കൊച്ചി: ദുക്റാന തിരുനാള്‍ (സെന്റ് തോമസ് ഡേ) ദിവസമായ നാളെ ജോലിക്ക് ഹാജരാകണമെന്ന ഉത്തരവ് പിന്‍വലിച്ച് പൊതുമരാമത്ത് വകുപ്പ്. ക്രൈസ്തവര്‍ ഏറെ പ്രധാന്യത്തോടെ കാണുന്ന ദിവസമാണ് ദുക്റാന തിരുനാള്‍. ജോലിക്ക് ഹാജരാകാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
പ്രതിഷേധം കനത്തതോടെയാണ് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായത്. മന്ത്രി നിര്‍ദേശിച്ചത് അനുസരിച്ച് ചീഫ് എന്‍ജിനിയറാണ് മുന്‍ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി പ്രകാരം വകുപ്പിലെ ഫയലുകളും തപാലുകളും തീര്‍പ്പാക്കുന്നതിന് ജൂലൈ മൂന്നിന് ജോലിക്ക് ഹാജരാകാനാണ് പൊതുമരാമത്ത് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ്മത്തിരുന്നാളായ ദുക്റാനയോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ജൂലൈ മൂന്നിന് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യ ബലിയുമുണ്ട്. ഈ ദിവസത്തിന്റെ പ്രാധാന്യം മനസിലാക്കാതെയുള്ള ഉത്തരവില്‍ പൊതുമരാമത്ത് വകുപ്പിലെ ക്രൈസ്തവരായ ജീവനക്കാര്‍ മേലധികാരികളെ പ്രതിഷേധം അറിയിച്ചിരുന്നു.
ജൂലൈ മൂന്ന് കേരളത്തില്‍ പൊതു അവധി ദിവസമാണെങ്കിലും അന്നെല്ലാം ഓഫീസുകള്‍ പ്രവര്‍ത്തിക്കാറുണ്ടെന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം. അതിനാലാണ് ജൂലൈ മൂന്നിന് പൊതുമരാമത്ത് വകുപ്പില്‍ ജോലിക്കെത്താന്‍ ജീവനക്കാര്‍ക്കെല്ലാം നിര്‍ദ്ദേശം നല്‍കിയതെന്നുമാണ് വകുപ്പിലെ ഉന്നതര്‍ ന്യായീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.