തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിലും പ്രതിരോധത്തിലും സംസ്ഥാനത്ത് ഇന്ന് ആക്രമണം. തലസ്ഥാന നഗരത്തില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് സുരക്ഷ ഭേദിച്ച് നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസ് വളപ്പില്‍ കടന്നുകയറി. ഇതില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
അഞ്ച് മന്ത്രിമാരുടെ ഔദ്യോഗിക വസതി കൂടി ഉള്‍പ്പെടുന്ന കന്റോണ്‍മെന്റ് ഹൗസ് മേഖലയിലാണ് അതീവ സുരക്ഷാ വീഴ്ചയുണ്ടായത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തടയാന്‍ പൊലീസ് ശ്രദ്ധ തിരിച്ചതോടെ മറ്റ് മേഖലകളില്‍ സുരക്ഷ പരിമിതമായിരുന്നു.
തിരുവനന്തപുരം നഗരത്തില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയെന്ന് ഡിജിപി അനില്‍ കാന്ത് അവകാശപ്പെടുമ്പോഴും പൊലീസിനെ നോക്കുകുത്തിയാക്കി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അകത്തുകയറിയത് വലിയ വീഴ്ചയായാണ് കാണുന്നത്. അതിക്രമിച്ചു കടന്നവരില്‍ രണ്ടു പേരെ ഓഫീസ് സ്റ്റാഫ് പിടിച്ചുവച്ചുവെങ്കിലും ഒരാളെ പൊലീസ് പുറത്തേക്ക് വിട്ടയച്ചുവെന്ന് ആരോപണം ഉയരുന്നുണ്ട്.
ഡിവൈഎഫ്‌ഐയുടെ ശക്തി പ്രകടമാക്കാനും പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോടുള്ള പ്രതിഷേധവുമാണ് കന്റോണ്‍മെന്റ് ഹൗസില്‍ കടക്കാന്‍ കാരണമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കളാണ് അറസ്റ്റിലായത്.
അതേസമയം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ തിരുവനന്തപുരത്തെ വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. പത്രസമ്മേളനം അദ്ദേഹം റദ്ദാക്കി. മാധ്യമങ്ങളെ പിന്നീട് കാണാമെന്ന സുധാകരന്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.