നമുക്ക് പരിശുദ്ധാത്മാവിന്റെ വിദ്യാലയത്തിൽ ഇരിക്കാം; യേശുവിനെക്കുറിച്ച് പഠിക്കാം...ഓര്‍ക്കാം

നമുക്ക് പരിശുദ്ധാത്മാവിന്റെ വിദ്യാലയത്തിൽ ഇരിക്കാം; യേശുവിനെക്കുറിച്ച് പഠിക്കാം...ഓര്‍ക്കാം

വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ അകലങ്ങള്‍ ഇല്ലാതാക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ. പന്തക്കുസ്ത തിരുന്നാള്‍ ദിനത്തില്‍ മദ്ധ്യാഹ്ന പ്രാര്‍ത്ഥനാ വേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ദിവ്യബലിക്കു ശേഷം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ബാല്‍ക്കണിയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത മാര്‍പാപ്പ വിശുദ്ധഗ്രന്ഥത്തിലെ യോഹന്നാന്റെ സുവിശേഷം പതിനാലാം അദ്ധ്യായമാണ് വിചിന്തനത്തിന് വിധേയമാക്കിയത്.

എന്നെ സ്‌നേഹിക്കുന്നവര്‍ എന്റെ കല്‍പന പാലിക്കുകയും ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും പിതാവ് പരിശുദ്ധാത്മാവിനെ അയക്കുകയും ചെയ്യുമെന്ന് യേശു ശിഷ്യന്മാരോട് പറയുന്ന സുവിശേഷ ഭാഗമാണ് പാപ്പ വിശദീകരിച്ചത്.

അകലങ്ങള്‍ ഇല്ലാതാക്കുന്നതില്‍ വിദഗ്ധനാണ് പരിശുദ്ധാത്മാവ്. യേശുവിന്റെ സുവിശേഷം നമ്മുടെ ഹൃദയത്തില്‍ പ്രവേശിപ്പിക്കുകയും അകലങ്ങളെ എങ്ങനെ മറികടക്കാമെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനെ ശ്രവിക്കാന്‍ മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ഉത്ഥാനദിനത്തിനു ശേഷം അമ്പതാം ദിവസം അപ്പോസ്തലന്മാരുടെ മേല്‍ പരിശുദ്ധാത്മാവ് വര്‍ഷിക്കപ്പെട്ട സംഭവമാണ് പന്തക്കുസ്ത തിരുന്നാളായി ആഘോഷിക്കുന്നത്. യേശു ശിഷ്യന്മാരോട് പറയുന്നു... ' പിതാവ് എന്റെ നാമത്തില്‍ അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും (യോഹന്നാന്‍ 14:26).

ഇതാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്, ക്രിസ്തു പറഞ്ഞ കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു - മാര്‍പാപ്പ പറഞ്ഞു.

പഠിപ്പിക്കുക ഓര്‍മ്മിപ്പിക്കുക എന്നീ രണ്ട് പ്രവര്‍ത്തികളുടെ പ്രാധാന്യത്തിലേക്ക് വിശ്വാസികളുടെ ശ്രദ്ധ ക്ഷണിച്ച് പാപ്പ തുടര്‍ന്നു. ഇപ്രകാരമാണ് പരിശുദ്ധാത്മാവ് യേശുവിന്റെ സുവിശേഷത്തെ നമ്മുടെ ഹൃദയത്തിലേക്കു കടത്തിവിടുന്നത്.

അകലങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതില്‍ വിദഗ്ധനായ പരിശുദ്ധാത്മാവ് ദൂരങ്ങള്‍ എങ്ങനെ മറികടക്കാമെന്ന് നമ്മെ പഠിപ്പിക്കുന്നു. യേശുവിന്റെ പ്രബോധനങ്ങളെ എല്ലാ കാലങ്ങളിലും ഓരോ വ്യക്തിയുമായും ബന്ധിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്.

പരിശുദ്ധാത്മ ശക്തിയാല്‍ ക്രിസ്തുവിന്റെ വാക്കുകള്‍ എല്ലാ കാലത്തും സജീവമാക്കപ്പെടുകയും ജീവസുറ്റതാവുകയും ചെയ്യുന്നു. വിശുദ്ധ ഗ്രന്ഥത്തിലൂടെ പരിശുദ്ധാത്മാവ് നമ്മോട് സംസാരിക്കുകയും വര്‍ത്തമാനകാലത്തിലേക്കു നമ്മെ നയിക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകള്‍ കടന്നുപോകുന്നതിനെ പരിശുദ്ധാത്മാവ് ഭയപ്പെടുന്നില്ല.

നേരെമറിച്ച്, വിശ്വാസികളെ അതതു കാലത്തെ പ്രശ്‌നങ്ങളിലും സംഭവങ്ങളിലും ശ്രദ്ധയുള്ളവരാക്കാന്‍ പരിശുദ്ധാത്മാവിനു കഴിയുന്നു. യാഥാര്‍ത്ഥ്യത്തില്‍ ഊന്നിയാണ് പരിശുദ്ധാത്മാവ് പഠിപ്പിക്കുന്നത്. വിശ്വാസത്തെ എപ്പോഴും ചെറുപ്പമായി നിലനിര്‍ത്താന്‍ പരിശുദ്ധാത്മാവിനു സാധിക്കുന്നതായി പാപ്പ പറഞ്ഞു.

വിശ്വാസത്തെ ഒരു പ്രദര്‍ശനവസ്തുവാക്കി മാറ്റാനുള്ള ത്വര നമ്മിലുണ്ട്: അത് അപകടകരമാണ്. അതേസമയം, പരിശുദ്ധാത്മാവ് വിശ്വാസത്തെ കാലികമായി നിലനിര്‍ത്തുന്നു.

നാം കടന്നുപോകുന്ന കാലഘട്ടങ്ങളിലോ പരിഷ്‌ക്കാരങ്ങളിലോ പരിശുദ്ധാത്മാവ് സ്വയം ബന്ധിക്കുന്നില്ല. മറിച്ച് ഉത്ഥിതനായി ജീവിക്കുന്ന യേശുവിന്റെ പ്രസക്തി വര്‍ത്തമാന കാലത്തിലേക്കു കൊണ്ടുവരുന്നു. ഇത് എപ്രകാരമാണ് പരിശുദ്ധാത്മാവ് സാധ്യമാക്കുന്നത്? മാര്‍പാപ്പ ചോദിച്ചു.

സുവിശേഷം പരിശുദ്ധാത്മാവ് നിരന്തരം നമ്മെ ഓര്‍മ്മിപ്പിക്കുകയും ഹൃദയങ്ങളിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. അപ്പോസ്തലന്മാരുടെ കാര്യത്തില്‍ സംഭവിച്ചതു പോലെയാണിത്.

പല പ്രാവശ്യം യേശുവിനെ ശ്രവിച്ചിട്ടും അപ്പോസ്തലന്മാര്‍ക്ക് അതു വേണ്ടത്ര മനസിലായിട്ടില്ല. നമുക്കും ഇതുതന്നെ സംഭവിക്കുന്നു. എന്നാല്‍ പന്തക്കുസ്ത മുതല്‍ പരിശുദ്ധാത്മാവിനാല്‍ അവര്‍ ഓര്‍ക്കുകയും മനസിലാക്കുകയും ചെയ്യുന്നു. തങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയവയെന്ന പോലെയുള്ള യേശുവിന്റെ വാക്കുകളെ അവര്‍ സ്വാഗതം ചെയ്യുന്നു. ബാഹ്യമായ അറിവില്‍ നിന്ന് കര്‍ത്താവുമായുള്ള ജീവന്‍ തുടിക്കുന്ന സന്തോഷകരമായ ബന്ധത്തിലേക്ക് കടക്കുന്നു. പരിശുദ്ധാത്മാവാണ് ഇതു ചെയ്യുന്നത്- പാപ്പ പറഞ്ഞു.

ഇങ്ങനെ പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തെ മാറ്റുന്നു. യേശുവിന്റെ ചിന്തകളെ നമ്മുടെ ചിന്തകളാക്കി മാറ്റുന്നു. യേശുവിന്റെ വാക്കുകള്‍ നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുകയും അവ നമ്മുടെ ഹൃദയത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തുകൊണ്ടാണ് പരിശുദ്ധാത്മാവ് ഇത് ചെയ്യുന്നത്.

പരിശുദ്ധാത്മാവിനെ ശ്രവിക്കാന്‍ ക്രൈസ്തവ വിശ്വാസികളെ ക്ഷണിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്. യേശുവിന്റെ വചനം പരിശുദ്ധാത്മാവ് ഓര്‍മ്മിപ്പിച്ചില്ലെങ്കില്‍ വിശ്വാസം വിസ്മൃതിയിലാകുന്നു.

തിരിച്ചടിയും പോരാട്ടവും പ്രതിസന്ധിയും ഉണ്ടാകുമ്പോഴെല്ലാം യേശുവിന്റെ സ്‌നേഹം മറക്കുകയും സംശയത്തിലും ഭയത്തിലും അകപ്പെടുന്ന ക്രിസ്ത്യാനികളാണോ നാം എന്ന് സ്വയം ചോദിക്കാം.

പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. പ്രത്യേകിച്ച് സുപ്രധാന വേളകളില്‍, ബുദ്ധിമുട്ടുനിറഞ്ഞ തീരുമാനങ്ങള്‍ക്ക് മുമ്പും ആയാസകരമായ സാഹചര്യങ്ങളിലും നമുക്ക് ഇങ്ങനെ ചെയ്യാം.

സുവിശേഷം കൈയിലെടുത്ത് നമുക്ക് ആത്മാവിനെ വിളിക്കാം. 'പരിശുദ്ധാത്മാവേ, വരൂ, യേശുവിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കൂ, എന്റെ ഹൃദയത്തെ പ്രകാശിപ്പിക്കൂ'. ഇത് മനോഹരമായ ഒരു പ്രാര്‍ത്ഥനയാണ്. തുടര്‍ന്ന് സുവിശേഷം തുറന്ന് ഒരു ചെറിയ ഭാഗം സാവധാനം വായിക്കാം. ഇങ്ങനെ പരിശുദ്ധാത്മാവ് നമ്മുടെ ജീവനോട് സംസാരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.