'ഗര്‍ഭഛിദ്രം കുറ്റകരം': അമേരിക്കന്‍ പരമോന്നത നീതിപീഠത്തിന്റെ ചരിത്ര വിധി; ഇത് കാത്തിരുന്ന നീതി

'ഗര്‍ഭഛിദ്രം കുറ്റകരം': അമേരിക്കന്‍ പരമോന്നത നീതിപീഠത്തിന്റെ ചരിത്ര വിധി; ഇത് കാത്തിരുന്ന നീതി

വ്യക്തി സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും മുന്‍തൂക്കം കൊടുക്കുന്ന അമേരിക്കയില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഇനി തുല്യതയ്ക്കും വ്യക്തി സ്വാതന്ത്ര്യത്തിനും അവകാശം.

വാഷിങ്ടണ്‍: ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയില്‍ സുപ്രീം കോടതിയുടെ ചരിത്ര വിധി. ഗര്‍ഭഛിദ്രത്തിന് രാജ്യവ്യാപകമായി ഭരണഘടനാ പരിരക്ഷയും നിയമ സാധുതയും നല്‍കിയ 1973-ലെ 'റോ വേഴ്‌സസ് വേഡ്' വിധി സുപ്രീം കോടതി അസാധുവാക്കി.

ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലരുതെന്ന മനുഷ്യാവകാശ സംഘടനകളുടെയും പ്രോ-ലൈഫ് പ്രസ്ഥാനങ്ങളുടെയും കാലങ്ങളായുള്ള ആവശ്യമാണ് സുപ്രീം കോടതി വിധിയോടെ സഫലമാകുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ അമേരിക്കയിലെ ഏറ്റവും ശക്തമായ വാദങ്ങള്‍ നടന്ന കേസാണിത്.

നിയമ പ്രകാരം ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും ഇഷ്ടമുള്ള തീരുമാനങ്ങളെടുക്കാം. അനുവദിക്കുന്നവര്‍ക്ക് അങ്ങനെയാവാം. എതിര്‍ക്കുന്നവര്‍ക്ക് അങ്ങനെയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളില്‍ ഇതിനകം ഗര്‍ഭഛിദ്രം നിരോധിച്ച് ശക്തമായ നിയമം കൊണ്ടുവന്നിട്ടുണ്ട്.

5-3-1-നായിരുന്നു വോട്ടെടുപ്പ്. ജസ്റ്റിസുമാരായ സ്റ്റീഫന്‍ ബ്രെയര്‍, സോണിയ സോട്ടോമേയര്‍, എലീന കഗന്‍ എന്നിവരാണ് ഈ നിരോധനത്തെ നിശിതമായി വിമര്‍ശിച്ചത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് നിയമിതരായ മൂന്ന് ജഡ്ജിമാര്‍ ഉള്‍പ്പെടെ ആറു പേരാണ് നിരോധനത്തിനു വേണ്ടി ശക്തമായി നിലകൊണ്ടത്.

കഴിഞ്ഞ മാസം സുപ്രീം കോടതി വിധിയുടെ കരട് പതിപ്പ് ചോര്‍ന്നത് അമേരിക്കയിലുടനീളം വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗര്‍ഭച്ഛിദ്രാനുകൂലികള്‍ വ്യാപക ആക്രമണമാണ് അഴിച്ചു വിട്ടത്. യു.എസില്‍ കത്തോലിക്ക പള്ളികളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍.

എന്താണ് റോ വേഴ്‌സസ് വേഡ് കേസ്?

1969 ല്‍ നോര്‍മ മകോര്‍വി ( 'ജെയിന്‍ റോ'എന്ന സാങ്കല്പിക നാമം ആണ് ഈ കേസിനെ പറ്റി പ്രതിപാദിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്) എന്ന സ്ത്രീ തന്റെ മൂന്നാമത്തെ കുട്ടിയെ ഗര്‍ഭഛിദ്രം ചെയ്യാന്‍ ഡോക്ടറെ സമീപിച്ചു. അവര്‍ താമസിച്ചിരുന്ന ടെക്‌സാസ് സംസ്ഥാനത്ത് അന്ന് ഗര്‍ഭഛിദ്രം നിയമാനുസൃതമായിരുന്നില്ല. അതിനാല്‍ ഡോക്ടര്‍ അവരോട് കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു.

ടെക്‌സസിലെ ഡാളസ് ഡിസ്ട്രിക്ട് അറ്റോര്‍ണി ' ഹെന്ററി വേഡിന് എതിരെ യു.എസ് ഫെഡറല്‍ കോര്‍ട്ടില്‍ കേസ് എത്തി. അന്ന് അമ്മയുടെ ജീവന്‍ രക്ഷിക്കാനല്ലാതെ ഗര്‍ഭഛിദ്രം അനുവദനീയമായിരുന്നില്ല ടെക്‌സസില്‍. അത് ഭരണഘടനാ അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന് എതിരാണെന്ന് വാദി ഭാഗം വാദിച്ചു. മൂന്നു പേരടങ്ങുന്ന പാനല്‍ ' ജെയിന്‍ റോ'യ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു.

കേസ് പിന്നീട് സുപ്രീം കോചതിയിലെത്തി. 1973 ജനുവരിയില്‍ കീഴ്ക്കോടതിയുടെ വിധി ശരിവച്ച് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ഗര്‍ഭഛിദ്രം ഒരു സ്ത്രീയുടെ അവകാശമാണെന്നും ഭരണഘടന അതു അനുശാസിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. വളരെ കോളിളക്കം സൃഷ്ടിച്ച ഈ കേസ് ' റോ വേഴ്‌സസ് വേഡ് ' എന്ന പേരില്‍ അറിയപ്പെട്ടു.

പിന്നീട് 1992 ല്‍ കോടതി ഈ കേസ് വീണ്ടും പഠിച്ചു; വീണ്ടും ശരിവച്ചു. 'പ്ലാന്‍ഡ് പേരന്റ് ഹുഡ് ' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഗര്‍ഭഛിദ്രം പിന്നെയും നിയമാനുസൃതമായി തന്നെ തുടര്‍ന്നു. അതിനാണ് അമേരിക്കന്‍ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി പ്രസ്താവത്തിലൂടെ നിരോധനം കുറിയ്ക്കപ്പെടുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.