ഓവോ: പന്തക്കൂസ്താ തിരുനാള്‍ കുര്‍ബാനമധ്യേ അന്‍പതിലേറെ വിശ്വാസികളുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലയില്‍ മുറിപ്പാട് ഉണങ്ങാതെ നൈജീരിയയിലെ വിശ്വാസ സമൂഹം. മരണപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേര്‍ന്നും പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചും ഇരുണ്ട ഭൂഖണ്ഡത്തിലെ അരക്ഷിതാവസ്ഥയെ അപലപിച്ചും കത്തോലിക്കര്‍ ഈ ദിവസങ്ങളിലൊക്കെ ദേവാലയങ്ങളില്‍ ഒത്തുകൂടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഓവോ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലുണ്ടായ ഭീകരാക്രമണം പലരുടെയും കണ്ണില്‍ ഞെട്ടിക്കുന്ന കാഴ്ച്ചകളായി ഇന്നും അവശേഷിക്കുകയാണ്.
വിശുദ്ധ കൂര്‍ബാനയുടെ അവസാന ഭാഗത്തെ 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന, ഓവോ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലെ ആയിരത്തിലേറെ വരുന്ന വിശ്വാസികളില്‍ പലരുടെയും അവസാന പ്രാര്‍ത്ഥനയായിരുന്നു. പ്രാര്‍ത്ഥന ചൊല്ലി തീരും മുന്‍പേ ദേവാലയത്തിന് പുറത്ത് വെടിയൊച്ചകള്‍ കേട്ടു. പള്ളിയിലേക്ക് ഇരച്ചു കയറിയ അഞ്ചിലേറെ ഭീകരര്‍ വിശ്വാസികള്‍ക്ക് നേരെ നിറയൊഴിച്ചു. പ്രാണനുവേണ്ടി ഓടിയ വിശ്വാസികളെ വാതിലില്‍ തോക്ക് ചൂണ്ടി തടഞ്ഞു വെടി വച്ചു കൊലപ്പെടുത്തി. തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.
ഇതിനിടയില്‍ തീവ്രവാദികള്‍ കാണാതെ ദേവാലയത്തിന്റെ ഒരു ഭാഗത്ത് ഏതാനും ആളുകളും ഒളിച്ചിരുന്നു. 20 മിനിറ്റോളം അങ്ങനെ ഇരുന്നു. അക്രമികള്‍ അവിടെ നിന്ന് മടങ്ങിയെന്ന് മനസിലായപ്പോഴാണ് പുറത്തു വന്നത്. ഉടനെ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന്റെ ദൃസാക്ഷികളിലൊരാളായ ഫാ. ആന്‍ഡ്രൂ അബായോബി പറഞ്ഞു. രക്തം വാര്‍ന്ന് നിശ്ചലമായി കിടക്കുന്ന നിരവധി മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ അന്നുതന്നെ പുറത്തു വന്നിരുന്നു.
പള്ളിയിലുണ്ടായ ഭീകരാക്രമണം നൈജീരിയയെ ഇരുണ്ട കാലത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന വിമര്‍ശനമാണ് കത്തോലിക്ക നേതൃത്വവും ഭരണകര്‍ത്താക്കളും ഉന്നയിക്കുന്നത്. ഉത്തരവാദികളെ അടിയന്തിരമായി പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കാത്തലിക് ലെയ്റ്റി കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് സര്‍ ഹെന്റി യുങ്ക്വാപ്പ് ആവശ്യപ്പെട്ടു.
നൈജീരിയന്‍ കാത്തലിക് ലെയ്റ്റി കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് സര്‍ ഹെന്റി യുങ്ക്വാപ്പ്
സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ തങ്ങള്‍ കരകയറിയിട്ടില്ല. അപരിഷ്‌കൃതമായ പ്രവര്‍ത്തിയെ അപലപിക്കുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഭരണകൂടം പ്രഖ്യാപിച്ചിട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും ആരെയും പിടികൂടിയിട്ടില്ല. തങ്ങളുടെ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും സ്വയം പ്രതിരോധിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ എന്ന നിലയില്‍, സമാധാനപ്രിയരായിരിക്കാനും വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും അത് കാട്ടിക്കൊടുക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓന്‍ഡോ ബിഷപ് ജൂഡ് അയോഡെജി അരോഗുണ്ടാഡെ പറഞ്ഞു. അതിനര്‍ത്ഥം നമുക്ക് ചുറ്റുമുള്ള സംഭവങ്ങളോട് നിശബ്ദത പുലര്‍ത്തണം എന്നല്ല. ആവശ്യമുള്ള ഘട്ടങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
നൈജീരിയയിലെ കത്തോലിക്കാ ബിഷപ്പുമാര്‍ കൂട്ടക്കൊലയെ അപലപിച്ചു. ആക്രമണത്തിന് പിന്നിലുള്ള കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗുരുതരമായ വിഷയത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമായാല്‍ അത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും ബിഷപ്പുമാര്‍ പറഞ്ഞു.
പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാനും പ്രദേശവാസികള്‍ക്ക് സംരക്ഷണം നല്‍കാനും പ്രദേശത്ത് സായുധ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് കമ്മീഷണര്‍ ഒഡുന്‍ലാമി ഫണ്‍മിലായോ പറഞ്ഞു. സംഭവ സ്ഥലത്തു നിന്ന് വെടിയുണ്ടകളും പൊട്ടിത്തെറിക്കാത്ത സ്ഫോടക വസ്തുക്കളും ഷെല്ലുകളും കണ്ടെടുത്തു. അക്രമികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനവും കണ്ടെടുത്തിട്ടുണ്ട്. യഥാര്‍ത്ഥ മരണ സംഖ്യ ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ വെ ബിന്‍ ദേ അബുജ ആക്രമണം നടന്ന പള്ളി സന്ദര്‍ശിച്ചു. വൈദികരും ബിഷപ്പും സുരക്ഷിതരാണെന്നും ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും രൂപതാ വക്താവ് അറിയിച്ചു.
2022 മാര്‍ച്ച് വരെ 896 നൈജീരിയന്‍ സിവിലിയന്മാരാണ് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ഐ.എസ്.ഡബ്ല്യു.എ.പി), ഫുലാനി എന്നീ തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങളിലാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടത്. നൈജീരിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങളും നടക്കുന്നത്.
2019 ഈസ്റ്റര്‍ ദിനത്തിലാണ് ലോകത്തെ നടുക്കി ശ്രീലങ്കയിലെ വിവിധ പള്ളികളില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ക്രൈസ്തവ നരഹത്യ നടത്തിയത്. അന്നു പിഞ്ചു കുട്ടികളടക്കം 321 നിരപരാധികളാണ് കൊല്ലപ്പെട്ടത്. നാഷനല്‍ തൗഹീദ് ജമാഅത്ത് (എന്‍ടിജെ) എന്ന സംഘടനയില്‍പ്പെട്ട തീവ്രവാദികളാണ് ചാവേറുകളായി ഈ ഭീകരകൃത്യം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26