ആത്മാക്കളുടെ മോക്ഷത്തിനും ജനങ്ങളുടെ ജീവിത നവീകരണത്തിനും പ്രാധാന്യം നല്‍കിയ വിശുദ്ധ അന്തോണി സക്കറിയ

ആത്മാക്കളുടെ മോക്ഷത്തിനും ജനങ്ങളുടെ ജീവിത നവീകരണത്തിനും പ്രാധാന്യം നല്‍കിയ വിശുദ്ധ അന്തോണി സക്കറിയ

അനുദിന വിശുദ്ധര്‍ - ജൂലൈ 05

ബെര്‍ണബൈറ്റ്‌സ് എന്ന സഭയുടെ സ്ഥാപകനായ ഫാദര്‍ അന്തോണി മേരി സക്കറിയ ഇറ്റലിയില്‍ ലൊംബാര്‍ഡിയിലെ ക്രെമോണയിലുള്ള ഒരു ഉന്നത കുലത്തിലാണ് ജനിച്ചത്. പിതാവ് നേരത്തേ മരിച്ചതിനാല്‍ മകന്റെ വിദ്യാഭ്യാസത്തിനാണ് അമ്മ കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നത്.

തന്റെ വസതിയില്‍ വെച്ചുതന്നെ മാനവിക വിഷയത്തില്‍ പഠനം പൂര്‍ത്തിയാക്കിയ അന്തോണി പാവിയായില്‍ നിന്നും തത്വ ശാസ്ത്രവും പാദുവായില്‍ നിന്നും വൈദ്യ ശാസ്ത്രവും പഠിച്ചു.

വൈദ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം റോമിലെത്തിയ അന്തോണി ദൈവം തന്നെ തിരഞ്ഞെടുത്തിരിക്കുന്നത് ശരീരങ്ങളെ സുഖപ്പെടുത്തുവാനല്ല മറിച്ച് ആത്മാക്കളെ സുഖപ്പെടുത്തുവാനാണ് എന്ന സത്യം മനസിലാക്കി സെമിനാരിയില്‍ ചേരുകയും വൈദിക പട്ടം സ്വീകരിക്കുകയും ചെയ്തു.

പ്രഥമ ദിവ്യബലി അര്‍പ്പിക്കുന്നതിനിടെ സ്വര്‍ഗീയ പ്രകാശത്തിന്റെ ജ്വാലയില്‍ മാലാഖമാരുടെ നടുക്ക് നില്‍ക്കുന്ന അന്തോണിയെ അവിടെ കൂടിയിരുന്ന ജനങ്ങള്‍ കണ്ടതായി പറയപ്പെടുന്നു. യുവജനങ്ങളോട് ദൈവഭക്തിയില്‍ ജീവിക്കുവാനും പ്രായമായവരോട് തങ്ങളുടെ ജീവിതം നവീകരണത്തിനു വിധേയമാക്കുവാനും അന്തോണി ഉപദേശിച്ചു.

ആത്മാക്കളുടെ മോക്ഷത്തിനും ജനങ്ങളുടെ ജീവിത നവീകരണത്തിലുമാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധിച്ചത്. പിന്നീട് ബര്‍ത്തൊലോമിയോ ഫെറാരി, ജെയിംസ് മോറിഗിയാ എന്നിവരുമായി ചേര്‍ന്ന് മിലാനില്‍ ക്ലര്‍ക്‌സ് റെഗുലര്‍ സൊസൈറ്റി എന്ന പൗരോഹിത്യ സഭയ്ക്ക് ആരംഭം കുറിച്ചു.

വിജാതീയരുടെ അപ്പസ്‌തോലനായിരുന്ന വിശുദ്ധ പൗലോശ്ലീഹായോടുള്ള അന്തോണിയുടെ അഗാധമായ സ്‌നേഹം മൂലം അദ്ദേഹത്തെ വിശുദ്ധ പൗലോസ് എന്നായിരുന്നു അവര്‍ വിളിച്ചിരുന്നത്.

വിശുദ്ധന്റെ സഭയെ ക്ലമന്റ് ഏഴാമന്‍ മാര്‍പ്പാപ്പ അംഗീകരിക്കുകയും പോള്‍ മൂന്നാമന്‍ പാപ്പ ഇതിനെ സ്ഥിരപ്പെടുത്തുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ സഭ നിരവധി പ്രദേശങ്ങളില്‍ വ്യാപിച്ചു. എയിഞ്ചലിക്ക് സിസ്റ്റേഴ്‌സ് എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും ആത്മീയ പിതാവുമായിരുന്നു അദ്ദേഹം.

കൂടാതെ വിവാഹിതരായ ആളുകള്‍ക്ക് വേണ്ടി നിരവധി സാഹോദര്യ കൂട്ടായ്മകളും സംഘടിപ്പിച്ചു. പലപ്പോഴും അദ്ദേഹം തന്റെ സന്യാസിമാര്‍ക്കൊപ്പം തെരുവുകളിലും പൊതു സ്ഥലങ്ങളിലും കുരിശും വഹിച്ചുകൊണ്ട് പ്രദിക്ഷിണങ്ങള്‍ നടത്തി. ക്രൂശിതനായ യേശുവിനോടുള്ള സ്‌നേഹത്താല്‍ കുരിശിന്റെ വഴിയുടെ രഹസ്യം ജനങ്ങളുടെ മനസില്‍ ഓര്‍മ്മിപ്പിക്കുവാനായി അന്തോണി എല്ലാ വെള്ളിയാഴ്ചകളിലും സന്ധ്യാ പ്രാര്‍ത്ഥന സമയത്ത് ഒരു മണി മുഴക്കാറുണ്ടായിരുന്നു.

വിശുദ്ധ അന്തോണിയാണ് പൊതുവായ നാല്‍പ്പത് മണിക്കൂര്‍ ആരാധന തുടങ്ങിവെച്ചതെന്നു പറയപ്പെടുന്നു. നിരന്തരമായ കഠിന പ്രയത്‌നങ്ങള്‍ക്ക് ശേഷം ഗുവാസ്റ്റാല്ലായില്‍ വെച്ച് അദ്ദേഹം രോഗബാധിതനായി. തുടര്‍ന്ന് അദ്ദേഹത്തെ ക്രെമോണയിലേക്ക് കൊണ്ട് പോയി. അവിടെ വെച്ച് വിശുദ്ധന്‍ അന്ത്യശ്വാസം വലിച്ചു.

ലിയോ എട്ടാമന്‍ മാര്‍പ്പാപ്പ വിശുദ്ധനോടുള്ള ഭക്തിയെ അംഗീകരിക്കുകയും 1897 ലെ സ്വര്‍ഗാരോഹണ തിരുനാള്‍ ദിവസത്തില്‍ അന്തോണി മേരി സക്കറിയയെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1.  സൈറീനിലെ സിറില്ല

2.  അയര്‍ലന്‍ഡിലെ എദാനാ

3.  അഥോണൈറ്റായ അത്തനെഷ്യസ്

4.  ബ്രിട്ടീഷ് കന്യകയായിരുന്ന എര്‍ഫില്‍

5.  ഫ്രീജിയന്‍ സന്യാസിയായിരുന്ന ഡോമീഷ്യസ്.

'അനുദിന വിശുദ്ധര്‍'എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.