നൈജീരിയയില്‍ കൊല്ലപ്പെട്ട വൈദീകന്റെ സംസ്‌കാര വേളയില്‍ കണ്ണിരോടെ ആര്‍ച്ച്ബിഷപ്പ്; പുകയുന്ന മനസുമായി നൈജീരിയന്‍ ക്രിസ്ത്യാനികള്‍

നൈജീരിയയില്‍ കൊല്ലപ്പെട്ട വൈദീകന്റെ സംസ്‌കാര വേളയില്‍ കണ്ണിരോടെ ആര്‍ച്ച്ബിഷപ്പ്; പുകയുന്ന മനസുമായി നൈജീരിയന്‍ ക്രിസ്ത്യാനികള്‍

കടുന: നൈജീരിയയില്‍ മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ പുരോഹിതന്റെ സംസ്‌കാര ചടങ്ങ് രാജ്യത്ത് ക്രിസത്യാനികള്‍ക്ക് നേരെ നടക്കുന്ന അതിക്രങ്ങള്‍ക്കെതിരെയുള്ള രോഷവും വിലാപവുമായി. കടുന രൂപതയിലെ ഇടവക പള്ളിയില്‍ നിന്ന് ആരംഭിച്ച വിലപയാത്രയില്‍ പുരോഹിതരും വിശ്വാസികളുമടക്കം എഴുന്നൂറിലേറെ പേര്‍ പങ്കെടുത്തു. സംസ്‌കാര ചടങ്ങുകളില്‍ ആദ്യാവസാനം പങ്കെടുത്ത കടുന ആര്‍ച്ച് ബിഷപ് മാത്യു മാന്‍ ഓസോ എന്‍ഡാഗോസോ ശവക്കലറയ്ക്കരികില്‍ കണ്ണീര്‍പൊഴിച്ചത് കണ്ടു നിന്നവരെപ്പോലും വികാരാധീനരാക്കി.

പശ്ചിമാഫ്രിക്കന്‍ മേഖലകളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ വളരുന്ന ഭീഷണികളെ അദ്ദേഹം അപലപിച്ചു. രാജ്യത്ത് തങ്ങള്‍ സുരക്ഷിതരല്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ദിവസം കേള്‍ക്കുന്ന വെടിവയ്പ്പിലും കൂട്ടക്കൊലയിലും നൈജീരിയയിലെ ക്രിസ്ത്യാനികള്‍ ഭയത്തിലും അനിശ്ചിതത്വത്തിലുമാണ് ജീവിക്കുന്നത്. പകല്‍ സമയം പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയമാണ്.

വൈദികര്‍ക്ക് അവരുടെ ഇടവക മന്ദിരങ്ങളില്‍ പ്രാണഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്നില്ല. ഗ്രാമങ്ങളില്‍ പോയി കുര്‍ബാന നടത്താന്‍ കഴിയില്ല. എപ്പോള്‍ വേണമെങ്കിലും തങ്ങളെയും തട്ടിക്കൊണ്ടുപോയേക്കുമെന്ന ഭീതിയാണ് അവര്‍ക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഴ് വൈദീകരെ തട്ടിക്കൊണ്ട് പോകുകയും ഇതില്‍ രണ്ട് പേര്‍ കൊലപ്പെടുകയും ചെയ്തു.


നൈജീരിയയിൽ മത തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫാ. വിറ്റസ് ബൊറോഗോ, ഫാ. ക്രിസ്റ്റഫര്‍ ഒഡിയ എന്നിവർ

ജൂണ്‍ 25 ന് കടുന അതിരൂപതയിലെ പുരോഹിതന്‍ വിറ്റസ് ബൊറോഗോ (50), ജൂണ്‍ 26ന് എഡോ ഉസൈറു ഇകാബിഗ്‌ബോയിലെ സെന്റ് മൈക്കല്‍ കാത്തലിക് പള്ളി റക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ ഒഡിയ (41) എന്നിവരാണ് മതതീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. മുന്‍ സംഭവങ്ങളില്‍ വൈദീകരുടെ ജീവന്‍ അപഹരിക്കുന്ന രീതി ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ അതും സംഭവിച്ചിരിക്കുകയാണെന്നും ആര്‍ച്ച്ബിഷപ്പ് കണ്ണീര്‍പൊഴിച്ചു കൊണ്ടു പറഞ്ഞു.

വൈദികരുടെ കൊലപാതകം തങ്ങളെ വല്ലാതെ ദൂഖിപ്പിക്കുന്നു എന്ന് കടുന അതിരൂപതയിലെ പുരോഹിതനായ ഫാ. ഡാനിയല്‍ ക്യോം പറഞ്ഞു. മുന്‍പും ഒട്ടേറെ പുരോഹിതര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്ക് നേരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ജനം മടുത്തു. ആളുകള്‍ നിരാശയിലും വിഷാദത്തിലുമാണ്. അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തില്‍ തങ്ങള്‍ ആശങ്കയിലാണെന്നും കടുന-കാച്ചിയ റോഡില്‍ കൊല്ലപ്പെട്ട രൂപതയിലെ വൈദികന്‍ വിറ്റസ് ബൊറോഗോ (50) യുടെ സംസ്‌കാര ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ആക്രമണങ്ങള്‍ നടക്കുന്നത്. ആക്രമണങ്ങള്‍ തടയുമെന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ അല്ലാതെ സര്‍ക്കാരിന്റെ ഭാഗത്ത് ഒരു നടപടിയും ഉണ്ടാകുന്നില്ല. കടുന സംസ്ഥാനത്തിന് ക്രിസ്ത്യാനിയായ ഒരു ഗവര്‍ണര്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ സംഭവിക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.


കടുന-കാച്ചിയ റോഡില്‍ കൊല്ലപ്പെട്ട രൂപതയിലെ വൈദികന്‍ വിറ്റസ് ബൊറോഗോ (50) യുടെ മൃതദേഹവും വഹിച്ചുകൊണ്ട് നടന്ന വിലാപയാത്ര

ക്രിസ്ത്യാനികള്‍ക്ക് നേരെ നൈജീരിയയില്‍ ഏറ്റവും കൂടുതല്‍ ആക്രണങ്ങള്‍ നടക്കുന്ന സ്ഥലമാണ് കടുന. യുകെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് പറയുന്നത് നൈജീരിയയിലെ തട്ടിക്കൊണ്ടുപോകലിന്റെയും അക്രമത്തിന്റെയും പ്രഭവകേന്ദ്രം കടുന ആണ് എന്നാണ്. യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 ല്‍ മാത്രം കടുന സംസ്ഥാനത്ത് ആറ് ആക്രമണങ്ങള്‍ പളളികള്‍ക്ക് നേരെയുണ്ടായി.

രാജ്യത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2009 ല്‍ ബോക്കോ ഹറാം കലാപം ഉയര്‍ന്നുവന്നതോടെയാണ് നൈജീരിയ അരക്ഷിതാവസ്ഥയിലായത്. ഇതേ തുടര്‍ന്നാണ് ആഫ്രിക്കയിലെ ഏറ്റവും വലിയ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളിലൊന്നായ ബോക്കോ ഹറാം കരുത്താര്‍ജ്ജിച്ചത്. സായുധ ആക്രമണങ്ങളും ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് കൂട്ടക്കൊല നടത്തുകയും തട്ടിക്കൊണ്ട് പോകലുമാണ് ഇവര്‍ ചെയ്യുന്നത്.

ഗ്രാമീണ മേഖലയില്‍ ഫുലാനി മിലിഷ്യ തീവ്രവാദികളുടെ ഇടയ്ക്കിടെയുള്ള ആക്രമണങ്ങളും അരക്ഷിതാവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. നൈജീരിയയിലെ അസോസിയേഷന്‍ ഓഫ് പേപ്പല്‍ നൈറ്റ്സ് ആന്‍ഡ് മെഡലിസ്റ്റ് അംഗങ്ങള്‍ പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് നേരെ കൊലപാതകങ്ങളുടെയും തട്ടിക്കൊണ്ടുപോകലുകളുടെയും കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.