'മൃതിയടഞ്ഞ' ഉപഗ്രഹങ്ങളുടെ ശവപ്പറമ്പായി ബഹിരാകാശം മാറുന്നുവോ.?...

'മൃതിയടഞ്ഞ' ഉപഗ്രഹങ്ങളുടെ ശവപ്പറമ്പായി ബഹിരാകാശം മാറുന്നുവോ.?...

ഫ്‌ളോറിഡ: ഓരോ രാജ്യവും വലിയ അഭിമാനത്തോടെ ശൂന്യാകാശത്തേക്ക് വിക്ഷേപിക്കുന്ന റോക്കറ്റുകളും സാറ്റ്‌ലൈറ്റുകളും അതിന്റെ കാലാവധി കഴിഞ്ഞാല്‍ എന്തു സംഭവിക്കുന്നു എവിടേക്ക് പോകുന്നു എന്നു നമ്മള്‍ അന്വേഷിക്കാറില്ല. എന്നാല്‍ അരനൂറ്റാണ്ടിലേറെ ലോകരാജ്യങ്ങള്‍ ശൂന്യാകാശത്തേക്ക് അയച്ച ഉപഗ്രഹങ്ങള്‍ മാലിന്യമായി കുന്നുകൂടി 'മൃതിയടഞ്ഞ' ഉപഗ്രഹങ്ങളുടെ ശവപ്പറമ്പായി ബഹിരാകാശം മാറുകയാണോയെന്ന ആശങ്കയിലാണ് ശാസ്ത്ര ലോകം.

ബഹിരാകാശ പര്യവേഷണത്തിന് തുടക്കം കുറിച്ച 1950 മുതല്‍ 1960 വരെയുള്ള 10 വര്‍ഷം അമേരിക്കയും സോവിയറ്റ് യൂണിയനും ചേര്‍ന്ന് 750 ഓളം ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. പിന്നീട് ഇത് ഗണ്യമായി വര്‍ദ്ധിച്ചു. ഇതുവരെ 12,500 ഉപഗ്രഹങ്ങള്‍ വിവധ രാജ്യങ്ങള്‍ ഭ്രമണപഥത്തിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 4,500 എണ്ണം പ്രവര്‍ത്തനക്ഷമമായും 3,000 എണ്ണം ഉപയോഗശൂന്യമായെന്നുമാണ് കണക്ക്. ബാക്കിയുള്ളവ കത്തിത്തീരുകയോ ഭൂമിയില്‍ നിന്ന് അകന്നോ പോയിട്ടുണ്ടാകാമെന്ന് റാന്‍ഡ് കോര്‍പറേഷന്‍ എന്റര്‍പ്രൈസ് സപേസ് സംരംഭത്തിലെ അംഗമായ ലിഗോര്‍ പറഞ്ഞു.

അടുത്ത രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയയ്ക്കാനൊരുങ്ങുകയാണ് ലോകരാഷ്ട്രങ്ങള്‍. ഇതോടെ ബഹിരാകാശത്ത് ഉപഗ്രഹ സഞ്ചാരപദം തിരക്കേറിയതായി മാറും. ഇത് ബഹിരാകാശ മാലിന്യങ്ങളുടെ തോത് വര്‍ധിപ്പിക്കുമെന്നും മികച്ച 'ബഹിരാകാശ നിയമങ്ങള്‍' രൂപീകരിച്ച് നടപ്പാക്കിയില്ലെങ്കില്‍ ബഹിരാകാശം ഉപയോഗശൂന്യമായ ഒരു ശവപ്പറമ്പായി മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.



ഏകദേശം 10 സെന്റീമീറ്ററിലേറെ വ്യാസമുള്ള 36,000 ലധികം ബഹിരാകാശ മാലിന്യങ്ങളും 10 സെന്റീമീറ്റര്‍ വരെ വ്യാസമുള്ള ഒരു ദശലക്ഷം കഷണങ്ങളും ബഹിരാകാശത്ത് ഉണ്ടെന്ന് ഭൗമശാസ്ത്ര പഠനങ്ങള്‍ പറയുന്നു. അതിലും ചെറിയവയുടെ എണ്ണമെടുത്താല്‍ 170 ദശലക്ഷത്തിലധികം കഷണങ്ങള്‍ ഉണ്ടാകാം.

ബഹിരാകാശ മാലിന്യങ്ങള്‍ക്ക് മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ്. ഇത്തരം വലിയ ഉപഗ്രഹമാലിന്യങ്ങള്‍ക്ക് ഒരു ഉപഗ്രഹത്തെയോ ബഹിരാകാശ നിലയത്തെ തന്നയോ നശിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ പ്രവര്‍ത്തനരഹിതമാക്കുകയോ ചെയ്യാന്‍ കഴിയും. അവശിഷ്ടങ്ങള്‍ കൂട്ടിയിടിക്കുമ്പോള്‍ കുടുതല്‍ അവശിഷ്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇവ വീണ്ടും കൂട്ടിയിടികള്‍ക്ക് വിധേയമാകുകയും കഷണങ്ങളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയും ചെയ്യും. ഇത് അന്തരീക്ഷത്തെ വളരെ അപകടകരമായി അവസ്ഥയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഭൂമിയും മനുഷ്യരും ബഹിരാകാശ അവശിഷ്ടങ്ങളില്‍ നിന്ന് ഏറെക്കുറെ സൂരക്ഷിതാണെന്നു താല്‍കാലത്തേക്ക് ആശ്വസിക്കാം. ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍ സമുദ്രങ്ങളിലോ ജനവാസം കുറഞ്ഞ സ്ഥലങ്ങളിലോ ആണ് വീഴാറുള്ളത്. ജനവാസ മേഖലകളില്‍ ഇവ പതിച്ചതായുള്ള അനുഭവങ്ങള്‍ അധികമില്ല. എന്നാല്‍ ഈ സുരക്ഷിതത്വം എക്കാലം ഉണ്ടാകുമെന്നും പറയാനാകില്ല.



മാത്രമല്ല, ഇത്തരത്തില്‍ ഉപഗ്രങ്ങള്‍ ഭൂമിയിലേക്ക് പതിച്ചുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്കായിരിക്കുമെന്ന് നിശ്ചയിക്കാനുള്ള നിമയ സംവിധാനങ്ങള്‍ ഇല്ല എന്നതും വലിയ പോരായ്മയായി ലിഗോര്‍ ചൂണ്ടിക്കാട്ടുന്നു. ബഹിരാകാശത്ത് ഉണ്ടാകുന്ന കൂട്ടിയിടകളിലെ തെറ്റ് കണ്ടെത്താനുള്ള നിയമങ്ങളും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വരും നൂറ്റാണ്ടുകളില്‍ ബഹിരാകാശവും യുദ്ധക്കളമായേക്കുമോയെന്ന ആശങ്കയും ലിഗോര്‍ മുന്നോട്ട് വയ്ക്കുന്നു. സൈനികര്‍ ബഹിരാകാശത്ത് വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിലെ അപകടമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ സൈനത്തിന്റെ ഭാഗമായി അമേരിക്ക ബഹിരാകാശ സേനയക്ക് രൂപം നല്‍കി. ഫ്രഞ്ച് വ്യോമസേനയെ വ്യോമ ബഹിരാകാശ സേനയാക്കി മാറ്റി. നാറ്റോ ആകട്ടെ ബഹിരാകാശത്തെ ഒരു 'പ്രവര്‍ത്തന ഡൊമെയ്ന്‍' ആയി പ്രഖ്യാപിച്ചു. ഇത്തരം സൈനീക നീക്കങ്ങള്‍ വരാനിരിക്കുന്ന അപകടത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.