കൊച്ചി: ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രിക്കായി കൊച്ചി നഗരത്തിലും വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് കീഴില്‍ പരിപാടികള്‍ നടക്കുന്ന വേദികളിലും ഗസ്റ്റ് ഹൗസിലും വലിയ പൊലീസ് സന്നാഹമാണ് തയ്യാറാക്കിയിരിക്കുന്നത്. പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടും കോട്ടയത്ത് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ചതിനാല്‍ പൊലീസ് വലിയ കരുതലിലാണ്.
കറുത്ത മാസ്‌ക് ധരിക്കരുതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ കറുത്ത മാസ്‌ക് ധരിച്ചവരെ മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി നടക്കുന്ന ജവഹര്‍ലാല്‍ നെഹ്രു കലൂര്‍ മെട്രോ സ്റ്റേഷനില്‍ തടഞ്ഞിട്ടില്ല. ഇവിടെ നീല സര്‍ജിക്കല്‍ മാസ്‌ക് സംഘാടകര്‍ നല്‍കി.
യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച സംഘടനകള്‍ ഇന്ന് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നയിടങ്ങളില്‍ പ്രതിഷേധിക്കുമെന്ന് വിവരമുണ്ട്. നൂറിലധികം പൊലീസുകാരെയാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി നടക്കുന്നയിടത്ത് വിന്യസിച്ചിരിക്കുന്നത് . കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവിന്റെ നിര്‍ദ്ദേശത്താല്‍ നാല് എസിപിമാര്‍, ഏഴ് എസ്എച്ച്മാര്‍ എന്നിങ്ങനെ വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ട്.
മുഖ്യമന്ത്രിയുടെ രണ്ടാമത്തെ പരിപാടി നടക്കുന്ന ചെല്ലാനത്തേക്കുളള വഴിയിലും മുഖ്യമന്ത്രി തങ്ങുന്ന ഗസ്റ്റ്ഹൗസിലും ശക്തമായ സുരക്ഷയുണ്ട്. എന്നാല്‍ കോമ്പൗണ്ടില്‍ മറ്റിടങ്ങളിലെ പോലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശന നിയന്ത്രണമില്ല. മുന്‍പ് കെജിഒഎ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കോട്ടയത്ത് എത്തുന്നതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് കോട്ടയം നഗരത്തില്‍ കെ.കെ റോഡിലും ജനറല്‍ ആശുപത്രി റോഡിലും ഒരുക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.