷം പരിസ്ഥിതിവാദി ചമയാനും ഇയാള്‍ ശ്രമം നടത്തി. പ്രകൃതി സംരക്ഷണത്തിലേക്ക് ജനശ്രദ്ധ തിരിക്കാനാണ് ആക്രമണം നടത്തിയതെന്ന് യുവാവ് അവകാശപ്പെട്ടു.
്36 വയസുകാരനായ യുവാവ് വേഷം മാറി എത്തിയാണ് ആക്രമണം നടത്തിയത്. യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഗ്ലാസില്‍ പുരണ്ട കേക്ക് തുടച്ചുമാറ്റുന്നതിന്റെ വീഡിയോയും ഇവര്‍ പങ്കുവച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൊണാലിസയെ ആക്രമിക്കുന്നത് ആദ്യമല്ല; 16-ാം നൂറ്റാണ്ടിലാണ് ലോക പ്രശസ്തമായ മൊണാലിസ ചിത്രം വരച്ചത്. 500-ലധികം വര്‍ഷത്തെ പഴക്കമാണ് ചിത്രത്തിനുള്ളത്. ഇതിന് മുമ്പും ചിത്രത്തിനു നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1911-ല്‍ ഒരു മ്യൂസിയം ജീവനക്കാരന്‍ ഈ പെയിന്റിംഗ് മോഷ്ടിച്ചു. ഇക്കാര്യം വാര്‍ത്തയായി. ഒടുവിലയാള്‍ ചിത്രം തിരിച്ച് നല്‍കി.
ഇതോടെയാണ് ചിത്രത്തെ കുറിച്ച് ലോകമാകെ ചര്‍ച്ചയാകുന്നതും ചിത്രത്തിന്റെ മൂല്യം വര്‍ധിക്കുന്നതും. 1950-ല്‍ ചിത്രത്തിന് നേരെ ആസിഡ് ആക്രമണമുണ്ടായി. ഇതില്‍ ചിത്രത്തിന് നിസാരമെങ്കിലും കേടുപാടുകള്‍ പറ്റി. അതിന് ശേഷം ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന്റെ വലയത്തിലാണ് ചിത്രം സൂക്ഷിച്ചിരിക്കുന്നത്.
2009-ല്‍, ഫ്രഞ്ച് പൗരത്വം ലഭിക്കാത്തതില്‍ ക്ഷുഭിതയായ ഒരു റഷ്യന്‍ സ്ത്രീ സെറാമിക് കപ്പ് ചിത്രത്തിന് നേരെ എറിഞ്ഞെങ്കിലും കേടുപാടൊന്നും സംഭവിച്ചില്ല.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.