തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കാലത്ത് ടെക്‌നോപാര്‍ക്ക് സുരക്ഷയ്ക്കായി അവശ്യപ്പെട്ടതിലധികം പൊലീസിനെ നല്‍കിയത് വിവാദമാകുന്നു. ബഹ്‌റയുടെ 1.70 കോടി രൂപയുടെ ബാധ്യത വരുത്തിയ നടപടി സംസ്ഥാന പൊലീസിനു തലവേദനയായിരിക്കുകയാണ്. ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നു നിര്‍ദേശം നല്‍കാന്‍ ഡിജിപി അനില്‍ കാന്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കി.
അധികമായി നല്‍കിയ 18 വനിതാ പൊലീസുകാരെ ടെക്‌നോപാര്‍ക്കില്‍ നിന്നു ഡിജിപി പിന്‍വലിക്കുകയും ചെയ്തു. ബെഹ്‌റയുടെ ഭാര്യ ജോലി നോക്കിയ കമ്പനിയിലെ സുരക്ഷയ്ക്കായി തങ്ങള്‍ ആവശ്യപ്പെടാതെയാണ് അധിക പൊലീസിനെ നല്‍കിയതെന്നാണു ടെക്‌നോപാര്‍ക്ക് അധികൃതര്‍ ഡിജിപിയെ അറിയിച്ചത്. എന്നാല്‍ ഇവര്‍ വാക്കാല്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അധിക പൊലീസിനെ നല്‍കിയതെന്നാണ് ബെഹ്‌റ ഡിജിപി അനില്‍ കാന്തിനെ അറിയിച്ചത്.
ടെക്‌നോപാര്‍ക്കിന്റെ സുരക്ഷ കേരള പൊലീസിനു കീഴിലെ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനാണ്. സുരക്ഷയ്ക്കായി പൊലീസിനു ടെക്‌നോപാര്‍ക്ക് പണം നല്‍കുമെന്നു വ്യക്തമാക്കി 2017ല്‍ ധാരണാ പത്രത്തില്‍ ഒപ്പിട്ടു. 22 പൊലീസുകാരെയാണു ടെക്‌നോപാര്‍ക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ 40 പേരെ നിയോഗിച്ചു ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കുകയായിരുന്നു. 18 വനിതാ പൊലീസുകാരെയാണ് അധികമായി നല്‍കിയത്. സര്‍ക്കാരോ ടെക്‌നോപാര്‍ക്കോ അറിയാതെയായിരുന്നു ഇത്.
ആയുധവുമായി കാവല്‍ നില്‍ക്കുന്ന ഒരു പൊലീസുകാരന് ദിവസം 1500 രൂപയും ആയുധമില്ലാതെ കാവല്‍ നില്‍ക്കുന്ന പൊലീസുകാരന് 1400 രൂപയുമാണ് ടെക്‌നോപാര്‍ക്ക് സര്‍ക്കാരിനു നല്‍കുന്നത്. എല്ലാവര്‍ഷവും 22 പൊലീസുകാരുടെ ശമ്പളം ടെക്‌നോപാര്‍ക്ക് സര്‍ക്കാരിനു നല്‍കി. 18 പൊലീസുകാരുടെ ശമ്പളം കൂടി വേണമെന്നാവശ്യപ്പെട്ട് എസ്‌ഐഎസ്എഫ് കമന്‍ഡാന്റ് ടെക്‌നോപാര്‍ക്കിനു കത്തു നല്‍കി. എന്നാല്‍ സ്ഥാപനം ആവശ്യപ്പെടാതെ നിയോഗിച്ച പൊലീസുകാര്‍ക്കു ശമ്പളം നല്‍കില്ലെന്നു ടെക്‌നോപാര്‍ക്ക് സിഇഒ മറുപടി നല്‍കുകയായിരുന്നു.
കുടിശിക കുമിഞ്ഞിട്ടും അധികമായി നിയോഗിച്ചവരെ പിന്‍വലിച്ചില്ല. ബെഹ്‌റ വിരമിച്ചതിനു തൊട്ടടുത്ത ദിവസം അധികമായി നിയോഗിച്ച 18 പേരെയും ഡിജിപി അനില്‍ കാന്ത് പിന്‍വലിച്ചു.
ബെഹ്‌റ അധികമായി നിയോഗിച്ച പൊലീസുകാരുടെ ശമ്പള ഇനത്തില്‍ 1.70 കോടി ടെക്‌നോപാര്‍ക്ക് നല്‍കണമെന്നു ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അതു നല്‍കില്ലെന്നു ടെക്‌നോപാര്‍ക്ക് കടുത്ത നിലപാടെടുക്കുകയായിരുന്നു. ആരാണോ പൊലീസിനെ അധികമായി നിയമിച്ചത് അവരില്‍ നിന്നു പണം ഈടാക്കണമെന്നു എസ്‌ഐഎസ്എഫ് കമന്‍ഡാന്റ് ഡിജിപിയെ അറിയിച്ചു. അക്കൗണ്ടന്റ് ജനറല്‍ ഈ ക്രമക്കേടു കണ്ടുപിടിച്ചാല്‍ പുലിവാലാകുമെന്നു മനസിലാക്കിയതോടെ ആഭ്യന്തര വകുപ്പിനു കത്തെഴുതി അനില്‍ കാന്ത് തലയൂരുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.