ജനീവ: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയെയാണ് ഉക്രെയ്ന്‍ നേരിടുന്നതെന്ന് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യന്‍ അധിനിവേശം ഉക്രെയ്ന്‍ ജനതയുടെ കൂട്ട പലായനത്തിന് കാരണമായി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഏറ്റവും വേഗത്തില്‍ വളരുന്ന അഭയാര്‍ത്ഥി പ്രതിസന്ധിയാണിതെന്ന് അഭയാര്‍ത്ഥികള്‍ക്കുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പി ഗ്രാന്‍ഡി പറഞ്ഞു.
ഇതുവരെ ഏഴ് ദശലക്ഷത്തിലധികം ഉക്രെയ്‌നികള്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പലായനം ചെയ്തിട്ടുണ്ട്. ആറു ദശലക്ഷത്തിലധികം പേര്‍ വിദേശത്തേക്ക് പലായനം ചെയ്തു. സമീപ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഓസ്‌ട്രേലിയ ഭൂഖണ്ഡത്തിലെക്കുമാണ് പലായനം കൂടുതല്‍. പീഡനം, യുദ്ധം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയാല്‍ ലോകമെമ്പാടും 100 ദശലക്ഷത്തിലധികം ആളുകള്‍ മാതൃരാജ്യത്ത് നിന്നും പുറത്താക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2021ല്‍ 1.4 ദശലക്ഷം ആളുകള്‍ ഏഷ്യയിലും പസഫിക് മേഖലയിലും കുടിയിറക്കപ്പെട്ടു. അഫ്ഗാനിലെയും മ്യാന്‍മറിലെയും രാഷ്ട്രീയ സഹചര്യങ്ങളെ തുടര്‍ന്നാണിത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ തിരിച്ചുവരവില്‍ 900,000 ആളുകള്‍ രാജ്യത്തിനകത്തോ പുറത്തോ പലായനം ചെയ്തു. 2021 ഫെബ്രുവരിയില്‍ അട്ടിമറിയിലൂടെ പുതിയ ഭരണകൂടം അധികാരമേറ്റ ശേഷം 400,000 പേരും മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്തു.
അഫ്ഗാനില്‍ നിന്നുള്ളവരില്‍ ഏറെയും അഭയം തേടിയത് പാക്കിസ്ഥാനിലാണ്. 1.5 ദശലക്ഷം പേര്‍. ബംഗ്ലാദേശില്‍ 9,18,900 പേരും അഭയം തേടി. മ്യാന്‍മറിലെ പീഡനത്തെത്തുടര്‍ന്ന് പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും സുരക്ഷിത താവളമായി കണ്ടത് ബംഗ്ലാദേശിനെയാണ്. കഴിഞ്ഞ 16 മാസത്തിനിടെ, മ്യാന്‍മര്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 250,000 കുട്ടികള്‍ പലായനം ചെയ്യപ്പെട്ടു. 142 പേര്‍ കൊല്ലപ്പെടുകയും 1,400 പേര്‍ തടവിലാവുകയും ചെയ്തു.
ലോകത്ത് ഓരോ 78 ആളുകളില്‍ ഒരാള്‍ എന്ന നിലയില്‍ പലായത്തിന് നിര്‍ബന്ധിതരാകുന്നു എന്നാണ് കണക്ക്. ലോക ജനസംഖ്യയുടെ ഒരു ശതമാനം അഭയാര്‍ത്ഥികളാണ്. കുടിയിറക്കപ്പെട്ടവര്‍ ഒരു രാജ്യമായിരുന്നെങ്കില്‍ അത് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള 14-ാമത്തെ രാജ്യമായിരിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.