രക്തസാക്ഷിത്വ മകുടം ചൂടിയ വിശുദ്ധരായ മാര്‍സെല്ലിനൂസും പീറ്ററും

രക്തസാക്ഷിത്വ മകുടം ചൂടിയ വിശുദ്ധരായ മാര്‍സെല്ലിനൂസും പീറ്ററും

അനുദിന വിശുദ്ധര്‍ - ജൂണ്‍ 02

വിശുദ്ധ മാര്‍സെല്ലിനൂസ് ഒരു പുരോഹിതനും വിശുദ്ധ പീറ്റര്‍ ഒരു ഭൂതോഛാടകനായ ശെമ്മാശനുമായിരുന്നു. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മത പീഡന കാലത്ത് 304 ലാണ് ഇരുവരും വധിക്കപ്പെട്ടത്. ജയിലില്‍ കഴിയവേ സഹ തടവുകാരെയും ജയിലര്‍ അര്‍ത്തേമിയൂസിനെയും അവര്‍ മാനസാന്തരപ്പെടുത്തി.

അങ്ങനെയിരിക്കെ ന്യായാധിപന്റെ രഹസ്യ ഉത്തരവ് വഴി അവരെ കൊല്ലുവാന്‍ നിയോഗിക്കപ്പെട്ടയാള്‍ അവരെ ഒരു വനത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. മുള്ളുകളും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശത്ത് അവരെ എത്തിച്ചതിനു ശേഷം ഇരുവരെയും കൊല്ലുവാനുള്ള തന്റെ ദൗത്യത്തെകുറിച്ച് പടയാളി വിശുദ്ധരോടു വെളിപ്പെടുത്തി. ഇത് മാര്‍സെല്ലിനൂസും പീറ്ററും വളരെ സന്തോഷത്തോടു കൂടി സ്വീകരിച്ച് തങ്ങളുടെ കുഴിമാടം ഒരുക്കി.

തുടര്‍ന്ന് ഇരുവരെയും ശിരഛേദം ചെയ്ത് അതേ സ്ഥലത്ത് തന്നെ അവരെ അടക്കം ചെയ്യുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം ലൂസില്ല എന്ന് പേരായ ഭക്തയായ സ്ത്രീ ഒരു വെളിപ്പാട് മുഖേനെ ഇതിനേക്കുറിച്ച് അറിയുകയും ഫിര്‍മിനാ എന്ന് പേരായ മാറ്റൊരു സ്ത്രീക്കൊപ്പം വിശുദ്ധരുടെ മൃതദേഹങ്ങള്‍ അവിടെ നിന്നും മാറ്റുകയും വിശുദ്ധ തിബര്‍ത്തിയൂസിന്റെ ശവകുടീരത്തിനു സമീപമായി ലവിക്കന്‍ റോഡിലുള്ള ഭൂഗര്‍ഭ ശവകല്ലറയില്‍ അടക്കം ചെയ്യുകയും ചെയ്തു.

ഗ്രന്ഥാലയ സൂക്ഷിപ്പുകാരനായിരുന്ന അനസ്താസിയൂസ് പുരാണ രേഖകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മഹാനായ കോണ്‍സ്റ്റന്റൈന്‍ ഈ വിശുദ്ധരുടെ ആദരണാര്‍ത്ഥം അവിടെ ഒരു ദേവാലയം പണികഴിപ്പിച്ചു. അദ്ദേഹത്തിന്റെ മാതാവായ ഹെലേനയെ ഈ ദേവാലയത്തിലാണ് അടക്കം ചെയ്തത്. ഇക്കാര്യങ്ങള്‍ ബീഡ്, അഡോ, സിഗെബെര്‍ട്ട് തുടങ്ങിയവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഹെലേനയുടെ സ്മാരക മണ്ഡപം ഇപ്പോഴും ആ ബസലിക്കയിലുണ്ട്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഐറിഷുകാരനായ അദല്‍ജിസ്

2. കാര്‍ണര്‍വോണിലെ ബോഡ്ഫാന്‍

3. ലിയോണ്‍സിലെ ബിബ്ലിസ്, അത്താലൂസ്, അലക്‌സാണ്ടര്‍, ബ്ലാന്തിനാ

4. ലിയോണ്‍സിലെ ഫോത്തിനൂസ്, സാങ്ക്‌സിയൂസ് വേസിയൂസ്, എപ്പഗാത്തൂസ്, മത്തൂരൂസ്, പോന്തിക്കുസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26