ഗര്‍ഭഛിദ്ര നിരോധനത്തിന് കൂടുതല്‍ സംസ്ഥാനങ്ങള്‍; വിധിക്കെതിരെ അമേരിക്കയില്‍ അഴിഞ്ഞാട്ടം

ഗര്‍ഭഛിദ്ര നിരോധനത്തിന് കൂടുതല്‍ സംസ്ഥാനങ്ങള്‍; വിധിക്കെതിരെ അമേരിക്കയില്‍ അഴിഞ്ഞാട്ടം

വാഷിങ്ടണ്‍: ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച് 'റോ വേഴ്സസ് വേഡ്' വിധി സുപ്രീം കോടതി അസാധുവാക്കിയതോടെ അമേരിക്കയില്‍ ഗര്‍ഭഛിദ്രനിരോധന നിയമം പാസാക്കാനൊരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍. ഗര്‍ഭഛിദ്രം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം കൈക്കൊള്ളാമെന്ന കോടതി വിധിയൂടെ പശ്ചാത്തലത്തിലാണ് പകുതിയോളം സംസ്ഥാനങ്ങള്‍ക്ക് പുറമേ കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൂടി ഗര്‍ഭഛിദ്ര നിരോധന നിയമം കൊണ്ടുവരാന്‍ നീക്കം ആരംഭിച്ചത്.

യൂഎസിലെ 50 സംസ്ഥാനങ്ങളില്‍ 22 സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ നിയമങ്ങളോ ഭരണഘടനാ ഭേദഗതികളോ നിലവിലുണ്ട്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 12 ഓളം സംസ്ഥാനങ്ങളില്‍ കൂടി ആറാഴ്ച്ചയ്ക്കകം ഗര്‍ഭഛിദ്ര നിരോധന നിയമം പാസാക്കിയേക്കും. കോടതി ഉത്തരവ് സംബന്ധിച്ച വിശദാംശങ്ങള്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനാണ് ആറാഴ്ച്ചത്തെ സമയം.

വിധി സംബന്ധിച്ച് ജനങ്ങളില്‍ പൂര്‍ണ ബോധ്യം ഉണ്ടായ ശേഷം നിയമനിര്‍മാണത്തിലേക്ക് നീങ്ങിയാലെ അതു ഫലപ്രദമാകുകയുള്ളൂ എന്ന അഭിപ്രായമാണ് ഈ സംസ്ഥാനങ്ങള്‍ക്ക്. ടെക്‌സാസ് ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങള്‍ക്ക് പുറമേ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന ലൂസിയാന പോലുള്ള സംസ്ഥാനങ്ങളില്‍ വരെ ഇതിനോടകം തന്നെ ഗര്‍ഭഛിദ്ര നിരോധന നിയമം പാസാക്കിയിട്ടുണ്ട്.

അതേസമയം വിധി വന്നതിന് പിന്നാലെ ഗര്‍ഭഛിദ്രാനുകൂലികള്‍ അമേരിക്കയിലാകെയും പ്രത്യേകിച്ച് വാഷിങ്ടണിലും പ്രതിഷേധവുമായി തെരുവിലിറങ്ങി. നൂറുകണക്കിന് ആളുകളും ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന അഭിഭാഷകരും തടിച്ചുകൂടിയതോടെ സുപ്രീം കോടതിക്ക് മുന്നില്‍ സംഘര്‍ഷ സാധ്യത സൃഷ്ടിക്കപ്പെട്ടു.



വികാരഭരിതരായ ജനക്കൂട്ടം വിധിയെ വിമര്‍ശിക്കുകയും അതിരുകവിഞ്ഞ ഗര്‍ഭഛിദ്രാനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. പലപ്പോഴും ഇവരുടെ ആംഗ്യചലനങ്ങള്‍ കോടതിയെ അവഹേളിക്കുന്ന നിലയിലേക്ക് വരെ എത്തി. രാത്രി വൈകിയും ഇവിടെ നിന്നും ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. പിന്നീട് പൊലീസ് ശക്തമായ നടപടി സ്വീകരിച്ചാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.

അതേസമയം വിധിയെ അനുകൂലിച്ച് ധാരാളം ആളുകള്‍ രംഗത്തെത്തി. മനുഷ്യാവകാശങ്ങള്‍ക്കായുള്ള വലിയൊരു ചുവടുവയ്പാണിതെന്ന് വിര്‍ജീനിയയിലെ മൊണെറ്റയിലെ പ്രോ-ലൈഫ് പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന 24 കാരിയായ അന്ന ലൂലിസ് പറഞ്ഞു. 'സ്ത്രീകള്‍ക്ക് റോയെ ആവശ്യമില്ല!' എന്ന് എഴുതിയ ഒരു ബോര്‍ഡ് ഇവര്‍ പിടിച്ചിരുന്നു.

സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ജന്മാവകാശത്തെക്കുറിച്ചും ചിന്തിക്കണമെന്ന് പ്രൊ ലൈഫ് പ്രവര്‍ത്തകന്‍ പിയറ്റോഷ ഗുഡ്വിന്‍ പറഞ്ഞു. ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ കോടതി വിധിയില്‍ അഭിമാനമുണ്ടെന്ന് നോര്‍ത്ത് കരോലിനയിലെ ലംബര്‍ട്ടണില്‍ നിന്നുള്ള പ്രോ-ലൈഫ് ഡെമോക്രാറ്റായ 22 കാരന്‍ എഡ്വിന്‍ ഗാര്‍സിയ അര്‍സോള പറഞ്ഞു. ''ഞങ്ങളുടെ അധ്വാനം ഫലം കണ്ടു'' എന്നായിരുന്നു വിദ്യാര്‍ഥി നേതാവായ കാര സുപ്കസിന്റെ പ്രതികരണം.

ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലരുതെന്ന മനുഷ്യാവകാശ സംഘടനകളുടെയും പ്രോ-ലൈഫ് പ്രസ്ഥാനങ്ങളുടെയും കാലങ്ങളായുള്ള ആവശ്യമാണ് സുപ്രീം കോടതി വിധിയോടെ സഫലമായത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ അമേരിക്കയിലെ ഏറ്റവും ശക്തമായ വാദങ്ങള്‍ നടന്ന കേസാണിത്.

ജസ്റ്റിസുമാരായ സ്റ്റീഫന്‍ ബ്രെയര്‍, സോണിയ സോട്ടോമേയര്‍, എലീന കഗന്‍ എന്നിവര്‍ നിരോധനത്തെ നിശിതമായി വിമര്‍ശിച്ചപ്പോള്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് നിയമിതരായ മൂന്ന് ജഡ്ജിമാര്‍ ഉള്‍പ്പെടെ ആറു പേര്‍ നിരോധനത്തിനു വേണ്ടി ശക്തമായി നിലകൊണ്ടു.



എന്താണ് റോ വേഴ്സസ് വേഡ് കേസ്?

1969 ല്‍ നോര്‍മ മകോര്‍വി ( 'ജെയിന്‍ റോ'എന്ന സാങ്കല്പിക നാമം ആണ് ഈ കേസിനെ പറ്റി പ്രതിപാദിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്) എന്ന സ്ത്രീ തന്റെ മൂന്നാമത്തെ കുട്ടിയെ ഗര്‍ഭഛിദ്രം ചെയ്യാന്‍ ഡോക്ടറെ സമീപിച്ചു. അവര്‍ താമസിച്ചിരുന്ന ടെക്സാസ് സംസ്ഥാനത്ത് അന്ന് ഗര്‍ഭഛിദ്രം നിയമാനുസൃതമായിരുന്നില്ല. അതിനാല്‍ ഡോക്ടര്‍ അവരോട് കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു.

ടെക്സസിലെ ഡാളസ് ഡിസ്ട്രിക്ട് അറ്റോര്‍ണി ' ഹെന്ററി വേഡിന് എതിരെ യു.എസ് ഫെഡറല്‍ കോര്‍ട്ടില്‍ കേസ് എത്തി. അന്ന് അമ്മയുടെ ജീവന്‍ രക്ഷിക്കാനല്ലാതെ ഗര്‍ഭഛിദ്രം അനുവദനീയമായിരുന്നില്ല ടെക്സസില്‍. അത് ഭരണഘടനാ അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന് എതിരാണെന്ന് വാദി ഭാഗം വാദിച്ചു. മൂന്നു പേരടങ്ങുന്ന പാനല്‍ ' ജെയിന്‍ റോ'യ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു.

കേസ് പിന്നീട് സുപ്രീം കോടതിയിലെത്തി. 1973 ജനുവരിയില്‍ കീഴ്‌ക്കോടതിയുടെ വിധി ശരിവച്ച് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ഗര്‍ഭഛിദ്രം ഒരു സ്ത്രീയുടെ അവകാശമാണെന്നും ഭരണഘടന അതു അനുശാസിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. വളരെ കോളിളക്കം സൃഷ്ടിച്ച ഈ കേസ് ' റോ വേഴ്സസ് വേഡ് ' എന്ന പേരില്‍ അറിയപ്പെട്ടു.

പിന്നീട് 1992 ല്‍ കോടതി ഈ കേസ് വീണ്ടും പഠിച്ചു; വീണ്ടും ശരിവച്ചു. 'പ്ലാന്‍ഡ് പേരന്റ് ഹുഡ് ' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഗര്‍ഭഛിദ്രം പിന്നെയും നിയമാനുസൃതമായി തന്നെ തുടര്‍ന്നു. അതിനാണ് അമേരിക്കന്‍ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി പ്രസ്താവത്തിലൂടെ നിരോധനം കുറിയ്ക്കപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.