ആഴമായ ആത്മീയതയില്‍ ജീവിച്ച വിശുദ്ധ റോബര്‍ട്ട് ന്യൂമിന്‍സ്റ്റര്‍

ആഴമായ ആത്മീയതയില്‍ ജീവിച്ച വിശുദ്ധ റോബര്‍ട്ട് ന്യൂമിന്‍സ്റ്റര്‍

അനുദിന വിശുദ്ധര്‍ - ജൂണ്‍ 07

ന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലെ ഗാര്‍ഗ്രേവിലാണ് വിശുദ്ധ റോബര്‍ട്ട് ജനിച്ചത്. പാരീസിലെ സര്‍വ്വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ റോബര്‍ട്ട് പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ഗാര്‍ഗ്രേവിലെ ഇടവക വികാരിയാവുകയും ചെയ്തു. 1132-ല്‍ അദ്ദേഹം വിറ്റ്ബിയിലെ ആശ്രമത്തിലെ സന്യാസിയായി.

ഇഗ്ലണ്ടില്‍ കര്‍ക്കശമായ ബെനഡിക്ടന്‍ നിയസംഹിത തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ത്തിയ കാരണത്തിന് 1139 ല്‍ യോര്‍ക്കിലെ സെന്റ് മേരീസ് ആശ്രമത്തിലെ 13 സന്യാസിമാരെ പുറത്താക്കിയ വാര്‍ത്ത അറിഞ്ഞ റോബര്‍ട്ട് ശൈത്യകാലത്തിന്റെ മധ്യത്തില്‍ ആ 13 സന്യാസിമാര്‍ക്കൊപ്പം ചേരുവാനായി വിറ്റ്ബിയിലേക്ക് പോയി.

റിപ്പോണിനു സമീപമുള്ള സ്‌കെല്‍ഡ് നദിയുടെ തീരത്ത് മരച്ചില്ലകള്‍ കൊണ്ടും പുല്ലു കൊണ്ടും നിര്‍മ്മിക്കപ്പെട്ട ഒരു കുടിലിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. വസന്തകാലമായപ്പോഴേക്കും അവര്‍ ക്ലെയര്‍വോക്‌സിലേക്ക് പോവുകയും രണ്ടു വര്‍ഷത്തോളം അവിടെ കടുത്ത ദാരിദ്ര്യത്തില്‍ കഴിയുകയും ചെയ്തു.

അധികം താമസിയാതെ ജനങ്ങള്‍ അവരുടെ ദിവ്യത്വത്തെക്കുറിച്ചറിഞ്ഞു. ഇത് യോര്‍ക്കിലെ പ്രഭു ആയിരുന്ന ഹ്യൂഗിനെയും അവരുടെ പക്കല്‍ എത്തിച്ചു. അദ്ദേഹം തന്റെ സ്വത്തു മുഴുവന്‍ ആ സന്യാസ സമൂഹത്തിന് സംഭാവന ചെയ്തു. കൂടാതെ ഫൗണ്ടന്‍സിലെ ആശ്രമത്തിന് അടിസ്ഥാനമിടുകയും ചെയ്തു. പിന്നീട് മോര്‍പെത്തിലെ പ്രഭുവായിരുന്ന റെയ്‌നൂള്‍ഫ് ആശ്രമത്തിലെ സന്യാസിമാരുടെ ജീവിതത്തില്‍ ആകൃഷ്ടനായി നോര്‍ത്തമ്പര്‍ലാന്‍ഡില്‍ അവര്‍ക്കായി ന്യൂമിന്‍സ്റ്റര്‍ എന്ന് പേരായ മറ്റൊരാശ്രമം പണികഴിപ്പിച്ചു.

വിശുദ്ധ റോബര്‍ട്ടായിരുന്നു അവിടത്തെ ആശ്രമാധിപതി. അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും നിര്‍ദ്ദേശങ്ങളും സഹോദര സന്യാസിമാരെ പൂര്‍ണതയിലേക്കെത്തിക്കുകയും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഈ ഭവനത്തില്‍ നിന്നും മൂന്ന് സമൂഹങ്ങള്‍ കൂടി ഉണ്ടാവുകയും ചെയ്തു. കൂടാതെ 1143 ല്‍ പൈപ്വെല്ലിലും, 1147 ല്‍ റോച്ചെയിലും, 1148 ല്‍ സാവ്ലിയിലുമായി മൂന്ന് ആശ്രമങ്ങള്‍ കൂടി വിശുദ്ധന്‍ സ്ഥാപിച്ചു.

വിശുദ്ധ റോബര്‍ട്ട് അദ്ദേഹത്തിന്റെ ദയ, വിശുദ്ധി, ആഴമായ ആത്മീയത തുടങ്ങിയ കാരണങ്ങളാല്‍ വളരെയേറെ അറിയപ്പെട്ടിരുന്നു. അദ്ദേഹം പ്രാര്‍ത്ഥനയില്‍ ശക്തമായി ആശ്രയിക്കുകയും അതില്‍ മുഴുകുകയും ചെയ്തു. കൂടാതെ ഒരു ആത്മീയ എഴുത്തുകാരനും പിശാച് ബാധയൊഴിപ്പിക്കുന്നവനുമായിരുന്നു അദ്ദേഹം. കഠിനമായ ജീവിതം നയിക്കുകയും ആഹാരവും വെള്ളവുമുപേക്ഷിച്ച് ഉപവസിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പ്രത്യേകിച്ച് നോമ്പിന്റെ അവസരത്തില്‍.

നോമ്പിലെ കഠിനമായ ഉപവാസം കാരണം ഒരു ഈസ്റ്റര്‍ ദിനത്തില്‍ വിശുദ്ധന്റെ ഉദരം ക്ഷയിക്കുകയും വളരെ ക്ഷീണിതനാകുകയും ചെയ്തു. അവസാനം അദ്ദേഹം തേനില്‍ അപ്പം മുക്കി കഴിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ആ ഭക്ഷണം കൊണ്ടുവരുന്നതിനു മുന്‍പ് വിശുദ്ധന്‍ തന്റെ തീരുമാനം മാറ്റുകയും അതില്‍ തൊടുകപോലും ചെയ്യാതെ അത് പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്തു.

ദിവ്യനായിരുന്ന ഫിന്‍ചാലേയിലെ വിശുദ്ധ ഗോഡ്റിക്കിനെ വിശുദ്ധ റോബര്‍ട്ട് ഇടക്കിടക്ക് സന്ദര്‍ശിക്കുമായിരുന്നു. 1159 ല്‍ വിശുദ്ധന്‍ മരിക്കുന്ന അവസരത്തില്‍ ഒരു തീഗോളത്തിന്റെ രൂപത്തില്‍ വിശുദ്ധ റോബര്‍ട്ടിന്റെ ആത്മാവിനെ വിശുദ്ധ ഗോഡ്റിക്ക് കണ്ടു.

പ്രകാശ പൂരിതമായ മാര്‍ഗത്തിലൂടെ അദ്ദേഹത്തിന്റെ ആത്മാവിനെ മാലാഖമാര്‍ കൊണ്ട് പോവുന്നതും സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ അവര്‍ക്കായി തുറക്കുന്നതുമാണ് അദ്ദേഹം കണ്ടത്. 1159 ജൂണ്‍ ഏഴിന് വിശുദ്ധന്‍ മരിക്കുന്നത് വരെ അദ്ദേഹവും സഹ സന്യാസിമാരും താമസിച്ചിരുന്ന ന്യൂമിന്‍സ്റ്റര്‍ ആശ്രമത്തിന്റെ പേരും വിശുദ്ധ റോബര്‍ട്ട് തന്റെ നാമത്തോടൊപ്പം ചേര്‍ത്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ആന്റണി മേരിജിയാനെല്ലി

2. ജര്‍മ്മനിയിലെ ദയോച്ചാര്‍

3. ബ്രിട്ടനിലെ ഗോട്ടെഷാള്‍ക്ക്

4. അയര്‍ലന്‍ഡ് ദ്രോമാറിലെ കോള്‍മന്‍

5. ലാര്‍ബുഷു താഴ് വരയില്‍ വച്ച് വധിക്കപ്പെട്ട അവെന്തിനൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.