അന്നദാനത്തില്‍ ഒരു കോടിയുടെ വെട്ടിപ്പ്: ദേവസ്വം ഓഫീസര്‍ അറസ്റ്റില്‍

അന്നദാനത്തില്‍ ഒരു കോടിയുടെ വെട്ടിപ്പ്:  ദേവസ്വം ഓഫീസര്‍ അറസ്റ്റില്‍

പത്തനംതിട്ട: അന്നദാന അഴിമതി കേസിൽ മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയപ്രകാശ് അറസ്റ്റിൽ. വിജിലൻസാണ് ജയപ്രകാശിനെ അറസ്റ്റ് ചെയ്തത്.

നിലയ്ക്കലിൽ അന്നദാനത്തിന് സാധനങ്ങൾ ഇറക്കിയ ഇനത്തിൽ കരാറുകാരനെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്. കൊല്ലം സ്വദേശിയ കരാറുകാരനാണ് വിജിലൻസിനെ സമീപിച്ചതോടെയാണ് അന്നദാനത്തിന് മറവിലെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.

കൊല്ലം ആയൂരിലെ വീട്ടിൽ നിന്നാണ് വിജിലൻസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.  നിലയ്ക്കൽ അന്നദാന അഴിമതി കേസിലെ മുഖ്യപ്രതിയായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ കഴിഞ്ഞമാസം സർവ്വീസിൽ നിന്നും വിരമിച്ചിരുന്നു.  സുധീഷ് കുമാറിനെതിരായ നടപടികൾ ദേവസ്വം ബോർഡ് നിർത്തിവച്ചിരിക്കുന്നതിനിടെയായിരുന്നു വിരമിക്കൽ.

വിജിലൻസ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാൽ സുധീഷ് കുമാറിന് സർവീസ് ആനുകൂല്യങ്ങൾ 
ഒന്നും അനുവദിച്ചിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് വിശദീകരിക്കുന്നത്. നിലയ്ക്കലിലെ  അന്നദാന കരാറിൽ കോടികളുടെ ക്രമക്കേട് നടത്തിയ കേസിലെ മുഖ്യപ്രതിയാണ് ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസറായ സുധീഷ് കുമാർ.

അന്നദാന കരാറുകാരന് ബോർഡ് കൊടുക്കേണ്ടിയിരുന്ന 30 ലക്ഷം രൂപയ്ക്ക് പകരം  കരാറുകാരനെ സ്വാധീനിച്ച് ഒന്നര കോടി എഴുതി എടുക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെന്നും  കരാറുകാരൻ വഴങ്ങാതെ വന്നതോടെ മറ്റ് ചില സ്ഥാപനങ്ങളുടെ പേരിൽ  ചെക്കുകള്‍ മാറിയെടുത്തുവെന്നുമാണ് കേസ്.

ദേവസ്വം ബോർഡ് വിജിലൻസും സ്റ്റേറ്റ് വിജിലൻസും നടത്തിയ അന്വേഷണത്തിൽ നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്,  ശബരിമലയിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസ‍ർമാരായ രാജേന്ദ്രപ്രസാദ്, സുധീഷ് കുമാര്‍ , ജൂനിയർ സൂപ്രണ്ട് വാസുദേവൻനമ്പൂതിരി എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.