അടിയന്തരലാന്‍ഡിങ്: ഒഎന്‍ജിസിയുടെ ഹെലികോപ്ടര്‍ അറബിക്കടലില്‍ പതിച്ചു; നാല് പേര്‍ക്ക് ദാരുണാന്ത്യം

അടിയന്തരലാന്‍ഡിങ്: ഒഎന്‍ജിസിയുടെ ഹെലികോപ്ടര്‍ അറബിക്കടലില്‍ പതിച്ചു; നാല് പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്ടര്‍ അറബിക്കടലില്‍ പതിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷ (ഒഎന്‍ജിസി)ന്റെ ഹെലികോപ്റ്ററാണ് അടിയന്തര ലാന്‍ഡിങ് നടത്താനുള്ള ശ്രമത്തിനിടെ അറബിക്കടലില്‍ പതിച്ചത്. മൂന്ന് ഒഎന്‍ജിസി ജീവനക്കാര്‍ ഉള്‍പ്പടെ നാല് പേരാണ് മരിച്ചത്. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുകളും ഉള്‍പ്പടെ ഒമ്പത് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

മുംബൈ ഹൈയില്‍ സ്ഥിതി ചെയ്യുന്ന ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്റെ സായ് കിരണ്‍ റിഗിലായിരുന്നു ഹെലികോപ്ടര്‍ ഇറക്കാന്‍ പദ്ധതിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.

ഹെലികോപ്ടര്‍ യാത്രികരില്‍ ആറ് പേര്‍ ഒഎന്‍ജിസി ജീവനക്കാരും ഒരാള്‍ കമ്പനിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന കരാര്‍ ജീവനക്കാരനുമാണ്. മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന റിഗില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ലാന്‍ഡിങ് സോണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുമ്പ് സമുദ്രത്തിലേക്ക് പതിക്കുകയായിരുന്നുവെന്ന് കമ്പനി വക്താവ് അറിയിച്ചു.


ഹെലികോപ്ടര്‍ വീണതിന് സമീപത്ത് തന്നെയുണ്ടായിരുന്ന സാഗര്‍ കിരണ്‍ എന്ന ബോട്ടിലെ ജീവനക്കാര്‍ ഒരാളെ രക്ഷപ്പെടുത്തി. മാള്‍വിയ-16 എന്ന കപ്പലാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. എംആര്‍സിസി മുംബൈയുടെ നിര്‍ദേശ പ്രകാരമാണ് കപ്പല്‍ രക്ഷാ ദൗത്യത്തില്‍ പങ്കാളിയായത്.

കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും മറ്റൊരു കപ്പലും രക്ഷാപ്രവര്‍ത്തനവത്തിനെത്തിയിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ വിമാനം അപകടത്തില്‍ പെട്ടവര്‍ക്ക് ലൈഫ് റാഫ്റ്റുകള്‍ കടലിലേക്ക് ഇട്ടുകൊടുത്തു. അതേസമയം ഹെലികോപ്ടര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യാനിടയായ കാരണം വ്യക്തമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.