ദുക്‌റാനതിരുനാളും സഭാ ദിനാഘോഷവും കാക്കനാട് മൗണ്ട് സെന്റ് തോമസില്‍

 ദുക്‌റാനതിരുനാളും സഭാ ദിനാഘോഷവും കാക്കനാട് മൗണ്ട് സെന്റ് തോമസില്‍

കൊച്ചി: ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്‌തോലനുമായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മതിരുനാളും സീറോമലബാര്‍ സഭാദിനവും സംയുക്തമായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആഘോഷിക്കുന്നു. മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികാഘോഷമെന്ന നിലയില്‍ ഈ സഭാ ദിനാചരണത്തിനു കൂടുതല്‍ പ്രാധാന്യവും പങ്കാളിത്തവുമുണ്ട്.

ജൂലൈ മൂന്നാം തിയതി ഞായറാഴ്ച രാവിലെ 8.30ന് മേജര്‍ ആര്‍ച്ച്ബിഷ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭാ കേന്ദ്രത്തില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന ആഘോഷമായ റാസകുര്‍ബാന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടും. സീറോമലബാര്‍ സഭയുടെ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, വിന്‍സെന്‍ഷ്യന്‍ സന്യാസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ജോണ്‍ കണ്ടത്തിന്‍കര, സഭാകാര്യാലയത്തില്‍ വൈദികര്‍, രൂപതകളെ പ്രതിനിധീകരിച്ചുവരുന്ന വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ഫാദര്‍ ജോണ്‍ കണ്ടത്തിന്‍കര വചനസന്ദേശം നല്‍കും.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിനു മുന്നോടിയായി മാര്‍തോമാശ്ലീഹായുടെ ജീവിതത്തെയും പ്രേഷിത പ്രവര്‍ത്തനങ്ങളെയും രക്തസാക്ഷിത്വത്തെയും അവതരിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സ്വാഗതമാശംസിക്കുന്ന പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. അറിയപ്പെടുന്ന സഭാചരിത്രകാരനും കോതമംഗലം രൂപതയുടെ വികാരി ജനറാളുമായ റവ. ഡോ. പയസ് മലകണ്ടത്തില്‍ തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തും.

തുടര്‍ന്നു നടക്കുന്ന ചടങ്ങില്‍ തലശേരി അതിരൂപതയുടെ അറിയപ്പെടുന്ന ബൈബിള്‍ പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിലിന് മേജര്‍ ആര്‍ച്ച്ബിഷപ് മാന്‍ പദവി നല്‍കി ആദരിക്കും. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാദര്‍ വിന്‍സെന്റ് ചെറുവത്തൂര്‍ നന്ദി പറയും. ഉച്ചഭഷണത്തോടെ പരിപാടികള്‍ക്ക് സമാപനമാകും.

കേരളത്തിനകത്തും പുറത്തുനിന്നുമുള്ള രൂപതകളില്‍ നിന്നു വൈദികരും സമര്‍പ്പിതരും അത്മായരും അടങ്ങുന്ന പ്രതിനിധി സംഘം സഭാദിന പരിപാടികളില്‍ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന അത്മായ പ്രമുഖര്‍, സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്‌സ് എന്നിവരും സഭാ കേന്ദ്രത്തില്‍ എത്തിച്ചേരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.