ന്യൂസീലന്‍ഡില്‍ ആകാശത്ത് നീല നിറത്തില്‍ പ്രകാശ വളയങ്ങള്‍; അമ്പരന്ന് ജനം

ന്യൂസീലന്‍ഡില്‍ ആകാശത്ത് നീല നിറത്തില്‍ പ്രകാശ വളയങ്ങള്‍; അമ്പരന്ന് ജനം

വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡില്‍ ആകാശത്ത് കഴിഞ്ഞ ദിവസം രാത്രി കണ്ട അസാധാരണമായ പ്രതിഭാസത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു. ജനങ്ങള്‍ക്ക് വിസ്മയവും അമ്പരപ്പും ഒരുപോലെ സമ്മാനിച്ച ദുരൂഹമായ ആകാശവിസ്മയം സ്റ്റുവര്‍ട്ട് ഐലന്‍ഡിലാണു ദൃശ്യമായത്. നീല നിറത്തില്‍, അസാധാരണമായ ശോഭയുള്ള പ്രകാശവളയങ്ങളാണ് ആകാശത്ത് കണ്ടത്.

ഞായറാഴ്ച്ച രാത്രി ഏകദേശം 7.25-നാണ് ഈ പ്രത്യേകതരം വെളിച്ചം ആകാശത്ത് നീങ്ങുന്നതായി ജനങ്ങളുടെ ശ്രദ്ധയില്‍പെട്ടത്. സ്റ്റുവര്‍ട്ട് ഐലന്‍ഡിലെ നക്ഷത്രനിരീക്ഷണ ഗൈഡായ അലസ്ഡെയര്‍ ബേണ്‍സിന് പ്രദേശവാസികളാണ് ഈ പ്രതിഭാസത്തെക്കുറിച്ച് വിവരം കൈമാറിയത്.


ന്യൂസീലന്‍ഡില്‍ ആകാശത്ത് കഴിഞ്ഞ ദിവസം രാത്രി കണ്ട പ്രകാശവളയങ്ങള്‍

നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്ത് നീല നിറത്തില്‍ ചുഴി പോലെ കാണപ്പെട്ട പ്രകാശവലയത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി അലസ്ഡെയര്‍ ബേണ്‍സ് ഉള്‍പ്പെടെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടത്. ഇതോടെ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി.

അന്യഗ്രഹജീവികളുടെ സാന്നിധ്യമാണെന്ന മട്ടില്‍ ചിലര്‍ പ്രചാരണം നടത്തി. എന്നാല്‍ സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപണത്തില്‍ നിന്നു പുറന്തള്ളപ്പെട്ട പുക പ്രത്യേക ആകൃതി സ്വീകരിച്ചതാണെന്ന സാധ്യതയാണ് ന്യൂ പ്ലൈമൗത്ത് അസ്ട്രോണമിക്കല്‍ സൊസൈറ്റി പങ്കുവച്ചത്.

സമാനമായ കാഴ്ച്ചകള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് സൊസൈറ്റി അധികൃതര്‍ പറഞ്ഞു. സ്പേസ് എക്സിന്റെ ഗ്ലോബല്‍സ്റ്റാര്‍ ഉപഗ്രഹ വിക്ഷേപണം ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു. ഫ്‌ളോറിഡയിലെ കേപ് കനാവറല്‍ സ്പേസ് സ്റ്റേഷനില്‍നിന്ന് വിക്ഷേപിച്ച റോക്കറ്റ് ന്യൂസിലാന്‍ഡിനെ കടന്നുപോയിരിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനവും ഗവേഷകര്‍ പങ്കുവയ്ക്കുന്നു.

റോക്കറ്റില്‍ നിന്ന് പുറന്തള്ളപ്പെടുന്നവയില്‍ വെള്ളവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും അടങ്ങിയിട്ടുണ്ട്. അത് ബഹിരാകാശത്ത് ഹ്രസ്വനേരത്തേക്കു മേഘമായി മാറാറുണ്ട്. സൂര്യപ്രകാശം തട്ടുമ്പോള്‍ ഇവ തിളക്കമുള്ളതായി മാറുമെന്ന് അലസ്ഡെയര്‍ ബേണ്‍സ് പറഞ്ഞു.

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതതയിലുള്ള സ്‌പേസ് എക്‌സിന്റെ പല റോക്കറ്റുകളും ലോകത്തിന്റെ പല മേഖലകളിലും ഇത്തരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.