ലക്ഷ്യം നല്ലത് മാര്‍ഗം തെറ്റി: അഗ്നിപഥില്‍ ഗുണങ്ങളേറെ, കോട്ടങ്ങളും; കിട്ടിയ അവസരം മുതലാക്കി യുവാക്കളെ തെരുവിലിറക്കി ഇന്ത്യ വിരുദ്ധ ശക്തികളും

ലക്ഷ്യം നല്ലത് മാര്‍ഗം തെറ്റി: അഗ്നിപഥില്‍ ഗുണങ്ങളേറെ, കോട്ടങ്ങളും; കിട്ടിയ അവസരം മുതലാക്കി യുവാക്കളെ തെരുവിലിറക്കി ഇന്ത്യ വിരുദ്ധ ശക്തികളും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍, കാര്‍ഷിക നിയമം, ഇപ്പോള്‍ അഗ്നിപഥ് പദ്ധതി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സമാന സ്വഭാവമുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായത നിയമങ്ങളാണിത്. എല്ലാ പ്രതിഷേധങ്ങള്‍ക്കും ഒരേ സ്വഭാവം, ഒരേ രീതി. അഗ്നിപഥ് പദ്ധതിയുടെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് ആഴത്തില്‍ പഠിക്കും മുമ്പ് ഒരേ അച്ചില്‍ വാര്‍ത്ത പോലെയുള്ള ഈ പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല.

തുടക്കത്തില്‍ സൂചിപ്പിച്ച മൂന്ന് നിയമങ്ങളും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ആദ്യ രണ്ട് ദിവസങ്ങളില്‍ കാര്യമായ പ്രതിഷേധങ്ങളൊന്നും ഉയര്‍ന്നിരുന്നില്ല. എന്നാല്‍ മൂന്നാം ദിവസം മുതല്‍ റിമോട്ട് ഇടുംപോലെ പ്രതിഷേധങ്ങളുടെ വേലിയേറ്റമായിരുന്നു. ഇതിനെല്ലാം പിന്നില്‍ ഇന്ത്യയെന്ന രാജ്യം അശാന്തമായി നിലനില്‍ക്കണമെന്ന താല്‍പര്യമുള്ള ആരുടെയൊക്കെയോ ഇടപെടല്‍ സംശയിക്കുന്നതില്‍ തെറ്റില്ല.

പൗരത്വ, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടും അതിന്റെ അനുബന്ധ സംഘടനകളും വളരെയധികം സജീവമായിരുന്നു. ചൈനീസ് വേരുകളുള്ള വ്യാജ കമ്പനികളില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്നതും അടുത്തിടെ മറനീക്കി പുറത്തു വന്ന കാര്യമാണ്. പ്രവാചക നിന്ദ വിഷയത്തില്‍ പോലും ഇന്ത്യയെ മോശമാക്കുന്ന രീതിയിലുള്ള നീക്കങ്ങളാണ് ഇത്തരം സംഘടനകളില്‍ നിന്നുണ്ടായത്.

ഇനി അഗ്നിപഥിന്റെ കാര്യമെടുത്താല്‍ പ്രതിഷേധങ്ങള്‍ക്കെല്ലാം ഒരു കേന്ദ്രീകൃത സ്വഭാവമുണ്ട്. പ്രക്ഷോഭം എന്ന പേരില്‍ തെരുവിലിറങ്ങിയവരെല്ലാം ആദ്യ ദിനം മുതല്‍ തന്നെ എല്ലാം തല്ലിത്തകര്‍ക്കാനും നശിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഇതാണ് സംശയത്തിന് ഇടവരുത്തുന്നതും.

എന്താണ് അഗ്നിപഥ് പദ്ധതി

17.5 വയസു മുതല്‍ 21 വയസു വരെയുള്ളവരെ ചുരുങ്ങിയ കാലത്തേക്ക് സൈന്യത്തിലേക്ക് നിയമിക്കുന്നതാണ് പദ്ധതി. നാല് വര്‍ഷമായിരിക്കും സേവനകാലാവധി. പ്രക്ഷോഭം തുടങ്ങിയപ്പോള്‍ കേന്ദ്രം കാലാവധി നീട്ടിയിരുന്നു. 'അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് വഴി നിയമിതരാവുന്ന സേനാംഗങ്ങള്‍ അഗ്‌നിവീരന്മാര്‍ എന്നറിയപ്പെടും. സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും.

സേനകളില്‍ താത്പര്യമുള്ള, എന്നാല്‍ അധിക കാലം ജോലി ചെയ്യാന്‍ താത്പര്യമില്ലാത്ത യുവാക്കള്‍ക്ക് അഗ്‌നിപഥ് ഗുണം ചെയ്യും. 45,000 പേരെയാണ് റിക്രൂട്ട് ചെയ്യുക. ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക.

ജൂലൈ 2023 ഓടെ ആദ്യ ബാച്ച് സജ്ജമാകും. പെന്‍ഷനില്ലെങ്കിലും മികച്ച ശമ്പളവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവര്‍ക്കുണ്ടായിരിക്കും. പദ്ധതി വിജയിക്കുകയാണെങ്കില്‍ വാര്‍ഷിക പ്രതിരോധ ബജറ്റില്‍ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്.

ആറു മാസ പരിശീലനത്തിന് ശേഷം വിവിധമേഖലകളില്‍ നിയമിതരാവുന്ന ഇവരില്‍ മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. ബാക്കി 75 ശതമാനം പേര്‍ക്ക് 11.71 ലക്ഷം രൂപ എക്സിറ്റ് പാക്കേജ് നല്‍കും. ഇവര്‍ക്ക് പിരിഞ്ഞുപോയി സാധാരണ ജോലികളില്‍ പ്രവേശിക്കാം. പുതിയ ജോലി കണ്ടെത്താന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകും.

പരിശീലനം ലഭിച്ച ഇവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇതിനകം തന്നെ താത്പര്യം പ്രകടിപ്പിച്ചതായി നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അഗ്‌നിവീരന്മാര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ ക്രെഡിറ്റോ നല്‍കും.

ചുരുങ്ങിയ കാലം, ഉയര്‍ന്ന ശമ്പളം

ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു ശരാശരി കൗമാരക്കാരന്റെ 17 മുതല്‍ 21 വയസ് വരെയുള്ള പ്രായം പ്രത്യേക ജോലിയൊന്നുമില്ലാതെ വീട്ടുകാരെ ആശ്രയിക്കുന്ന കാലഘട്ടമാണ്. ഇവിടെയാണ് അഗ്നിപഥിന്റെ പ്രസക്തി. വെറും നാലു വര്‍ഷം കൊണ്ട് സാമ്പത്തികവും വ്യക്തിപരവുമായ ഗുണം അഗ്നിപഥില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. ചുരുങ്ങിയ കാലയളലവില്‍ നല്ലൊരു സമ്പാദ്യം ഉണ്ടാകുന്നത് മോശം കാര്യമല്ലല്ലോ.

തുടക്കത്തില്‍ വാര്‍ഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും, ഇത് സേവനം അവസാനിക്കുമ്പോള്‍ 6.92 ലക്ഷമായി ഉയരും. 30000- 40000 രൂപയായിരിക്കും മാസശമ്പളം. ഒപ്പം അലവന്‍സുകളും നോണ്‍-കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ ഉണ്ടായിരിക്കില്ലെന്ന് പ്രതിരോധ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.

നാല് വര്‍ഷത്തിന് ശേഷം പിരിയുമ്പോള്‍ പി.എഫിന് സമാനമായ സാമൂഹിക സുരക്ഷാ പദ്ധതി 'സേവാനിധി' പാക്കേജ്' എന്ന പേരില്‍ 11.7 ലക്ഷം രൂപ നല്‍കും. ഇതിന് ആദായനികുതി അടയ്ക്കേണ്ടതില്ല. സേവനത്തിനിടെ സൈനികന്‍ മരിച്ചാല്‍ 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് സഹായം കുടുംബാംഗങ്ങള്‍ക്ക് ലഭിക്കും. പ്രീമിയം ഈടാക്കാതെയാണ് ഈ പരിരക്ഷ. സര്‍വീസുമായി ബന്ധപ്പെട്ട് 44 ലക്ഷം രൂപകൂടി കുടുംബത്തിന് ലഭിക്കും. സേവാനിധിയിലെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഒരു കോടിയിലേറെ രൂപ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കും.


പ്രതിഷേധത്തിന്റെ കാരണങ്ങള്‍


അഗ്നിപഥിന്റെ വലിയൊരു പോരായ്മ സേവന കാലാവധി തന്നെയാണ്. സൈനിക സേവനമെന്നത് വെറുമൊരു കരാര്‍ ജോലിയല്ലെന്ന വിമര്‍ശനവും പ്രതിഷേധക്കാര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. പലരും സൈന്യത്തില്‍ ചേരാനായി തയാറെടുക്കുന്നത് പോലും ആ ജോലിയുള്ള ഇഷ്ടവും പാഷനും കൊണ്ടാണ്. ഒരു സൈനികനെന്ന നിലയിലേക്ക് ഒരാള്‍ പ്രാപ്തനാകാന്‍ നാലു മുതല്‍ ആറു വര്‍ഷം വരെ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

രാജ്യ സ്‌നേഹത്തിനൊപ്പം നല്ലൊരു കരിയര്‍ എന്ന നേട്ടം കൂടിയാണ് ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്നത്. വെറും നാലു വര്‍ഷം സൈനികാനായ ശേഷം വീണ്ടും മറ്റൊരു തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കേണ്ടി വരുമെന്നതാണ് പലരെയും ഈ പദ്ധതിക്കെതിരേ രംഗത്തിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

അഗ്നിപഥ് പദ്ധതി വരുന്നതോടെ സൈന്യത്തിലേക്കുള്ള മറ്റ് റിക്രൂട്ട്‌മെന്റുകള്‍ നിലയ്ക്കുമെന്ന ഭയം പലര്‍ക്കുമുണ്ട്. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി വലിയ തോതില്‍ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട പലരും വിളി കാത്തിരിക്കുകയാണ്. അപ്പോഴാണ് അഗ്നിപഥ് പദ്ധതിയുമായി രംഗത്തെത്തിയത്.

കാര്‍ഷിക ബില്ലില്‍ കേന്ദ്രം കാട്ടിയ തിടുക്കം അഗ്നിപഥിലും ഉണ്ടായെന്ന വിമര്‍ശനവും ശക്തമാണ്. കൂടുതല്‍ കൂടിയാലോചനകള്‍ നടത്തിയായിരുന്നു പദ്ധതി പ്രഖ്യാപിച്ചിരുന്നതെങ്കില്‍ ഇത്ര വലിയ കോലാഹലം ഉണ്ടായേക്കില്ലെന്ന വാദവും ഉയര്‍ന്നു വരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.