കണ്ണൂര്‍: കാര്‍ഡിയാക് അറസ്റ്റ് വന്ന പൂര്‍ണ ഗര്‍ഭിണിയേയും കുഞ്ഞിനേയും അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുതുജീവിതത്തിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. അസം സ്വദേശി ജ്യോതി സുനാറിനെയും (33) കുഞ്ഞിനെയുമാണ് ഡോക്ടര്‍മാര്‍ സമയോചിത ഇടപെടലിലൂടെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചത്. 
ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ പ്ലാസന്റ വേര്‍പെട്ടു തുടങ്ങിയതായി കണ്ടെത്തുകയായിരുന്നു. ഉടന്‍ സിസേറിയന്‍ ആവശ്യമായ സാഹചര്യമായതിനാല്‍ ഇവരെ ഓപ്പറേഷന്‍ തിയറ്ററിലേക്കു മാറ്റി. എന്നാല്‍ പെട്ടെന്ന് സ്ത്രീക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു. 
അനസ്‌തേഷ്യ നല്‍കുകയോ ശസ്ത്രക്രിയയ്ക്കുള്ള മറ്റ് ഒരുക്കങ്ങള്‍ നടത്തുകയോ ചെയ്യുന്നതിനു മുന്‍പേയാണ് ഇവര്‍ക്ക് അപസ്മാരം പോലെ വരികയും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തത്. 
രോഗിക്ക് നാഡിയിടിപ്പോ രക്തയോട്ടമോ ഇല്ലാത്ത അവസ്ഥ. ഒരു സെക്കന്‍ഡ് വൈകിയാല്‍ പോലും കുഞ്ഞിനു ശ്വാസം കിട്ടാതെ അപകടകരമായ അവസ്ഥയിലേക്കു പോകും. അമ്മയുടെ ജീവനും രക്ഷിക്കാന്‍ കഴിയില്ല. കാര്‍ഡിയാക് അറസ്റ്റ് വന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന ഘട്ടത്തില്‍ കൃത്രിമ ശ്വാസം (സിപിആര്‍) നല്‍കുകയാണു സാധാരണയായി ചെയ്യുന്നത്. എന്നാല്‍, പൂര്‍ണ ഗര്‍ഭിണികളില്‍ ഇതു ഫലപ്രദമാകില്ല. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ കുഞ്ഞിനെ പുറത്തെടുക്കുക മാത്രമായിരുന്നു വഴി. 
തലച്ചോറിലേക്കുള്ള രക്തയോട്ടം സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിലയ്ക്കും. ഇങ്ങനെ സംഭവിച്ചാല്‍ മസ്തിഷ്‌ക മരണം പോലും സംഭവിക്കും. അമ്മയില്‍ നിന്നു കുഞ്ഞിനുള്ള ഓക്‌സിജന്‍ വിതരണവും അതേസമയം തന്നെ നിലയ്ക്കും. ഓരോ പാളികളായി വയര്‍ കീറിയെടുത്താണു സാധാരണ സിസേറിയന്‍ നടത്തുക. കൃത്യമായ രീതികളും സംവിധാനവും ഇതിനുണ്ട്. എന്നാല്‍ പെരിമോട്ടം സിസേറിയന്‍ എന്ന അപൂര്‍വ ശസ്ത്രക്രിയയ്ക്ക് അടിയന്തര സാഹചര്യത്തില്‍ സമയത്തിനു മാത്രമാണു പ്രാധാന്യം നല്‍കുക. ഏറ്റവും അടുത്തു ലഭ്യമായ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ഒരു സെക്കന്‍ഡിനുള്ളില്‍ ജില്ലാ ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ ജൂനിയര്‍ കണ്‍സല്‍റ്റന്റ് ഡോ. ഷോണി തോമസ് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. 
സാധാരണ ഗതിയില്‍ സര്‍ജിക്കല്‍ ബ്ലേഡില്‍ ഹാന്‍ഡില്‍ പിടിപ്പിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്. എന്നാല്‍, അതിനുള്ള സമയം പോലും ഇല്ലായിരുന്നെന്ന് ഡോ. ഷോണി പറയുന്നു. ഈ സമയം കൊണ്ട് ആശുപത്രിയിലെ എല്ലാ സംവിധാനങ്ങളും ഈ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ യുദ്ധസമാനമായ തയാറെടുപ്പുകള്‍ നടത്തുകയായിരുന്നു. 
തൊട്ടടുത്ത സെക്കന്‍ഡില്‍ തന്നെ അമ്മയ്ക്ക് സിപിആര്‍ നല്‍കിത്തുടങ്ങി. കുഞ്ഞിനെ പീഡിയാട്രീഷന്‍ ഡോ. മൃദുല ശങ്കറിനു കൈമാറി. അമ്മയെ വെന്റിലേറ്ററുമായി കണക്ട് ചെയ്തു. ക്രമേണ അമ്മ ശ്വാസമെടുത്തു. ഡോക്ടര്‍മാരുടെ സംഘം സിസേറിയന്‍ പൂര്‍ത്തീകരിച്ചു. ഡോ. ഷോണിക്കൊപ്പം ഡോ.മെജോ മാത്യു, ഡോ.ആര്‍.പ്രിയ, ഡോ.ഇ തങ്കമണി, ഡോ.എസ്.ബി വൈശാഖ് എന്നിവരുമുണ്ടായിരുന്നു. 
അമ്മയ്ക്ക് പിന്നീട് ബ്ലീഡിങ് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അമ്മയേയും കുഞ്ഞിനേയും പരിയാരം ഗവ.മെഡിക്കല്‍ കോളജിലേക്കു മാറ്റി. അമ്മ സുഖം പ്രാപിച്ചു വരുന്നതായും കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നതായും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. അജിത് പറഞ്ഞു. 
അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ 25 ശതമാനവും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ 60 ശതമാനവും മാത്രം സാധ്യതയുള്ളതാണു പെരിമോട്ടം സിസേറിയന്‍ ശസ്ത്രക്രിയ. അതേസമയം ശസ്ത്രക്രിയയിലൂടെ ഇരുവരുടെയും ജീവന്‍ രക്ഷിക്കാനാകുന്നത് അപൂര്‍വമായി മാത്രമാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.