ബഫര്‍ സോണ്‍: കെസിബിസി പ്രതിനിധി സംഘം വ്യാഴാഴ്ച മുഖ്യമന്ത്രിയെ കാണും

ബഫര്‍ സോണ്‍: കെസിബിസി പ്രതിനിധി സംഘം വ്യാഴാഴ്ച മുഖ്യമന്ത്രിയെ കാണും

കൊച്ചി: ബഫര്‍ സോണ്‍ സംരക്ഷിത വനാതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്ററായി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് കെസിബിസി പ്രതിനിധികള്‍ വ്യാഴാഴ്ച മുഖ്യമന്ത്രിയെ കാണും. എല്ലാ വിഭാഗം ജനങ്ങളെയും സാരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ സത്വരമായ ഇടപെടല്‍ നടത്തണമെന്നും കെസിബിസി വ്യക്തമാക്കി.

സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ ഫയല്‍ നല്‍കുന്നതിന് മുമ്പു തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ബഫല്‍ സോണ്‍ കേരളത്തിന്റെ സംരക്ഷിത വനത്തിന്റെ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്ററായി നിശ്ചയിച്ചത് പുനപരിശോധിക്കണം. മാത്രമല്ല കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബഫര്‍സോണ്‍ സീറോ കിലോമീറ്ററില്‍ നിജപ്പെടുത്തണമെന്ന പ്രമേയം നിയമസഭ പാസാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം കേരളത്തിലെ സാമാന്യജനങ്ങളെ ബാധിക്കുന്ന വിഷയമാണ് വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമായി ഒരു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ അഥവ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള 2022 ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധി.

സ്വന്തം ആവശ്യത്തിനല്ലാതെ കൃഷി ചെയ്യുന്നതും മാത്രമല്ല സ്വന്തം ആവശ്യത്തിനായി വീട് വയ്ക്കുന്നത് പോലും നിരോധിക്കപ്പെട്ടിരിക്കുന്ന ഇടമാണ് ബഫര്‍ സോണ്‍. ഇതിനുള്ളില്‍ വരുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ അപ്രഖ്യാപിത കുടിയിറക്കലിന് ഇരയായി ജനിച്ച മണ്ണില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുമെന്ന സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 29.65 ശതമാനവും സംരക്ഷിത വനങ്ങളാണ്. 2021ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ വൃക്ഷാവരണം 59.79 ശതമാനമാണ്. (ദേശീയ ശരാശരി 36.18 മാത്രമാണ്). ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 1.2 ശതമാനം മാത്രം വിസ്തൃതിയുള്ള കേരളത്തിലാണ് ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും നാല് ശതമാനം (24 എണ്ണം) നിലനില്‍ക്കുന്നത്.

ജനസാന്ദ്രത ദേശീയ ശരാശരി വെറും 382 മാത്രമുള്ളപ്പോള്‍ കേരളത്തിലേത് 859 ആണെന്ന കാര്യവും പരിഗണിക്കേണ്ടതായുണ്ട്. ഇതെല്ലം ചൂണ്ടിക്കാണിക്കുന്നത് ദുഷ്‌കരമായ സാഹചര്യത്തിലും കേരളം ഏറ്റവും മികച്ച രീതിയില്‍ വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്ന സംസ്ഥാനമാണെന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഏക ശിലാരൂപത്തില്‍ വന്ന വന നിയമങ്ങള്‍ കേരളത്തിലെ റവന്യു ഭൂമിയില്‍ അടിച്ചേല്‍പ്പിക്കുന്നത് സാമാന്യ നീതിയുടെ ലംഘനവുമാണെന്നും വ്യക്തമാകുന്നു.

ആയതിനാല്‍ എല്ലാ വിഭാഗം ജനങ്ങളെയും സാരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ സത്വരമായി ഇടപെടല്‍ നടത്തണം. മാത്രമല്ല കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബഫര്‍സോണ്‍ സീറോ കിലോമീറ്ററില്‍ നിജപ്പെടുത്തണമെന്ന പ്രമേയം നിയമസഭ പാസാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങള്‍ എല്ലാം ഉന്നയിച്ചു കൊണ്ടായിരിക്കും കെസിബിസി പ്രതിനിധികള്‍ നാളെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യാഗിക വക്താവുമായ ഫാദര്‍ ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.