"പ്രാവുകളേപ്പോലെ നിഷ്ക്കളങ്കരും പാമ്പുകളേപ്പോലെ വിവേകികളുമായിരിക്കുവിൻ"


വളരെ സങ്കീർണ്ണമായ സാഹചര്യത്തിലൂടെയാണു നാം ഇന്നു കടന്നുപോകുന്നത്. ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണ്. അതായതു ഇന്ത്യയിൽ ഏതു മതങ്ങളിലും വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. അതുതന്നെയാണു നമ്മുടെ രാജ്യത്തെ വ്യത്യസ്തമാക്കുന്നതും. നാനാത്വത്തിലെ ഏകത്വം. എന്നാൽ ഈ അടുത്ത കാലയളവിൽ നമ്മുടെ കൊച്ചു കേരളത്തിൽ സൗഹാർദ്ദാന്തരീക്ഷം സൃഷ്ടിക്കേണ്ട മതങ്ങൾ വർഗ്ഗീയതയുടെ വിഷം ചീറ്റുന്ന അവസ്ഥയിലേക്കു തരം താഴുന്ന കാഴ്ച വളരെ വിഷമത്തോടെ നാം കാണുകയുണ്ടായി. മാധ്യമങ്ങളുടേയും സോഷ്യൽമീഡിയായുടേയുമെല്ലാം സത്യം മനസ്സിലാക്കാതെയുള്ള ഇടപെടലുകൾ മതവർഗ്ഗീയത വളർത്തുന്ന നിലയിലേക്കു നീങ്ങുകയാണ്. മനസ്സിനു മരുന്നാകേണ്ട മതങ്ങൾ മനസ്സിൽ മുറിവായി മാറുകയാണ്. മതത്തിന്റെ പേരിൽ ഒരു വർഗ്ഗീയ കലാപംപോലും പൊട്ടിപ്പുറപ്പെടാം എന്ന നിലയിലേക്കു കാര്യങ്ങൾ നീങ്ങുന്നതു തികച്ചും വേദനാജനകമാണ്. അനാവശ്യ പരാമർശങ്ങളിലൂടെയും പ്രകോപിതമായ വാക്കുകളിലൂടെയും മറ്റു മതങ്ങളുടെ സ്വാതന്ത്ര്യത്തിലുള്ള ഇടപെടലുകളും അവരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമെല്ലാം പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയല്ല. നേരു പറയുന്നവരെ ഒറ്റപ്പെടുത്തിയും സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും കാപട്യത്തിന്റെ മുഖംമൂടിയിൽ മിനുക്കി അവതരിപ്പിക്കുന്ന രീതി ഇന്നു അനിയന്ത്രിതമായി വർദ്ധിച്ചിരിക്കുകയാണ്. ക്രൈസ്തവസമൂഹത്തിനെതിരേ ഈ ചുരുങ്ങിയ കാലയളവിൽ വളർന്നുവന്ന, വളർന്നുകൊണ്ടിരിക്കുന്ന നശീകരണസ്വഭാവമുള്ള പ്രസ്താവനകളും സംഘടിതനീക്കങ്ങളും നാം കണ്ടുകൊണ്ടിരിക്കുകയാണ്.

ഇതു തിരിഞ്ഞുനോട്ടത്തിന്റെ സമയമാണ്. സ്വയം വിശകലനം ചെയ്യലിന്റേയും തിരുത്തലിന്റേയും നിമിഷങ്ങളാണ്. ഒന്നാലോചിച്ചു നോക്കൂ. ഇത്തരം പ്രതിസന്ധികളിലേക്കു നമ്മെ തള്ളിവിട്ടതിനു ഉത്തരവാദികൾ ആരാണ്? എങ്ങനെയാണു ഇങ്ങനെയൊരു പ്രതികൂല സാഹചര്യത്തിലേക്കു നാം എത്തിപെടേണ്ടി വന്നത്? ഇരുത്തി ചിന്തിച്ചാൽ മനസ്സിലാവും ഇതിന്റെ ഉത്തരവാദികൾ ഞാനും നിങ്ങളുമാണെന്ന്.

കൂടുമ്പോൾ ഇമ്പമുള്ളതാണു കുടുംബം. അല്ലാത്തപക്ഷം അതുവെറും വീടു മാത്രമാണ്. ചങ്ങല ബലമുള്ളതാകുന്നതു അതിലെ ഓരോ കണ്ണിയും ഒരുമിച്ചു നിൽക്കുമ്പോഴാണ്. ഒരു സമൂഹത്തിന്റെ അഥവാ നാടിന്റെ ബലം അവിടുത്തെ നാട്ടുകാരുടെ കൂട്ടായ്മയാണ്. ഒരുമയുടെ കാര്യത്തിൽ നാം എവിടെ നിൽക്കുന്നു എന്ന ചോദ്യം വളരെ പ്രസക്തമായ സമയമാണിത്. നമ്മുടെ മേലധികാരികളും സഭാദ്ധ്യക്ഷൻമാരും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ നാം തയ്യാറാകുന്നുണ്ടോ? ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ അച്ചൻമാരേയും സന്ന്യാസിനികളേയും ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഞാനും നിങ്ങളുമൊക്കെ മുന്നിലായിരുന്നില്ലേ?  അതിന്റെ പേരിൽ മാനസ്സികവ്യഥ അനുഭവിക്കുന്നതു സ്വന്തം ജീവിതവും സമയവും നമുക്കും സമൂഹത്തിനുമായി മാറ്റിവച്ച ഒരുകൂട്ടം നല്ല മനുഷ്യരാണ്. അവരെ ഉൾപ്പെടെയാണു നാം വിചാരണ ചെയ്യുന്നതും സംശയങ്ങളുടെ മുൾമുനയിൽ നിർത്തുന്നതും. ഒരാളുടെ തെറ്റ് ചൂണ്ടികാണിച്ചു പുരോഹിതരെയോ സന്യാസികളെ മുഴുവനായോ കുറ്റപ്പെടുത്തുന്ന രീതി തെറ്റാണ്. 

നമ്മുടെ ഇടവകകളിലും വലിയപള്ളികളിലുമൊക്കെ ചെറുതും വലുതുമായ എത്രയോ പ്രശ്നങ്ങളുടെ പേരിലാണു നാം തമ്മിലടിക്കുകയും പരസ്പരം പഴിചാരുകയും ചെയ്യുന്നത്. ഒരു കാര്യം നാം മനസ്സിലാക്കണം, പ്രശ്നങ്ങളില്ലാത്ത മേഖലകളില്ല, പ്രസ്ഥാനങ്ങളില്ല, സംഘടനകളില്ല. അതു മനുഷ്യസഹജമാണ്. എന്നാൽ പ്രശ്നങ്ങളെ നാം നേരിടുന്നതും കൈകാര്യം ചെയ്യുന്നതുമായ രീതികളാണു നമ്മുടെ വളർച്ചയും തളർച്ചയും നിർണ്ണയിക്കുന്നത്. എന്റെ കുടുംബപ്രശ്നം തെരുവിലേക്കു വലിച്ചിഴച്ചാൽ കാണുമ്പോൾ നമ്മോട് സഹതപിക്കുന്നവരും പിന്നീട് മതിലിന്റെ മറവിലിരുന്നു ചിരിക്കുകയേയുള്ളൂ എന്ന പരമാർത്ഥം നാം മനസ്സിലാക്കണം. പ്രശ്നങ്ങൾ പരിഹരിക്കേണ്ടിടത്തു വച്ചു തന്നെ പരിഹരിക്കപ്പെടണം. ചർച്ചകൾ നടക്കേണ്ടിടത്തു തന്നെ അതു നടക്കണം. വിമർശനങ്ങൾ ഉയർത്തേണ്ട തലങ്ങളിൽ മാത്രം അതുയർത്തണം. അറിയേണ്ട വിഷയങ്ങൾ അറിയേണ്ടവരുമാത്രമറിയണം. അല്ലാത്തപക്ഷം കണ്ണിവേർപെട്ട ചങ്ങലപോലെ ബന്ധങ്ങൾ ദുർബലമാകും. അതു മറ്റുള്ളവർക്കു മുതൽക്കൂട്ടാകുകയും ചെയ്യും. ഇതുതന്നെയല്ലേ സംഭവിക്കുന്നത്? നൂറുപേരുള്ള ഒരു സമൂഹം നൂറാശയങ്ങളുമായി പലവഴിയിൽ പോകുന്നതാണോ അതോ അൻപതുപേരുള്ള ഒരു സമൂഹം ഒരാശയമായി ഒരു കുടക്കീഴിൽ ചേരുന്നതാണോ ബലം എന്നു ചിന്തിക്കുന്നതു നന്ന്.

പ്രിയരേ, നമ്മുടെ ഇടയൻമാരെ, നമ്മെ നയിക്കുന്നവരെ ബഹുമാനിക്കുവാനും ആദരിക്കുവാനും നാം തയ്യാറാകണം. കുറ്റപ്പെടുത്തുന്നതിനു മുൻപു കുറഞ്ഞപക്ഷം യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുവാൻ നാം തയ്യാറാകണം. "വലതു കൈ ചെയ്യുന്നതു ഇടതു കൈ അറിയരുത്" എന്ന വചനം അന്വർത്ഥമാക്കി ആരുമറിയാതെ സേവനം ചെയ്യുന്ന ഒത്തിരി അച്ചൻമാരും സന്ന്യാസിനികളും നമുക്കുണ്ട്. അവരൊക്കേയുമാണു നമ്മുടെ ശക്തി. തളർന്നുപോകാമായിരുന്ന പല സാഹചര്യങ്ങളിലും താങ്ങും തണലുമായി മാറുന്നവർ. പലപ്പോഴും നമ്മുടെ ജീവിതത്തിലെ സെക്കന്റ് സൂചികളായി മാറുന്നവർ. സഭയുടേയും സമൂഹത്തിന്റേയും വളർച്ചക്കും നന്മക്കുമായി അവരെടുക്കുന്ന തീരുമാനങ്ങളെ അംഗീകരിക്കാനാവാതെ സമൂഹത്തിന്റെ മുന്നിൽ വലിച്ചിഴച്ചു പ്രശ്നങ്ങൾ സങ്കീർണ്ണമാക്കാൻ നാം ശ്രമിച്ചിട്ടില്ലേ? ചിന്തിക്കേണ്ടിയിരിക്കുന്നു. തെറ്റുകൾ അവർക്കും സംഭവിക്കാം, അവരും മനുഷ്യരാണ്. എന്നാൽ അതൊക്കെ പറയേണ്ടിടത്തു പറയുവാനും പരിഹാരം കാണേണ്ടിടത്തു പരിഹരിക്കുവാനും നാം തയ്യാറാവണം. അല്ലാത്തപക്ഷം ശക്തി ക്ഷയിക്കുക തന്നെ ചെയ്യും. നമുക്കു ചുറ്റുമൊന്നു കണ്ണോടിക്കൂ, ഏതൊക്കെ സമുദായങ്ങളാണു അവരുടെ ആഭ്യന്തര വിഷയങ്ങളും പ്രശ്നങ്ങളും തെരുവുകളിൽ ചർച്ചക്കു വിധേയമാക്കുന്നത്? ഇടയന്റെയൊപ്പം നീങ്ങുമ്പോഴാണു ആടുകൾ കൂടണയുന്നത്. അല്ലാത്തപക്ഷം ചെന്നായ്ക്കൾ ജീവനപഹരിക്കും എന്ന സത്യം ഈ അസ്തമയ സമയത്തെങ്കിലും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. യാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്നു നടിക്കരുത്. ഏകീകൃത കുർബാനക്രമം എന്ന വിഷയത്തിൽ തന്നെ നമ്മുടെ പരിശുദ്ധ പിതാവിന്റെ നിർദ്ദേശങ്ങൾപോലും കാറ്റിൽ പറത്തിയും പുല്ലുവില കൽപ്പിച്ചും ഒരുകൂട്ടം ഇടയൻമാരും ആട്ടിൻപറ്റവും തെരുവിലിറങ്ങിയ കാഴ്ച നമ്മുടെ കണ്ണുകൾ നനയിച്ചതും മറ്റുള്ളവർക്കു ദൃശ്യാനുഭവം പകർന്നതും നാം കണ്ടതാണ്. ഇതൊരുദാഹരണം മാത്രം. പ്രിയരേ, ഓർക്കുക ഈ സമയമെല്ലാം നമ്മുടെ കൂട്ടായ്മയുടെ കരുത്തു കുറയുകയായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ അറിയാതെ നാം കോമാളികളായി മാറി. കാലഘട്ടത്തിനനിവാര്യമായ തിരുത്തലുകൾ വരുത്താൻ നാം ഇനിയെങ്കിലും തയ്യാറാകണം. നമ്മുടെ മെത്രാൻമാരും മേലധികാരികളും സഭയുടെ ഉന്നമനത്തിനും വളർച്ചക്കുമായി എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കുവാനും വ്യക്തിതാത്പര്യങ്ങളേക്കാലുപരി പൊതുനന്മക്കു പ്രാധാന്യം നൽകുവാനും നമുക്കു സാധിക്കണം. വിമർശനങ്ങൾ ഉയരേണ്ട എന്നല്ല ഉദ്ദേശിച്ചത്, എന്നാൽ കുടുംബങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടതു കുടുംബത്തു തന്നെ ചർച്ചയാകണം.

നമ്മുടെ മക്കളെ ഡോക്ടറും എൻജിനിയറും മറ്റുപലതുമാക്കാനുള്ള തത്രപ്പാടുകളിൽ നാം മുഴുകിയപ്പോൾ വിശ്വാസപരിശീലനങ്ങൾക്കുള്ള സ്ഥാനമൊക്കെ ഏറ്റവും കീഴിലായിപോയി എന്നതു നഗ്നമായ സത്യമാണ്. മറ്റു പഠനങ്ങൾക്കൊപ്പം തന്നെ വിശ്വാസപരിശീലനത്തിനും തുല്യപ്രാധാന്യം നൽകപ്പെടണം. വിശ്വാസപരിശീലനങ്ങൾ കാലഘട്ടത്തിനനുയോജ്യമായി നവീകരിക്കപ്പെടേണ്ടിയിരിക്കുന്നു. അതുപോലെ കൂടുതൽ സജീവവുമാകണം. വെറും പുസ്തക പഠനങ്ങളിൽ മാത്രമൊതുങ്ങുന്ന ഒരു പ്രക്രിയയായി മാറാതെ പരിശീലനവേദികളായി നമ്മുടെ സൺഡേ സ്ക്കൂളുകൾ മാറണം. പഠനത്തോടൊപ്പം തന്നെ സമൂഹത്തെ ചേർത്തു നിർത്തുന്ന, സമൂഹത്തിന്റെ ഭാഗമായി മാറണം നമ്മുടെ വിശ്വാസപരിശീലനങ്ങൾ. ഓരോ അധ്യയനവർഷങ്ങളിലും പുതുമയുള്ള പരിപാടികൾ പാഠ്യപദ്ധതികളിൽ ഉൾക്കൊള്ളിക്കണം.ഒപ്പംതന്നെ നമ്മുടെ മതാധ്യാപകരെ ആദരിക്കുവാനും ബഹുമാനിക്കുവാനും നാം തയ്യാറാകണം. സ്വന്തം കുടുംബത്തോടൊപ്പം ചിലവഴിക്കാവുന്ന നിമിഷങ്ങളാണു നമുക്കുവേണ്ടി അവർ മാറ്റിവയ്ക്കുന്നത്. ഒത്തിരിയേറെ തിരക്കുകളുള്ളവരാണെല്ലാവരും, പക്ഷേ ഒരു ലാഭേച്ചയുമില്ലാതെ, നിസ്വാർത്ഥമായി സേവനം ചെയ്യുവാൻ മുന്നിട്ടിറങ്ങിയവരാണവർ. കൈയ്യടിക്കുന്നില്ലെന്നതു പോട്ടെ, എന്നാൽ സാഹചര്യം കിട്ടുമ്പോഴെല്ലാം ഈ ലേഖനമെഴുതുന്ന ഞാനുൾപ്പെടെ അവരെ പരിഹസിക്കാനും ഇകഴ്ത്തിക്കാട്ടാനും മുൻപന്തിയിലായിരുന്നില്ലേ എന്നു ഹൃദയത്തിൽ തൊട്ടു ചിന്തിക്കേണ്ടിയിരിക്കുന്നു. എന്റെ അറിവിൽ അവർക്കു കിട്ടുന്ന ആകെ പ്രതിഫലം ക്ലാസുകൾക്കു ശേഷമുള്ള ഒരു ചായയും ഒരു വടയുമാണ്. അവരെ ആദരിക്കുവാനും ബഹുമാനിക്കുവാനും നാം പഠിക്കണം. മനോഭാവങ്ങൾ തിരുത്തപ്പെടണം.

ചില നിർദ്ദേശങ്ങൾ:
1. പ്രധാനദിനങ്ങളിൽ പല ഗ്രൂപ്പുകളായി തിരിഞ്ഞു പരിസരപ്രദേശങ്ങളും റോഡുകളും, പള്ളിക്കൂടങ്ങളും വൃത്തിയാക്കാവുന്നതും ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചു മനോഹരമാക്കാവുന്നതുമാണ്. ഒരു അധ്യയനവർഷത്തിൽ രണ്ടോ മൂന്നോ തവണ ഇതുപോലുള്ള പ്രവർത്തനങ്ങൾ നടത്താം.
2. അനാഥാലയങ്ങളും അഗതിമന്ദിരങ്ങളും മറ്റും സന്ദർശിക്കുവാനും അവർക്കുവേണ്ടി സമയം ചിലവഴിക്കാനും പറ്റുന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിക്കാം.
3. ബൈബിളിനേയും മറ്റു സാമൂഹികപ്രസക്തമായ വിഷയങ്ങളേയും സംബന്ധിക്കുന്ന പ്രദർശനങ്ങൾ ക്രമീകരിക്കാം.
4. ലൈബ്രറികൾ കൂടുതൽ സജീവമാക്കാം.
5. ആനുകാലിക പ്രസക്തവിഷയങ്ങളിൽ കുട്ടികളുടേയും യുവാക്കളുടേയും പങ്കാളിത്തത്തോടുകൂടി സംവാദങ്ങൾ സംഘടിപ്പിക്കാം.
5. അനീതിക്കും അസത്യങ്ങൾക്കും എതിരെ അണിചേരുവാനും പ്രതിഷേധിക്കേണ്ട അവസരങ്ങളിൽ സമാധാനപരമായി പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുവാനും സമയം കണ്ടെത്താം.
6. വിനോദയാത്രകൾ, സെമിനാറുകൾ, കരിയർഗൈഡൻസ് സെല്ലുകൾ, കൗൺസിലിംഗ് സൗകര്യങ്ങൾ, പ്രസക്ത വിഷയങ്ങളിൽ വിദഗ്ദരുടെ പരിശീലനങ്ങളും ക്ലാസുകളുമൊക്കക്കൊണ്ടു നമ്മുടെ പാഠ്യപദ്ധതികൾ സമ്പന്നമാകണം.
7. സാമൂഹികപ്രതിബദ്ധതയുള്ളവരായി കുട്ടികൾ വളരണം. പഠനത്തോടൊപ്പം പരിശീലനങ്ങളും പ്രവർത്തനങ്ങളും കോർത്തിണക്കി കൂടുതൽ ആസ്വാദ്യകരമാകണം നമ്മുടെ വിശ്വാസപരിശീലന വേദികൾ.
8. കുട്ടികൾക്കു പ്രോത്സാഹനവും അവാർഡുകളും നൽകണം.
9. മതാധ്യാപകർക്കു കാലഘട്ടത്തിനനുയോജ്യമായ പരിശീലനങ്ങൾ നൽകണം.
10. പ്രവർത്തന മികവു തെളിയിക്കുന്ന മതാധ്യാപകരെ ഇടവകതലം മുതൽ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും അവാർഡുകൾ നൽകുകയും ചെയ്യണം.
11. നമ്മുടെ സംഘടനാ പ്രവർത്തനങ്ങൾ തഴേത്തട്ടു മുതൽ ശക്തിപ്പെടുത്തണം. മിഷ്യൻലീഗു മുതൽ മുതിർന്നവർക്കുള്ള മാതൃ, പിതൃവേദികൾ വരെ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പുവരുത്തണം.
12. കുടുംബക്കൂട്ടായ്മകൾ കൂടുതൽ സജീവമാകണം. കൂട്ടായ്മകളിൽ കുട്ടികളുടേയും യുവാക്കളുടേയും ഭാഗദേയം ഉറപ്പുവരുത്തണം.
13. ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കഴിവുള്ള കുട്ടികൾക്കു അഭിരുചിയനുസരിച്ചു വഴികാട്ടുവാനും സർക്കാർ തസ്തികകളിലേക്കുള്ള (പ്രത്യേകിച്ചും സിവിൽ സർവ്വീസ് പോലുള്ള) പരിശീലനങ്ങൾ നൽകണം. ഇതിനുവേണ്ട സൗകര്യങ്ങൾ അതിരൂപതാ തലങ്ങളിൽ ലഭ്യമാണ്. സാധ്യമായ എല്ലാ ആധുനിക ഡിജിറ്റൽ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തണം.

ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയങ്ങളിൽ ചെയ്യുവാനുള്ള ആർജ്ജവം ഇനിയെങ്കിലും നാം കാട്ടണം. കതിരിൽ വളം വച്ചിട്ടു കാര്യമില്ലല്ലോ? വളം ഇടേണ്ടിടത്തും ഇടേണ്ട സമയത്തും ഇടണം. എങ്കിൽ മാത്രമേ കതിരു പതിരാവാതിരിക്കൂ. അവസാനം കല്ലു വലിച്ചെറിഞ്ഞിട്ടും തെരുവിൽ തെറിവിളിച്ചിട്ടും എന്തു പ്രയോജനം? അതു സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും വർഗ്ഗീയതയുടെ വിടവു വലുതാക്കാനുമേ ഉപകരിക്കൂ എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണം. ഒപ്പംതന്നെ ഓർക്കുക എപ്പോഴും നമ്മുടെ അവസാന വാക്ക് മേലധികാരികളും ഇടയൻമാരുമായിരിക്കണം. അവസരങ്ങൾ രാഷ്ട്രീയമായും മറ്റു പലരീതികളിലും മുതലെടുക്കുവാൻ പലരും കാത്തിരിക്കുന്നുണ്ടെന്നും നാം മനസ്സിലാക്കണം. വിഷയങ്ങളെ വികാരപരമായല്ല, വിവേകപൂർവ്വം കൈകാര്യം ചെയ്യാം. തീരുമാനങ്ങളെടുക്കാൻ നാം ആശയക്കുഴപ്പത്തിലാകുമ്പോൾ നമ്മുടെ മതമേലധ്യക്ഷൻമാരുടെ അഭിപ്രായം ആരാഞ്ഞു അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളാവുന്നതാണ്. ഒരേ വഴിയിൽ നമുക്കു നടക്കാം; ഐക്യത്തോടെ നമുക്കു മുന്നേറാം.

"നിങ്ങൾ പ്രാവുകളേപ്പോലെ നിഷ്കളങ്കരും പാമ്പുകളേപ്പോലെ വിവേകമുള്ളവരുമായിരിക്കുവിൻ" (മത്തായി 10: 16)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.