വത്തിക്കാന്‍ സിറ്റി: യഥാര്‍ത്ഥ സ്‌നേഹം ഒരിക്കലും നമ്മെ സമ്മര്‍ദത്തിലാഴ്ത്തുന്നില്ലെന്നും നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സാന്നിധ്യമായി അവിടുന്ന് നിലനില്‍ക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. കര്‍ത്താവിന്റെ സ്വര്‍ഗാരോഹണത്തിരുന്നാള്‍ ദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
ദിവ്യബലി മദ്ധ്യേ വയിക്കപ്പെട്ട വിശുദ്ധഗ്രന്ഥത്തിലെ ലൂക്കായുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം, 46-53 വരെയുള്ള വാക്യങ്ങളാണ് പാപ്പ സന്ദേശത്തിനായി തെരഞ്ഞെടുത്തത്. യേശുവിന്റെ സ്വര്‍ഗാരോഹണം അവതരിപ്പിക്കുന്ന ഭാഗമാണ് പാപ്പാ വിശദീകരിച്ചത്. പിതാവിന്റെ അടുക്കലേക്കു തിരിച്ചുപോകുമ്പോഴും നമ്മെ വിട്ടുമാറാത്ത യേശുവിന്റെ യഥാര്‍ത്ഥ സ്‌നേഹത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു പാപ്പയുടെ വാക്കുകള്‍.
സ്വര്‍ഗാരോഹണത്തിന് മുന്നോടിയായി, ശിഷ്യന്മാര്‍ക്ക് യേശു അവസാനമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ ചെയ്ത രണ്ടു കാര്യങ്ങളെക്കുറിച്ച് വിശുദ്ധഗ്രന്ഥത്തില്‍ പറയുന്നു. അവിടുന്ന് ആദ്യം പരിശുദ്ധാത്മദാനം പ്രഖ്യാപിക്കുന്നു, തുടര്‍ന്ന് ശിഷ്യന്മാരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ആത്മാവിനെ പ്രദാനം ചെയ്യുമെന്നു അവിടന്ന് അറിയിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.
പരിശുദ്ധാത്മദാനം
മനുഷ്യരാശിയെ ഉപേക്ഷിച്ചുകൊണ്ടല്ല യേശു പിതാവിന്റെ പക്കലേക്കു പോകുന്നതെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു. പകരം, പരിശുദ്ധാത്മാവിനെ അയയ്ക്കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്യുന്നു, പരിശുദ്ധാത്മാവ് നമ്മെ നയിക്കുകയും അനുഗമിക്കുകയും നമ്മുടെ ദൗത്യത്തില്‍ പിന്തുണയ്ക്കുകയും ആത്മീയ പോരാട്ടങ്ങളില്‍ നമുക്കായി പ്രതിരോധം തീര്‍ക്കുകയും ചെയ്യും.
ഇവിടെ യേശുവിന് നമ്മോടുള്ള സ്‌നേഹം വ്യക്തമായി കാണാം. നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സാന്നിധ്യമാണ് അവന്റേത്. നേരെമറിച്ച്, അവന്‍ നമുക്കായി ഇടം നല്‍കുന്നു. യഥാര്‍ത്ഥ സ്‌നേഹം എല്ലായ്‌പ്പോഴും ഒരു സാമീപ്യം സൃഷ്ടിക്കുന്നു. ആ സാമീപ്യം നമ്മെ പരിമിതപ്പെടുത്തുന്നില്ല. യഥാര്‍ത്ഥ സ്‌നേഹം നമ്മെ കാര്യദര്‍ശിയാക്കുന്നു.
സ്വന്തം ശരീരത്താല്‍ ഏതാനും പേരുടെ അരികിലായിരിക്കുന്നതിനുപകരം സ്വര്‍ഗാരോഹണത്തിലൂടെ, പരിശുദ്ധാത്മാവിനാല്‍ എല്ലാവരുടെയും ചാരത്തായിരിക്കാന്‍ യേശു ആഗ്രഹിക്കുന്നു. സുവിശേഷത്തിന്റെ സാക്ഷികളാക്കി നമ്മെ മാറ്റാന്‍, പരിശുദ്ധാത്മാവ് സമയത്തിന്റെയും സ്ഥലത്തിന്റെയും പ്രതിബന്ധങ്ങള്‍ക്കതീതമായി യേശുവിനെ നമ്മില്‍ സന്നിഹിതനാക്കുന്നു.
സ്വര്‍ഗാരോഹണത്തിന് മുന്‍പ് യേശു ചെയ്ത രണ്ടാമത്തെ പ്രവൃത്തി അപ്പൊസ്‌തോലന്മാരെ അനുഗ്രഹിക്കുക എന്നതാണ്. അതൊരു പൗരോഹിത്യ പ്രവര്‍ത്തിയാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ ജീവിതത്തിലെ മഹാപുരോഹിതനാണ് യേശു എന്ന് സുവിശേഷം നമ്മോട് പറയുന്നു. നമ്മുടെ മാനവികത പിതാവിനു സമര്‍പ്പിക്കാന്‍, നമുക്കുവേണ്ടി മദ്ധ്യസ്ഥത വഹിക്കാന്‍ യേശു പിതാവിന്റെ അടുക്കലേക്കു ആരോഹണം ചെയ്യപ്പെടുന്നു. അങ്ങനെ പിതാവിന്റെ കണ്‍മുമ്പില്‍ യേശുവിന്റെ മനുഷ്യത്വത്തോടൊപ്പം, നമ്മുടെ ജീവിതങ്ങളും പ്രതീക്ഷകളും മുറിവുകളും എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും.
പിതാവായ ദൈവത്തോടൊപ്പം സ്വര്‍ഗത്തില്‍ ഒരു ഇടം നമുക്കായി ഒരുക്കാനാണ് യേശു സ്വര്‍ഗാരോഹണം ചെയ്യുന്നത്.
സുവിശേഷത്തിന്റെ സാക്ഷികളായാണ് യേശുവിന്റെ അനുഗ്രഹത്തോടു നാം പ്രതികരിക്കേണ്ടത്. ദൈവത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്ന സ്‌നേഹം അതേ തീവ്രതയില്‍ മറ്റുള്ളവരിലേക്കു ചൊരിയണമെന്നും പാപ്പാ പറഞ്ഞു.
നാം സുവിശേഷത്തിന്റെ യഥാര്‍ത്ഥ സാക്ഷികളാണോ എന്ന് സ്വയം ചോദിക്കാം. മറ്റുള്ളവരെ സ്വതന്ത്രരാക്കി വിടുകയും അവര്‍ക്ക് ഇടം നല്‍കുകയും ചെയ്തുകൊണ്ട് അവരെ സ്‌നേഹിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്ന് ചോദിക്കാം.
നമ്മുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനു പകരം പരസ്പരം പ്രാര്‍ത്ഥിക്കാനും സേവിക്കാനും എല്ലാവര്‍ക്കും കഴിയണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു.
ലോക സമാധാനത്തിനു വേണ്ടിയും പ്രതീക്ഷകളിലും കഷ്ടപ്പാടുകളിലും മാദ്ധ്യസ്ഥ്യം വഹിക്കാന്‍ നമുക്ക് മധ്യസ്ഥ പ്രാര്‍ത്ഥന ചൊല്ലാം. എല്ലാ ദിവസവും നാം കണ്ടുമുട്ടുന്നവരെ നമ്മുടെ കണ്ണുകളാലും വാക്കുകളാലും അനുഗ്രഹിക്കാമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.