ന്യൂ സൗത്ത് വെയില്‍സില്‍ പ്രളയം ബാധിച്ചത് 50000 പേരെ; വൈദ്യുതിയില്ലാതെ 19000 വീടുകള്‍; മഴക്കെടുതി തുടരുന്നു

ന്യൂ സൗത്ത് വെയില്‍സില്‍ പ്രളയം ബാധിച്ചത് 50000 പേരെ; വൈദ്യുതിയില്ലാതെ 19000 വീടുകള്‍; മഴക്കെടുതി തുടരുന്നു

ഓസ്‌ട്രേലിയ: ഓസ്ട്രേലിയയുടെ കിഴക്കന്‍ മേഖലയില്‍ മഴക്കെടുതിക്കു ശമനമില്ല. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന തലസ്ഥാനമായ സിഡ്‌നി ഉള്‍പ്പെടെയുള്ള മേഖലകളില്‍ മഴയും കാറ്റും നാലാം ദിവസവും ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ വെള്ളപ്പൊക്കത്തെ പ്രകൃതി ദുരന്തമായി ഫെഡറല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ദുരിതം അനുഭവിക്കുന്ന നിരവധി പ്രദേശങ്ങള്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കി. ഇന്നും നാളെയും കൂടുതല്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമെന്ന് ഫ്ളഡ് റിക്കവറി മന്ത്രി സ്റ്റെഫ് കുക്ക് പറഞ്ഞു.

50,000-ല്‍ അധികം ജനങ്ങളെയാണ് മഴ ബാധിച്ചതെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമിനിക് പെറോട്ടെറ്റ് പറഞ്ഞു. വെള്ളപ്പൊക്കവും കൊടുങ്കാറ്റും മൂലം നിരവധി പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. ഗ്രേറ്റര്‍ സിഡ്‌നിക്കു ചുറ്റുമുള്ള 19,000 വീടുകളും വ്യാപാരസ്ഥാപനങ്ങളും ഇരുട്ടിലായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ന്യൂ സൗത്ത് വെയില്‍സ് തീരത്ത് പലയിടത്തും 100 മില്ലീമീറ്ററിലധികം മഴ പെയ്തു.

പ്രധാന റോഡുകളും വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലാണ്. ആയിരക്കണക്കിന് ആളുകളാണ് പ്രളയബാധിത മേഖലകളില്‍നിന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറിയത്. പ്രളയം മൂലം പലര്‍ക്കും കനത്ത സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

അടുത്തിടെയുണ്ടായ മഴക്കെടുതിയില്‍നിന്നു കരകയറുന്നതിനിടെയാണ് ഇടത്തീ പോലെ വീണ്ടും വെള്ളപ്പൊക്കമുണ്ടാകുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കം ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മഴ ആരംഭിച്ചതിനു ശേഷം സഹായത്തിനായി 5,300-ലധികം അഭ്യര്‍ത്ഥനകളാണ് സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിനു ലഭിച്ചത്. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴക്കെടുതിയില്‍ ഇതുവരെ ഒരു മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

മെട്രോപൊളിറ്റന്‍ സിഡ്നി, ഹോക്സ്ബറി, സെന്‍ട്രല്‍ കോസ്റ്റ്, ഇല്ലവാര എന്നിവിടങ്ങളില്‍ മഴക്കെടുതി ബാധിച്ചവര്‍ക്ക് ധനസഹായം ലഭ്യമാക്കുമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് മന്ത്രി മുറെ വാട്ട് പറഞ്ഞു.

ഹോക്സ്ബറി ഉള്‍പ്പെടെയുള്ള നദികളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നതിനാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. സംസ്ഥാന എമര്‍ജന്‍സി സര്‍വീസ് (എസ്ഇഎസ്) കഴിഞ്ഞ രാത്രി മാത്രം 22 രക്ഷാപ്രവര്‍ത്തനങ്ങളാണു നടത്തിയത്. ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്കു മാറണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

നാല് ദിവസത്തിനിടെ ചില മേഖലകളില്‍ 800 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചതായി ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ (ബിഒഎം) ജെയ്ന്‍ ഗോള്‍ഡിംഗ് പറഞ്ഞു. ഹണ്ടര്‍ പ്രദേശത്തെ ചില ഭാഗങ്ങളില്‍ ഇന്ന് 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുമെന്നാണ് പ്രവചനം.

കനത്ത മഴ മധ്യ വടക്കന്‍ തീരത്തേക്കും കോഫ്സ് ഹാര്‍ബര്‍ വരെയും നീങ്ങാന്‍ സാധ്യതയുണ്ടെന്ന് ജെയ്ന്‍ ഗോള്‍ഡിംഗ് പറഞ്ഞു.

മുന്‍പ് ഇത്രയും വലിയ വെള്ളപ്പൊക്കം സാധാരണ 25 വര്‍ഷത്തിലൊന്ന് അല്ലെങ്കില്‍ 50 വര്‍ഷത്തിലൊന്ന് എന്നിങ്ങനെയാണ് സംഭവിക്കുന്നതെന്ന് വിന്‍ഡ്സര്‍ നിവാസിയായ ടൈലര്‍ കാസല്‍ പറഞ്ഞു. ടൈലര്‍ കാസലും പങ്കാളിയായ സോയെയും ഇന്ന് രാവിലെ തോണിയിലാണ് വെള്ളത്താല്‍ ചുറ്റപ്പെട്ട വീടില്‍നിന്നു രക്ഷപ്പെട്ടത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് തന്റെ വീട്ടില്‍ വെള്ളം കയറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഹോക്സ്ബറി നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ സെന്‍ട്രല്‍ കോസ്റ്റിലും ഹണ്ടറിലും വെള്ളപ്പൊക്കം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് എസ്ഇഎസ് അസിസ്റ്റന്റ് കമ്മീഷണര്‍ സീന്‍ കെയര്‍ന്‍സ് പറഞ്ഞു.

മഴയുടെ സ്വഭാവം പ്രവചനാതീതമായതിനാല്‍ ജനങ്ങള്‍ തങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും വെള്ളപ്പൊക്കത്തിലൂടെ വാഹനമോടിക്കരുതെന്നും സീന്‍ കെയര്‍ന്‍സ് ആവശ്യപ്പെട്ടു.

സിഡ്നിക്ക് സമീപം നോര്‍ത്ത് റിച്ച്മണ്ട്, വിന്‍ഡ്സര്‍, സാക്വില്ലെ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സൗത്ത് വെസ്റ്റ് കാംഡനില്‍ ജലനിരപ്പ് കുറയാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.