ചിന്താമൃതം; ദില്‍ഷാ പ്രസന്നനും കന്യകാ മറിയവും

ചിന്താമൃതം; ദില്‍ഷാ പ്രസന്നനും കന്യകാ മറിയവും

മലയാളം ബിഗ് ബോസ് സീസണ്‍ 4ന്റെ ടൈറ്റില്‍ വിന്നര്‍ ദില്‍ഷാ പ്രസന്നന്‍ പറഞ്ഞ ഒരനുഭവം പങ്ക് വയ്ക്കട്ടെ.

ദില്‍ഷയും അനുജത്തിയും ഒരു കൂട്ടുകാരിയും കൂടി ബെംഗളൂരില്‍ ജോലി ചെയ്യുന്ന സ്ഥലത്തിനടുത്ത് ഒരു ഫ്‌ളാറ്റില്‍ ഒരുമിച്ചാണ് താമസിക്കുന്നത്. ഓഫിസില്‍ നിന്ന് ഷെയറിങ് ഓട്ടോ റിക്ഷയിലാണ് വീട്ടിലേക്ക് പതിവായി പോകുക. ഒരിക്കല്‍ ഓട്ടോ ഇറങ്ങി ഫ്‌ളാറ്റിലേക്കുള്ള ചെറിയ വഴിയില്‍ കാര്യമായ ആളനക്കങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ വളരെ പേടിച്ചാണ് ഇവര്‍ വീട്ടിലേക്ക് നടന്നത്.

ഒരു ദിവസം രാത്രി വൈകിയും ഓഫീസില്‍ നിന്നും കൂട്ടുകാരിയെ കാണാത്തതിനാല്‍ ദില്‍ഷയും അനുജത്തിയും ആശങ്കയോടെ നോക്കി നില്‍കുമ്പോള്‍, അവള്‍ പേടിച്ച് കരഞ്ഞുകൊണ്ട് ഓടി വരുന്നു. ഓഫിസില്‍ നിന്നും ഇറങ്ങി ഓട്ടോയില്‍ കയറിയ കൂട്ടുകാരിയുടെ അടുത്തേക്ക് ഒരു കന്നഡ യുവാവ് ഓടി കയറിയിരുന്നു. പിന്നീട് അയാള്‍ ആ കുട്ടിയെ തട്ടാനും മുട്ടാനും തുടങ്ങി. പേടിച്ചരണ്ട പെണ്‍കുട്ടിക്ക് ഒന്ന് പ്രതികരിക്കാന്‍ പോലും കഴിഞ്ഞില്ല.

സ്റ്റോപ്പില്‍ അവള്‍ ഇറങ്ങിയപ്പോള്‍ അയാളും കൂടെ ഇറങ്ങി. ഇരുട്ട് പരന്ന ഇടവഴിയിലൂടെ നടന്ന അവളുടെ പിന്നാലെ അയാളും നടന്നു. എങ്ങനെയൊക്കെയോ അവള്‍ ഓടി തളര്‍ന്ന് പേടിച്ച് വീട്ടിലെത്തി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഈ സംഭവം അവര്‍ ദില്‍ഷയോടും അനുജത്തിയോടും വിവരിച്ചത്. നിനക്ക് അയാളുടെ ചെകിടത്ത് രണ്ട് പൊട്ടിക്കരുതായിരുന്നോ എന്നായിരുന്നു ദില്‍ഷയുടെ ചോദ്യം.

അടുത്ത ദിവസം ജോലി കഴിഞ്ഞ് മടങ്ങവേ ദില്‍ഷ കയറിയ ഓട്ടോയിലാണ് അയാള്‍ കയറിയത്. ഓട്ടോയില്‍ ദില്‍ഷയോട് ചേര്‍ന്നിരുന്ന അയാള്‍ കൈയില്‍ തട്ടാന്‍ തുടങ്ങി, രൂക്ഷമായി നോക്കുകയും നീങ്ങിയിരിക്കാന്‍ പറഞ്ഞിട്ടും അയാളുടെ ശല്യത്തിന് ഒട്ടും കുറവുണ്ടായില്ല. പേടി കൊണ്ട് അവള്‍ വിറയ്ക്കാന്‍ തുടങ്ങി. അവളുടെ സ്റ്റോപ്പ് എത്തുമ്പോള്‍ അയാളും കൂടെ ഇറങ്ങി. വീട്ടിലേക്കുള്ള ഇടവഴി വിജനമായിരുന്നു, ഇരുട്ടും പരന്ന് തുടങ്ങിയിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങിയ അയാള്‍ അവള്‍ക്ക് മുന്‍പേ അവളുടെ വഴിയിലൂടെ നടന്നു.

പെട്ടന്നാണ് അവള്‍ക്ക് തൊട്ടടുത്തുള്ള ദേവാലയത്തെക്കുറിച്ച് ഓര്‍മ്മ വന്നത്. അയാള്‍ കാണാതെ തൊട്ടടുത്തുള്ള ക്രൈസ്തവ ദേവാലയത്തിലേക്ക് അവള്‍ ഓടി കയറി. വിശാലമായ പള്ളി മൈതാനം വിജനം, അടുത്തെങ്ങും ആരുമില്ല. അവിടെയും ഇവിടെയും കത്തി നില്‍ക്കുന്ന ചെറിയ ബള്‍ബുകള്‍ക്ക് തായുള്ള ചെറിയ വെളിച്ചം. ബാക്കിയിടങ്ങളില്‍ നല്ല ഇരുട്ട്.
അവള്‍ ഓടി ചെന്ന് നിന്നത് മാതാവിന്റെ ഗ്രോട്ടോയുടെ മുന്‍പില്‍. അവിടെ എത്തി വെറുതെ പരിസരത്തേക്ക് കണ്ണോടിക്കുമ്പോള്‍ പള്ളിയുടെ പുറകിലുള്ള ചെറിയ ഗേറ്റിലൂടെ അയാള്‍ കയറി വരുന്നു. അവള്‍ കണ്ണുകള്‍ ഇറുക്കി അടച്ച് കൈകള്‍ കൂപ്പി മാതാവേ എന്ന് വിളിച്ചത് ഓര്‍മയുണ്ട്. പിന്നീട് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞ് കണ്ണ് തുറക്കുമ്പോള്‍ അവളുടെ അടുത്ത് മറ്റൊരു സ്ത്രീ നില്‍ക്കുന്നു. സങ്കടത്തോടെ ആ സ്ത്രീയോട് സംഭവങ്ങള്‍ വിവരിച്ചു. അവര്‍ ദില്‍ഷയെ ആശ്വസിപ്പിച്ചു കൊണ്ട് കന്നഡ ഭാഷയില്‍ ആ മനുഷ്യനെ വിരട്ടി. അവര്‍ ആരെയൊക്കെയോ ഫോണ്‍ ചെയ്തു. ഈ സമയം കൊണ്ട് ആ യുവാവ് എവിടെയോ ഓടിമറഞ്ഞു. ആ സ്ത്രീ തന്നെ ദില്‍ഷയെ സുരക്ഷിതമായി വീട്ടില്‍ എത്തിച്ചു.

ദില്‍ഷയ്ക്ക് അഭയമായെത്തിയ ആ സ്ത്രീ മാതാവാണെന്ന് അവള്‍ പറഞ്ഞിട്ടില്ല, ഞാനും പറയുന്നില്ല. പക്ഷെ ഒരുകാര്യം ഉറപ്പാണ്. ജാതിമത വ്യത്യാസമില്ലാതെ അഭയം ചോദിക്കുന്നവരെ മാതാവ് സഹായിച്ച ധാരാളം ചരിത്രങ്ങള്‍ ഇന്നും നമ്മുടെ മുന്‍പില്‍ ആവര്‍ത്തിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.