കാമല്‍ഡോളി സഭയുടെ സ്ഥാപകനായ വിശുദ്ധ റോമുവാള്‍ഡ്

കാമല്‍ഡോളി സഭയുടെ സ്ഥാപകനായ വിശുദ്ധ റോമുവാള്‍ഡ്

അനുദിന വിശുദ്ധര്‍ - ജൂണ്‍ 19

റാവെന്നായിലെ ഹോനെസ്റ്റി എന്ന് വിളിക്കപ്പെടുന്ന പ്രഭുക്കന്‍മാരുടെ കുടുംബത്തില്‍ 956 ലാണ് വിശുദ്ധ റോമുവാള്‍ഡ് ജനിക്കുന്നത്. ഇരുപത് വയസ് പ്രായമുള്ളപ്പോള്‍ പിതാവ് സെര്‍ജിയൂസ് പ്രഭു സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് തന്റെ ബന്ധുവായ ഒരാളെ വധിച്ചു.

ഇതിന് സാക്ഷ്യം വഹിക്കേണ്ടി വന്നതില്‍ പശ്ചാത്തപിച്ച് റോമുവാള്‍ഡ് അടുത്തുള്ള ബെനഡിക്ടന്‍ ആശ്രമത്തില്‍ 14 ദിവസത്തോളം കഠിനമായ വൃതമനുഷ്ഠിച്ചു. അവിടത്തെ ജീവിത രീതികളും ദൈവഭക്തനായ ഒരു അത്മായ സഹോദരന്റെ ഉപദേശവും മൂലം ആ ആശ്രമത്തില്‍ ചേരുവാന്‍ റോമുവാള്‍ഡ് തീരുമാനിച്ചു.

ഏതാണ്ട് ഏഴു വര്‍ഷത്തോളം അദ്ദേഹം അവിടെ ചിലവഴിച്ചു. എന്നാല്‍ അസൂയാലുക്കളായ ചില സന്യാസിമാര്‍ നടത്തിയ ഗൂഡാലോചനയെ തുടര്‍ന്ന് വിശുദ്ധന്‍ അവിടത്തെ ആശ്രമാധിപന്റെ അനുവാദത്തോടെ ആ ആശ്രമം ഉപേക്ഷിച്ച് വെനീസിന്റെ സമീപപ്രദേശത്ത് എത്തുകയും ദിവ്യനായ മാരിനൂസ് എന്ന സന്യാസിയുടെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഈ ഗുരുവിന്റെ കീഴില്‍ റോമുവാള്‍ഡ് ആത്മീയമായി ഒരുപാടു പുരോഗതി പ്രാപിച്ചു.

പീറ്റര്‍ ഉര്‍സ്യോളിയായിരുന്നു അപ്പോള്‍ വെനീസിലെ മുഖ്യ ന്യായാധിപന്‍. അദ്ദേഹം വിശുദ്ധരായ ഗ്വാരിനൂസിനോടും മാരിനൂസിനോടും റോമുവാള്‍ഡിനോടും ഉപദേശങ്ങള്‍ ആരാഞ്ഞിരുന്നു. സന്യാസ ജീവിതമായിരുന്നു ഇവര്‍ അദ്ദേഹത്തിന് ഉപദേശിച്ചത്. അദ്ദേഹം അതിനു സമ്മതിക്കുകയും ചെയ്തു.

പിന്നീട് മാരിനൂസും റോമുവാള്‍ഡും കുസാന് സമീപത്തുള്ള ഒരു മരുഭൂമിയിലേക്ക് പോയി അവിടെ സന്യാസ ജീവിതം നയിച്ചു. റോമുവാള്‍ഡ് ആയിരുന്നു അവിടത്തെ ആശ്രമാധിപന്‍. ക്രമേണ അവരെ കാണുവാന്‍ വരുന്ന ആളുകളുടെ എണ്ണം കൂടി. പിന്നീട് ഉര്‍സ്യോളിയും തന്റെ ആശ്രമം വിശുദ്ധ റോമുവാള്‍ഡിന്റെ മരുഭൂമിയിലേക്ക് മാറ്റുകയും വിശുദ്ധന്റെ ഉപദേശമനുസരിച്ച് ജീവിക്കുകയും ചെയ്തു.

ആ പ്രദേശത്തെ പ്രഭുവായിരുന്ന ഒലിവര്‍ ഒരു ദുര്‍മാര്‍ഗിയും ഭൗതിക സുഖഭോഗങ്ങളില്‍ മുഴുകി ജീവിച്ചിരുന്ന വ്യക്തിയുമായിരുന്നു. അദ്ദേഹം വിശുദ്ധന്റെ ഉപദേശങ്ങളാല്‍ മനപരിവര്‍ത്തനത്തിന് വിധേയനാവുകയും അനുതപിച്ച് വിശുദ്ധ ബെനഡിക്ടിന്റെ സഭയില്‍ ചേരുകയും ചെയ്തു.

വൈകാതെ വിശുദ്ധന്‍ ക്ലാസിസ് എന്ന സ്ഥലത്തു പോയി ഏകാന്തവാസമാരംഭിച്ചു. അധികം നാള്‍ കഴിയുന്നതിനു മുമ്പ് തന്നെ ക്ലാസിസിലെ സന്യാസിമാര്‍ റോമുവാള്‍ഡിനെ അവരുടെ ആശ്രമത്തിന്റെ മേലധികാരിയാക്കി. റാവെന്നായിലെ ഒത്തോ മൂന്നാമന്‍ ചക്രവര്‍ത്തിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു അത്. ചക്രവര്‍ത്തി വിശുദ്ധന്റെ ഇടുങ്ങിയ മുറിയില്‍ പോയി കാണുകയും ആ രാത്രിയില്‍ അദ്ദേഹത്തിന്റെ ലളിതമായ മെത്തയില്‍ കിടന്നുറങ്ങുകയും ചെയ്തു.

എന്നാല്‍ വിശുദ്ധന്റെ കഠിനമായ ആശ്രമ രീതികളും നിയമങ്ങളും കാരണം ആ സന്യാസിമാര്‍ അധികം താമസിയാതെ തന്നെ തങ്ങളുടെ അധികാരിയില്‍ അസന്തുഷ്ടരായി. അവരെ നന്നാക്കിയെടുക്കുവാനുള്ള ശ്രമങ്ങളെല്ലാം പാഴായപ്പോള്‍ വിശുദ്ധന്‍ ചക്രവര്‍ത്തിയുടെ അടുത്ത് പോയി തന്റെ പദവി ഉപേക്ഷിച്ചു.

വിശുദ്ധ ബോനിഫസും വിശുദ്ധ റോമുവാള്‍ഡിന്റെ ശിക്ഷ്യഗണത്തില്‍ ഉള്‍പ്പെട്ടിരുന്നു. അദ്ദേഹം അനേകം ആശ്രമങ്ങള്‍ പണികഴിപ്പിച്ചു. പാരെന്‍സോയില്‍ പണികഴിപ്പിച്ച ഒരാശ്രമത്തിലായിരുന്നു വിശുദ്ധന്‍ മൂന്ന് വര്‍ഷക്കാലം കഴിഞ്ഞത്. അവിടെ വെച്ച് അദ്ദേഹത്തിന് അസാധാരണമായ ഒരു പ്രകാശത്തിലൂടെ ദൈവം പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു.

ഇക്കാലയളവില്‍ റോമുവാള്‍ഡ് സങ്കീര്‍ത്തനങ്ങളുടെ ഒരു വ്യാഖ്യാനം തയ്യാറാക്കി. സംഭവിക്കാനിരിക്കുന്ന പല കാര്യങ്ങളും വിശുദ്ധന്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു. പോളായിലെ മെത്രാന്റെ അപേക്ഷ പ്രകാരം അദ്ദേഹം തന്റെ ആശ്രമം മാറ്റുവാന്‍ തീരുമാനിച്ചു. അതിനായുള്ള കടല്‍ യാത്രക്കിടെ കൊടുങ്കാറ്റിനേയും ഇളകി മറിയുന്ന കടലിനേയും ശാന്തമാക്കികൊണ്ട് വിശുദ്ധന്‍ സുരക്ഷിതനായി കാപ്പറോളയില്‍ എത്തി.

പിന്നീട് മാര്‍പാപ്പായുടെ അനുവാദ പ്രകാരം വിശുദ്ധന്‍ സുവിശേഷ പ്രഘോഷണത്തിനായി ഹംഗറിയിലേക്ക് പോയി. ഹംഗറിയില്‍ എത്തുന്നതിന് മുമ്പായി അദ്ദേഹത്തിന് മാരകമായ രോഗം പിടിപ്പെട്ടു. അതിനാല്‍ തന്റെ ഏഴ് അനുയായികളുമായി തിരികെ വന്നു. ഇതിനിടെ റോമുവാള്‍ഡിനെ പാപ്പാ റോമിലേക്ക് വിളിപ്പിച്ചു. അവിടെ നിരവധി ആശ്രമങ്ങള്‍ പണിയുകയും നിരവധിപേരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് അടുപ്പിക്കുകയും ചെയ്തു.

റോമില്‍ നിന്നും തിരിച്ചു വന്ന വിശുദ്ധന്‍ സിട്രിയ മലയില്‍ കുറേക്കാലം താമസിച്ചു. ഏഴ് വര്‍ഷത്തോളം അദ്ദേഹം സിട്രിയയില്‍ താമസിച്ചു. തന്റെ വാര്‍ദ്ധക്യ കാലത്തിലും വിശുദ്ധന്‍ വളരെ കഠിനമായ ആശ്രമ ചര്യകളായിരുന്നു പിന്തുടര്‍ന്നിരുന്നത്. സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ ഒഴിവാക്കിയിരുന്നു.

അവിടെ ഒരു ആശ്രമം പണികഴിപ്പിച്ച് തന്റെ അനുയായികളെ താമസിപ്പിച്ചതിനു ശേഷം വിശുദ്ധന്‍ ബിഫുര്‍ക്കമിലേക്ക് പോയി. ഓത്തൊ മൂന്നാമന് ശേഷം അധികാരത്തില്‍ വന്ന ഹെന്‍ട്രി രണ്ടാമന്‍ ചക്രവര്‍ത്തി വിശുദ്ധനെ വളരെയേറെ ആദരവോട്ടു കൂടി തന്റെ രാജധാനിയില്‍ സ്വീകരിക്കുകയും അമിയാറ്റൂസ് മലനിരയില്‍ ഒരാശ്രമം പണികഴിപ്പിച്ച് നല്‍കുകയും ചെയ്തു.

ടസ്‌കാനിയിലെ ആരെസോയിലുള്ള കാമല്‍ഡോളി ആശ്രമമായിരുന്നു റോമുവാള്‍ഡിന്റെ ഏറ്റവും പ്രസിദ്ധമായ ആശ്രമം. 1009 ലാണ് ഈ ആശ്രമം പണികഴിപ്പിക്കുന്നത്. മാല്‍ഡോളിയെന്ന ആളില്‍ നിന്നുമായിരുന്നു ആ സ്ഥലം വാങ്ങിയത്. അതിനാലാണ് ആ ആശ്രമം കാമല്‍ഡോളി എന്ന് വിളിക്കപ്പെട്ടത്.

ഇവിടെ അദ്ദേഹം വിശുദ്ധ ബെനഡിക്ടിന്റെ ആശ്രമ നിയമങ്ങളായിരുന്നു പിന്തുടര്‍ന്നിരുന്നത്. അവിടെ നിന്നും കാമല്‍ഡോളി എന്ന് വിളിക്കപ്പെടുന്ന പുതിയൊരു സന്യാസി സമൂഹം ഉടലെടുത്തു. തന്റെ സന്യാസിമാര്‍ വെളുത്ത വസ്ത്രവും ധരിച്ച് ഒരു കോവണി വഴി സ്വര്‍ഗത്തിലേക്ക് പോകുന്നതായി ദര്‍ശനം ലഭിച്ച വിശുദ്ധന്‍ തന്റെ സന്യാസിമാരുടെ കറുത്ത വസ്ത്രം മാറ്റി വെളുത്ത വസ്ത്രമാക്കി.

ഈ ആശ്രമത്തില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. മരിക്കുമ്പോള്‍ ഏതാണ്ട് എഴുപതു വയസായിരുന്നു പ്രായം. ജൂണ്‍ 19 നായിരുന്നു മരണം. പിന്നീട് കാമല്‍ഡോളി സന്യാസി സമൂഹം വിവിധ സന്യാസ സമൂഹങ്ങളായി വിഭജിക്കപ്പെട്ടു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. മിലാനിലെ ഗെര്‍വ്വസും പ്രോത്താസും

2. അരസോടസ്‌കനിയിലെ ഗൗദെന്‍സിയൂസ്

3. വാലിസ് ഗലീലെയായിലെ ദെയോദാത്തൂസ്

4. മേള്‍സബര്‍ഗ് ആര്‍ച്ച് ബിഷപ്പായ ബോനിഫസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26