'തിരക്കില്ലാത്ത ഫോട്ടോ എടുക്കാന്‍ വന്യജീവി ഫോട്ടോഗ്രാഫറുടെ സഹായം തേടിയോ'? ദേശീയപാത അതോറിറ്റിയെ കുടഞ്ഞ് സുപ്രീം കോടതി

'തിരക്കില്ലാത്ത ഫോട്ടോ എടുക്കാന്‍ വന്യജീവി ഫോട്ടോഗ്രാഫറുടെ സഹായം തേടിയോ'? ദേശീയപാത അതോറിറ്റിയെ കുടഞ്ഞ് സുപ്രീം കോടതി

കേരളത്തിലെ മഴ കാരണമാണ് പാലിയേക്കരയിലെ സര്‍വീസ് റോഡുകളുടെ പണി വൈകുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍. മഴ നിര്‍ത്തണമെന്ന ഉത്തരവ് ഇറക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലല്ലോ എന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍.

ന്യൂഡല്‍ഹി: പാലിയേക്കര ടോള്‍ ബൂത്തിലെ തിരക്കില്ലാത്ത റോഡിന്റെ ഫോട്ടോ എടുക്കാന്‍ ദേശീയപാത അതോറിറ്റി വന്യജീവി ഫോട്ടോഗ്രാഫറുടെ സഹായം തേടിയോയെന്ന് സുപ്രീം കോടതിയുടെ പരിഹാസം.

പാലിയേക്കരയിലെ തിരക്കില്ലാത്ത റോഡിന്റെ ദൃശ്യങ്ങള്‍ ദേശീയപാത അതോറിറ്റി സുപ്രീം കോടതിക്ക് കൈമാറിയപ്പോഴാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്. കാത്തു കാത്തിരുന്ന് ചിത്രമെടുക്കുന്ന വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തത് പോലുള്ള ചിത്രം ആണിതെന്നായിരുന്നു സുപ്രീം കോടതിയുടെ പരിഹാസം.

ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന കാര്യം സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക് ദൈവഹിതം മൂലം ഒരു ലോറി ബ്രേക്ക്ഡൗണ്‍ ആയതിനെ തുടര്‍ന്നാണെന്ന് ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.

ലോറി ബ്രേക്ക്ഡൗണ്‍ ആയത് ദൈവഹിതം കൊണ്ടല്ലെന്നും ദേശീയപാതയിലെ കുഴി കാരണമാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

മോശം റോഡിന് ജനം എന്തിന് ടോള്‍ നല്‍കണമെന്ന ചോദ്യം സുപ്രീം കോടതി ഇന്നും ആവര്‍ത്തിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കേണ്ട ദൂരം 11 മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കുന്നതിന് ടോള്‍ നല്‍കണമോ എന്നായിരുന്നു സുപ്രീം കോടതി ദേശീയ പാത അതോറിറ്റിയോട് ചോദിച്ചത്.

ഇത്രയും സമയമെടുത്ത് സഞ്ചരിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് അങ്ങോട്ടാണ് പണം നല്‍കേണ്ടതെന്നും കോടതി വാക്കാല്‍ പറഞ്ഞു. പണം മാത്രമല്ല, കുരുക്കില്‍പ്പെടുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്തേണ്ടതാണെന്ന് ടോളിനെതിരെ ഹര്‍ജി നല്‍കിയ കോണ്‍ഗ്രസ് നേതാവ് ഷാജി കോടന്‍കണ്ടത്തിന്റെ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ് കോടതിയില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ മഴ കാരണമാണ് പാലിയേക്കരയിലെ സര്‍വീസ് റോഡുകളുടെ പണി വൈകുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ അറിയാമെന്നും അദേഹം പറഞ്ഞു. എന്നാല്‍ മഴ കഴിഞ്ഞതിനു ശേഷം ടോള്‍ പിരിച്ചാല്‍ പോരേയെന്ന് കോടതി ആരാഞ്ഞു. മഴ നിര്‍ത്തണമെന്ന ഉത്തരവ് ഇറക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലല്ലോ എന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പാലിയേക്കര ഭാഗത്തേ ബ്ലാക്ക് സ്പോട്ടുകളിലെ നിര്‍മാണ പ്രവര്‍ത്തനം മൂന്നാമതൊരു കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുണ്ടെന്ന് ഗുരുവായൂര്‍ കണ്‍സ്ട്രന്‍ഷന്‍സ് എന്ന കരാര്‍ കമ്പനി ചൂണ്ടിക്കാട്ടി. മൂന്നാമത്തെ കമ്പനിയായ പിഎസ്ടിയുടെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ഗുരുവായൂര്‍ കണ്‍സ്ട്രക്ഷന്‍സ് കോടതിയെ അറിയിച്ചു.

പാലിയേക്കരയിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി തടഞ്ഞ കേരള ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജി വിധി പറയാനായി സുപ്രീം കോടതി മാറ്റി വെക്കുകയും ചെയ്തു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.