ദുബായ്: രോഗികളുടെ മെഡിക്കൽ രേഖകൾ ഇലക്ട്രോണിക്കായി ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള 'നാബിദ്' സംരംഭത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതായി ദുബായ് ഹെൽത്ത് അതോറിറ്റി(ഡിഎച്ച്എ). 8.4 ദശലക്ഷം മെഡിക്കൽ റെക്കോർഡുകളും 31,800 ഡോക്ടർമാരും 298 സൗകര്യങ്ങളും നാബിദുമായി സംയോജിപ്പിച്ചിട്ടുണ്ടെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) പറഞ്ഞു.
യുഎഇയിലുടനീളമുള്ള രോഗികൾക്ക് ഒരൊറ്റ മെഡിക്കൽ ഇലക്ട്രോണിക് ഫയൽ ഉറപ്പാക്കുന്നതിനുള്ള ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ ‘റിയാത്തി’ പദ്ധതിയുമായി ഈ സംവിധാനം ബന്ധിപ്പിക്കും.
ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ അവദ് അൽ കെത്ബി, ആരോഗ്യ-പ്രതിരോധ മന്ത്രാലയം, അബുദാബി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, സ്വകാര്യ മേഖല പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന നാബിദ് ത്രൈമാസ ഫോറത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഫോറത്തിൽ വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിൽ പങ്കെടുത്തു. ആരോഗ്യരംഗത്ത് ആഗോള മത്സരക്ഷമത കൈവരിക്കാനുള്ള ദുബായിയുടെ അഭിലാഷങ്ങൾക്ക് അനുസൃതമാണ് നാബിദ് പ്ലാറ്റ്‌ഫോമെന്ന് അവാദ് സെഗായർ അൽ കെത്ബി വ്യക്തമാക്കി.
"യുഎഇയിലെ ഓരോ രോഗിക്കും ഏകീകൃത ഡിജിറ്റൽ മെഡിക്കൽ രേഖയുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഉൾപ്പെടെയുള്ള പ്രധാന പങ്കാളികളുമായി സഹകരിക്കുന്നതിൽ ഡിഎച്ച്എയ്ക്ക് അഭിമാനമുണ്ട്.
ഒന്നിലധികം ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ രേഖകൾ സുരക്ഷിതമായി സംഭരിക്കാനും ആരോഗ്യപ്രവർത്തകർക്ക് രോഗിയുടെ മുഴുവൻ വിവരങ്ങളും തത്സമയം ലഭ്യമാക്കാനും സംവിധാനത്തിലൂടെ കഴിയും."
പൊതു, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ വിവരങ്ങൾ ബന്ധിപ്പിക്കുന്നതിലൂടെ ദുബായിലെ ഓരോ വ്യക്തിക്കും ഏകീകൃത മെഡിക്കൽ രേഖ സുഗമമായി ലഭ്യമാക്കുകയാണ് പദ്ധതിയെന്ന് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. "ഇത് വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ഡാറ്റ വിശകലനം പ്രാപ്തമാക്കും. ഡാറ്റാധിഷ്ഠിത സംവിധാനം ചികിത്സാ ചെലവ് മൊത്തത്തിൽ കുറയ്ക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായകരമാകും."
രോഗീ പരിചരണം വർദ്ധിപ്പിക്കുന്നതിനോടൊപ്പം തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ സംരക്ഷണ, പ്രതിരോധ, നയങ്ങൾ വികസിപ്പിക്കാനും സംരംഭം സഹായിക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി പ്രോജക്ട് മാനേജ്‌മെന്റ് ഓഫീസ്, ഹെൽത്ത് ഇൻഫോർമാറ്റിക്‌സ് ആൻഡ് സ്‌മാർട്ട് ഹെൽത്ത് ഡയറക്ടർ ഡോ. മുഹമ്മദ് അൽ റെദ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.