ദശാബ്ദങ്ങൾക്ക് ശേഷം മ്യാൻമറിൽ വീണ്ടും വധശിക്ഷ; ഓങ് സാൻ സൂചി സർക്കാരിലെ മുൻ എംപിയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് ഭരണകൂടം

ദശാബ്ദങ്ങൾക്ക് ശേഷം മ്യാൻമറിൽ വീണ്ടും വധശിക്ഷ; ഓങ് സാൻ സൂചി സർക്കാരിലെ മുൻ എംപിയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് ഭരണകൂടം

മ്യാൻമർ: ദശാബ്ദങ്ങൾക്ക് ശേഷം മ്യാൻമറിൽ വീണ്ടും വധശിക്ഷ നടപ്പാക്കുന്നു. വിമോചന സമര നേതാവ് ഓങ് സാൻ സൂചിയുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ മുൻ എംപി ഫിയോ സയാർ ഥായുടെ വധശിക്ഷയാണ് മ്യാൻമർ പട്ടാള ഭരണകൂടം നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇയാൾക്കൊപ്പം ജനാധിപത്യ പ്രവർത്തകനായ കൊ ജിമ്മിയുടെ വധശിക്ഷയും നടപ്പാക്കും.

രാജ്യദ്രോഹം, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തി ജനുവരിയിൽ സൈനിക ട്രൈബ്യൂണൽ ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിനെതിരെ ഇരുവരും നൽകിയ അപ്പീൽ കോടതി തള്ളിയതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കാനുള്ള നടപടികളിലേക്ക് ഭരണകൂടം കടന്നിരിക്കുന്നത്. 

വധശിക്ഷ നടപ്പാക്കാനുള്ള പട്ടാള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ്. ഇത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.

മൗലിക സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും വിനിയോഗിച്ചതിനു വധശിക്ഷ നടപ്പാക്കുന്നത് അപരിഷ്‌കൃതമാണെന്നും ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പിൻവലിക്കണമെന്നും മ്യാൻമറിലെ എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടൻ മോചിപ്പിക്കണമെന്നും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. 

ഇവർക്ക് നേരത്തെ തന്നെ അപ്പീൽ പോകാൻ അവസരം ഉണ്ടായിരുന്നു എന്നാണ് ഭരണകൂടത്തിന്റെ വക്താവ് സോ മിൻ ടൺ പറയുന്നത്. അന്ന് അവർ തീരുമാനം എടുത്തിരുന്നേൽ വധശിക്ഷ ഒഴിവാക്കാമായിരുന്നു. എന്നാൽ എപ്പോൾ വധശിക്ഷ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. 

കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് മ്യാൻമറിൽ വധശിക്ഷ വിധിക്കാറുണ്ടെങ്കിലും പതിറ്റാണ്ടുകളായി അതു നടപ്പാക്കിയിട്ടില്ല. 1976 ൽ രാഷ്ട്രീയ കുറ്റം ആരോപിച്ചു വിദ്യാർത്ഥി നേതാവായ സലായ് ടിൻ മാങ് ഓയെ തൂക്കിലേറ്റിയതാണ് മ്യാൻമറിൽ അവസാനമായി നടപ്പാക്കിയ ജുഡീഷ്യൽ വധശിക്ഷ.

2020 നവംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച ഓങ് സാൻ സൂകിയുടെ എൻഎൽഡി സർക്കാരിനെ അട്ടിമറിച്ചാണ് സൈന്യം അധികാരമേറ്റത്. അതിനു ശേഷം രണ്ട് കുട്ടികൾ ഉൾപ്പെടെ 114 രാഷ്ട്രീയ കുറ്റവാളികൾക്ക് മ്യാൻമർ കോടതികൾ വധശിക്ഷ വിധിച്ചിരുന്നു. അവയൊക്കെ പിന്നീട് ജീവപര്യന്തമായി ശിക്ഷ കുറക്കുകയും ചെയിതു. എന്നാൽ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് കൊ ജിമ്മിക്കും ഫിയോ സയാർ ഥാക്കും തിരിച്ചടിയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.