ജര്‍മ്മനിയുടെ അപ്പസ്തോലനായ വിശുദ്ധ ബോനിഫസ്

ജര്‍മ്മനിയുടെ അപ്പസ്തോലനായ വിശുദ്ധ ബോനിഫസ്

അനുദിന വിശുദ്ധര്‍ - ജൂണ്‍ 05

ഇംഗ്ലണ്ടിലെ ഡെവോണ്‍ഷയറില്‍ 680 ല്‍ ആയിരുന്നു ബോനിഫസിന്റെ ജനനം. വിന്‍ഫ്രിഡ് എന്നായിരുന്നു മാമ്മോദീസാ പേര്. വിശുദ്ധരായ സന്യാസിമാരുമായുള്ള ഇടപഴകല്‍ വിന്‍ഫ്രിഡിനെ ആത്മീയ വഴിയിലേക്ക് തിരിച്ചു. മുപ്പതാം വയസില്‍ ബെനഡിക്ടന്‍ പുരോഹിതനായ അദ്ദേഹം ആദ്യം ഫീസ് ലന്‍ഡിലും പിന്നീട് ജര്‍മ്മനിയിലും സുവിശേഷ പ്രഘോഷണം നടത്തി.

722 നവംബര്‍ 30 ന് ഗ്രിഗറി രണ്ടാമന്‍ പാപ്പാ വിന്‍ഫ്രിഡിനെ മെത്രാനായി അഭിഷേകം ചെയ്ത് പേര് ബോനിഫസ് എന്നാക്കി. പിന്നിട് ഹെസയിലേക്ക് തിരിച്ചു വന്ന അദ്ദേഹം അവിടെ ജൂപ്പിറ്ററിന് പ്രതിഷ്ഠിച്ചിരുന്ന ഒരു ഓക്ക് മരം വെട്ടിപ്പൊളിച്ച് ആ മരമുപയോഗിച്ച് വിശുദ്ധ പത്രോസിന്റെ നാമധേയത്തില്‍ ഒരു ദേവാലയം പണികഴിപ്പിച്ചു.

ഈ ധീരമായ പ്രവര്‍ത്തി ജര്‍മ്മനിയില്‍ സുവിശേഷത്തിന്റെ അന്തിമമായ വിജയം ഉറപ്പ് വരുത്തുന്നതായിരുന്നു. എന്നാല്‍ നിന്ദ്യമായ ജീവിതം നയിച്ചിരുന്ന അവിടത്തെ പുരോഹിതവൃന്ദം നിരന്തരം കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ദൈവത്തില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് ബോനിഫസ് തന്റെ പ്രയത്‌നത്തിന്റെ വിജയത്തിനായി ഇടതടവില്ലാതെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

വൈകാതെ അനേകര്‍ ക്രൈസ്തവര്‍ വിശ്വാസത്തിലേക്ക് കടന്നു വന്നു. 732 ല്‍ ഗ്രിഗറി മൂന്നാമന്‍ മാര്‍പാപ്പ ബോനിഫസിനെ മെത്രാപ്പോലീത്തയാക്കി വാഴിച്ചു. അന്നു മുതല്‍ അദ്ദേഹം തന്റെ മുഴുവന്‍ കഴിവും സമയവും ജര്‍മ്മനിയിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു.

കഴിവും യോഗ്യതയുമുള്ള മെത്രാന്‍മാരെ നിയമിക്കുകയും രൂപതയുടെ അതിര്‍ത്തി നിശ്ചയിക്കുകയും അല്‍മായരുടെയും പുരോഹിതന്‍മാരുടെയും ആത്മീയ ജീവിതം നവീകരിക്കുകയും ചെയ്തു. 742 നും 747 നും ഇടയ്ക്ക് ബോനിഫസ് മെത്രാപ്പോലീത്ത ദേശീയ സുനഹദോസുകള്‍ വിളിച്ചു കൂട്ടി.

ജര്‍മ്മനിയിലെ ആത്മീയ ജീവിതത്തിന്റെ കേന്ദ്രമായി മാറിയ ഫുള്‍ഡാ ആശ്രമം 744 ല്‍ വിശുദ്ധ ബോനിഫസാണ് സ്ഥാപിച്ചത്. 745 ല്‍ അദ്ദേഹം തന്റെ അതിരൂപതയായി മായെന്‍സിനെ തെരഞ്ഞെടുക്കുകയും പതിമൂന്നോളം രൂപതകളെ അതില്‍ അംഗമായി ചേര്‍ക്കുകയും ചെയ്തു.

വിശുദ്ധന്റെ തിരക്കേറിയ ജീവിതത്തിന്റെ അവസാന നാളുകള്‍ തന്റെ മുന്‍ഗാമികളെ പോലെ സുവിശേഷ പ്രഘോഷണങ്ങള്‍ക്കായാണ് അദ്ദേഹം ചിലവഴിച്ചിരുന്നത്. ഫീസ് ലന്‍ഡിലെ ജനങ്ങള്‍ വിശ്വാസത്തില്‍ നിന്നും അകന്നു പോയതായി 754 ല്‍ ബോനിഫസിന് വിവരം ലഭിച്ചു.

തന്റെ 74-ാമത്തെ വയസില്‍ യുവത്വത്തിന്റെ പ്രസരിപ്പോടെ വിശുദ്ധന്‍ ജനങ്ങളെ തിരികെ വിശ്വാസത്തിലേക്ക് കൊണ്ട് വരുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എന്നാല്‍ ആ ദൗത്യം പൂര്‍ണമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

വിശ്വാസ സമൂഹത്തെ ആഴമായ ബോധ്യത്തിലേക്ക് നയിക്കാന്‍ ഡോക്കുമിലേക്കുള്ള യാത്രാമധ്യേ അപരിഷ്‌കൃതരായ ഒരു സംഘം അവിശ്വാസികള്‍ വിശുദ്ധ ബോനിഫസിനെ വധിച്ചു. ജര്‍മ്മനിയുടെ അപ്പസ്‌തോലന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫ്രീസിയായിലെ അഡലാര്‍

2. ടയറിലെ ഡോറൊത്തെയൂസ്

3. സെനായിസ്, സിറിയാ, വലേറിയ, മാര്‍സിയാ

4. റോമന്‍ പടയാളികളായ അപ്പളോണിയസ്, മാര്‍സിയന്‍, നിക്കനോര്‍

5. പേറൂജിയായില്‍ വച്ചു വധിക്കപ്പെട്ട ഫ്‌ളോരെന്‍സിയസ്, ജൂലിയന്‍, സിറയാക്കൂസ്, മര്‍സെല്ലിനൂസ്, ഫവുസ്തിനൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.