അവൻ മതിയെന്ന് അവൾ പറയാൻ കാരണം

അവൻ മതിയെന്ന് അവൾ പറയാൻ കാരണം

സുഹൃത്ത് സഹോദരിയെക്കുറിച്ച് പങ്കുവച്ച അനുഭവം കുറിക്കാം. അവൾക്ക് വിവാഹപ്രായമായപ്പോൾ ഞങ്ങൾ അവളോട് ചോദിച്ചു:"ആരെങ്കിലും മനസിലുണ്ടെങ്കിൽ പറയണം. അതല്ലെങ്കിൽ കല്യാണം കഴിഞ്ഞശേഷം അറിഞ്ഞാൽ പ്രശ്നമാകും"
പുഞ്ചിരിച്ചുകൊണ്ടവൾ പറഞ്ഞു: "എന്തായാലും നിങ്ങൾ ചോദിച്ചത് നന്നായി. ഞാനിത് എങ്ങനെ പറയുമെന്ന് ചിന്തിക്കുകയായിരുന്നു. മനസിൽ ഒരാളുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല." അവളുടെ ആഗ്രഹപ്രകാരം ആ യുവാവിന്റെ വീട്ടിലെത്തി. അത്യാവശ്യം സമ്പാദ്യമുണ്ട്. നല്ല ജോലിയും. കുടുംബക്കാരെക്കുറിച്ചും നല്ല അഭിപ്രായം തന്നെയാണ്.

പക്ഷേ വിവാഹം നടത്താൻ ഞങ്ങളുടെ മാതാപിതാക്കൾക്ക് സമ്മതമല്ലായിരുന്നു. എന്തെന്നാൽ ആ യുവാവിന്റെ അമ്മ ക്യാൻസർ രോഗിയായിരുന്നു. വീട്ടിൽ വന്നപ്പോൾ അമ്മ പറഞ്ഞു: "കല്യാണം കഴിഞ്ഞ് വീട്ടിൽ ചെന്നുകയറുമ്പോഴേ അമ്മയെ ശുശ്രൂഷിക്കേണ്ടിവരും. ജോലിക്കൊന്നും പോകാൻ നിനക്ക് കഴിയില്ല. നമുക്ക് ഈ ബന്ധം വേണ്ടെന്ന് വെക്കുന്നതാണ് നല്ലത്." അമ്മയുടെ  വാക്കുകൾ അപ്പനും ഏറ്റുപിടിച്ചു. എന്നാൽ അവളുടെ വാക്കുകൾ ഏവരെയും ആശ്ചര്യപ്പെടുത്തി: "ആരും അവരുടെ കുറ്റംകൊണ്ടല്ലല്ലോ രോഗിയാകുന്നത്? നാളെ അമ്മയ്ക്കോ, അപ്പനോ, എനിക്കോ, ചേട്ടനോ ഇങ്ങനെയൊരസുഖം വരില്ലെന്ന് ആരറിഞ്ഞു. അമ്മയ്ക്കാണ് ഈ രോഗം വന്നതെങ്കിൽ ചേട്ടൻ വിവാഹം കഴിക്കരുത് എന്നായിരിക്കുമോ അമ്മയുടെ തീരുമാനം?"

ആ വാക്കുകളിൽ വീട് നിശബ്ദമായി. എന്റെ സഹോദരിയെ ചേർത്തു നിർത്തി ഞാൻ പറഞ്ഞു: "നമുക്കീ വിവാഹം നടത്താം."
അങ്ങനെ ആ വിവാഹം നടന്നു. നല്ലത് മാത്രം തേടിയുള്ള യാത്രയ്ക്കിടയിൽ നമ്മുടെയെല്ലാം മിഴിതുറപ്പിക്കുന്ന അനുഭവമല്ലേ ഇത്? രോഗിയായ മാതാപിതാക്കൾ ഉണ്ടെന്ന കാരണത്താൽ വിവാഹം നടക്കാത്ത യുവാക്കൾ ഉണ്ടെങ്കിൽ ആരാണതിനുത്തരവാദി? മുകളിൽ സൂചിപ്പിച്ച യുവതി പറഞ്ഞതുപോലെ ആരുടെയും കുറ്റംകൊണ്ടല്ല ഒരാൾ രോഗിയാകുന്നത്. നമ്മുടെയെല്ലാം ശരീരത്തിൽ ഏതെല്ലാം രോഗങ്ങൾ ഉണ്ടെന്നോ, എന്ന് നാം മരിക്കുമെന്നോ ആർക്കും അറിയില്ല.

ഇവിടെയാണ് തോമാശ്ലീഹയുടെ വാക്കുകൾക്ക് മൂർച്ചയേറുന്നത്: "ദീദിമോസ്‌ എന്ന തോമസ്‌ അപ്പോള്‍ മറ്റു ശിഷ്യന്‍മാരോടു പറഞ്ഞു: അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം" (യോഹന്നാന്‍ 11 : 16). ഒരാളുടെ സഹനങ്ങളിൽ ആ വ്യക്തിയോട് ചേർന്നു നിൽക്കുക എന്നതിനേക്കാൾ വലിയ പുണ്യമുണ്ടോ? ക്രിസ്തുവിനോട് ചേർന്നു നിൽക്കണമെന്ന അതിയായ ആഗ്രഹത്തിന്നുടമയായിരുന്നു വിശുദ്ധ തോമസ് അപ്പസ്തോലൻ. അതുകൊണ്ടാണ് ക്രിസ്തുവിനോടൊപ്പം മരിക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുന്നത്. ആ സ്നേഹവും ധൈര്യവുമാണ് സുവിശേഷം പ്രഘോഷിച്ച് രക്തസാക്ഷിയാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും. ആ പുണ്യചരിതന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ രോഗങ്ങളിലും സഹനങ്ങളിലും മറ്റുള്ളവരോട് ചേർന്നു നിൽക്കുവാനും അങ്ങനെ ക്രിസ്തു വിശ്വാസത്തിൽ വേരൂന്നാനുള്ള കൃപയ്ക്കുവേണ്ടിയും പ്രാർത്ഥിക്കാം.

ഏവർക്കും ദുക്റാന തിരുനാൾ മംഗളങ്ങൾ!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.