'ആനവണ്ടികള്‍ ആക്രി വിലയ്ക്ക്': നാല് ബസുകള്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി

'ആനവണ്ടികള്‍ ആക്രി വിലയ്ക്ക്': നാല് ബസുകള്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി

ആലപ്പുഴ: കാലഹരണപ്പെട്ട് ഉപയോഗ ശൂന്യമായ കെഎസ്ആര്‍ടിസിയുടെ ബസുകള്‍ ആക്രിവിലയ്ക്ക് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി തുടങ്ങി. ചേര്‍ത്തല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇതുമായി ബന്ധപെട്ട് 20 ബസുകള്‍ വിറ്റു. ആലപ്പുഴ-കോട്ടയം ജില്ലയിലെയും ഉപയോഗ ശൂന്യമായ നിരവധി ബസുകള്‍ ചേര്‍ത്തല ഡിപ്പോയില്‍ എത്തിച്ച് സൂക്ഷിക്കുകയായിരുന്നു.

ഇതില്‍ നിന്നാണ് തീര്‍ത്തും ഉപയോഗ യോഗ്യമല്ലാത്തവ ആക്രി വിലയ്ക്ക് നല്‍കുന്നത്. 45 ബസുകള്‍ ആകെ ഇതിനോടകം എത്തിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ആസ്ഥാനത്തു നിന്നാണ് ഇടപാടുകളെല്ലാം. എന്‍ജിന്‍ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ അഴിച്ചുനീക്കിയ ശേഷമാണ് ബസ് നല്‍കുക. വാങ്ങുന്നവര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് കൊണ്ടുപോകുന്നത്.

ബസ് അതുപോലെ തന്നെ കടളാക്കി മാറ്റുകയും പൊളിച്ചു വില്‍ക്കലുമാണ് ഉദ്ദേശം. പാലക്കാട്, തമിഴ്‌നാട് മേഖലയില്‍ നിന്നുള്ളവരാണ് ബസ് എടുത്തിരിക്കുന്നത്. ബസിന്റെ ഭാരം അടിസ്ഥാനമാക്കിയാണ് വില നിശ്ചയിച്ചു നല്‍കുന്നത്.

കുറച്ചെങ്കിലും ഉപയോഗ യോഗ്യമായ ബസ് രൂപമാറ്റം വരുത്തി കടകളായി ഉപയോഗിക്കുന്നതിന്റെ നടപടികള്‍ കെഎസ്ആര്‍ടിസി തുടങ്ങിയിരുന്നു. മില്‍മ ബൂത്തിനായി ഒരു ബസ് തയാറാക്കുന്നുണ്ട്. രണ്ടു ബസുകള്‍ ചേര്‍ത്തല പോളിടെക്‌നിക് കോളജിനു സമീപം ബൈപ്പാസ് റൈഡര്‍ ബസുകള്‍ക്കുള്ള കാത്തിരിപ്പു കേന്ദ്രമായും ഉപയോഗിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.