അഭയ കേസ്: ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി; ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സ്റ്റെഫിയ്ക്കും ജാമ്യം

അഭയ കേസ്: ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി; ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സ്റ്റെഫിയ്ക്കും ജാമ്യം

കൊച്ചി: അഭയ കേസില്‍ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപ കെട്ടി വെക്കണം, സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അഭയ കേസുമായി ബന്ധപ്പെട്ട ശിക്ഷാവിധി റദ്ദാക്കിക്കൊണ്ട് തങ്ങള്‍ക്ക് ജാമ്യം അനുവദിക്കണം എന്നതായിരുന്നു ഫാദര്‍ തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സ്റ്റെഫിയുടെയും ആവശ്യം. ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.

തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് സിബിഐ കോടതി ശിക്ഷ വിധിച്ചതെന്നാണ് പ്രതികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ അപ്പീലില്‍ വിധി വരുന്നതു വരെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു ജാമ്യം അനുവദിക്കണം എന്നായിരുന്നു ഫാദര്‍ തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സ്റ്റെഫിയുടെയും ആവശ്യം.

കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരിക്കെ സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണു കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ 2020 ഡിസംബര്‍ 23ന് ഫാദര്‍ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസിന്റെ വിചാരണയടക്കമുള്ള നടപടികള്‍ നീതിപൂര്‍വ്വമായിരുന്നില്ലെന്ന് ഹര്‍ജിയില്‍ പ്രതികള്‍ വ്യക്തമാക്കുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ തോമസ് കോട്ടൂര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.