കോണ്‍ഗ്രസിന്റെ മാറുന്ന മുഖം; ഉമാ തോമസിന്റെ ലീഡ് 23,000 ത്തിലേക്ക്

കോണ്‍ഗ്രസിന്റെ മാറുന്ന മുഖം; ഉമാ തോമസിന്റെ ലീഡ് 23,000 ത്തിലേക്ക്

കൊച്ചി: കോണ്‍ഗ്രസിന്റെ മാറുന്ന മുഖം എന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കി തൃക്കാക്കരയില്‍ യുഡിഎഫിന്റെ അതിശക്തമായ മുന്നേറ്റം. വോട്ടെണ്ണല്‍ പത്താം റൗണ്ടിലേക്ക് എത്തുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ ഭൂരിപക്ഷം 22,483 ല്‍ എത്തി.

മണ്ഡലം രൂപീകൃതമായ ശേഷം 2011 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാന്‍ നേടിയ 22,404 എന്ന റെക്കോഡ് ഭൂരിപക്ഷവും മറുകടന്നുള്ള മുന്നേറ്റമാണ് ഉമാ തോമസ് കാഴ്ച വയ്ക്കുന്നത്. ഇത് കോണ്‍ഗ്രസിന് നല്‍കിയിട്ടുള്ള ആത്മവിശ്വാസം ഏറെയാണ്.

വിജയത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ വരട്ടേയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യ പ്രതികരണം. തന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വ്വഹിച്ചുവെന്നാണ് കരുതുന്നതെന്ന് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് പറഞ്ഞു. പരാജയം ഇഴകീറി പാര്‍ട്ടി അന്വേഷിക്കും. സഹകരിച്ച എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും അപ്രതീക്ഷിത വിജയത്തില്‍ ആറാടുമ്പോള്‍ ഇടതു മുന്നണി പ്രവര്‍ത്തകരും നേതാക്കളും പൊതുവേ മൗനത്തിലാണ്. പരാജയം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പരാജയമല്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് കേന്ദ്രങ്ങളിലും യുഡിഎഫ് വ്യക്തമായ മുന്നേറ്റമാണ് നടത്തിയത്. പോളിങ് ശതമാനം കുറഞ്ഞെങ്കിലും യുഡിഎഫ് വോട്ടുകളില്‍ കാര്യമായ കുറവ് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

പി.ടിതോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഡോ.ജോ ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണനും അങ്കക്കളരിയിലുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.