കൊച്ചി: അനാഥാലയങ്ങളോടും അഗതിമന്ദിരങ്ങളോടുമുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് പ്രതിഷേധാര്‍ഹമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. അനാഥാലയങ്ങള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും കാലങ്ങളായി നല്‍കി പോന്നിരുന്ന റേഷന്‍ വിഹിതം സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെയാണ് പ്രതിഷേധവുമായി കെസിബിസി രംഗത്തെത്തിയത്. കേന്ദ്ര വിഹിതം ഇനി ലഭിക്കില്ല എന്ന കാരണമാണ് ഇപ്പോഴത്തെ നടപടിക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
അതേസമയം കേരളത്തിലെ 1800 ഓളം വരുന്ന സ്ഥാപനങ്ങളിലെ മറ്റ് ആശ്രയങ്ങളില്ലാത്ത ഒരു ലക്ഷത്തോളം പേരോടുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന് മാത്രമാണോ ഉണ്ടായിരിക്കേണ്ടത് എന്ന ചോദ്യത്തിന് ഭരണാധികാരികള്‍ ഉത്തരം നല്‍കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അഗതി മന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്കുള്ള സാമൂഹിക ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ട് എന്നായിരുന്നു അതിന് നല്‍കിയ വിശദീകരണം. എന്നാല്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ 20 ശതമാനത്തിന് മാത്രമാണ് നാമമാത്രമായെങ്കിലും സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്കും നടത്തിപ്പുകാര്‍ക്കും വീണ്ടും ഒരു കനത്ത ആഘാതമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ഇന്ന് കേരളത്തിലെ നിരത്തുകളില്‍ നിന്ന് മനസിക രോഗികളും വൃദ്ധരും അവശരുമായ അനേക അനാഥര്‍ അപ്രത്യക്ഷമായതിന് പിന്നില്‍ അവരുടെ പരിപാലനയുടെ ചുമതല ഏറ്റെടുക്കാന്‍ തയ്യാറായവരുടെ സന്നദ്ധത ഒന്നുമാത്രമാണ്. വാസ്തവത്തില്‍ ഇത്തരം പതിനായിരക്കണക്കിന് പേരെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളില്‍ ചെറിയൊരു വിഹിതം മാത്രമാണ് റേഷന്‍, ഗ്രാന്റ് എന്നിവയായി സര്‍ക്കാര്‍ നല്‍കുന്നത്.
ചികിത്സയും, ശമ്പളവും, നിര്‍മിതികളും, മറ്റ് ചെലവുകളും തുടങ്ങി കൂടുതല്‍ പങ്കും കണ്ടേത്തേണ്ടത് സ്ഥാപനങ്ങള്‍ തന്നെയാണ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, റേഷന്‍ തുടങ്ങിയ രീതികളില്‍ സര്‍ക്കാര്‍ നല്‍കി വന്നിരുന്ന ചെറിയ പിന്തുണയും നിര്‍ത്തലാക്കുന്നതിലൂടെ പ്രതിഫലം പ്രതീക്ഷിക്കാതെ അത്തരക്കാര്‍ക്കു വേണ്ടി ജീവിക്കാന്‍ തയ്യാറായിട്ടുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ നിഷ്‌കരുണം മുഖം തിരിക്കുകയാണ്.
സര്‍ക്കാരിന്റെ ഈ നിലപാട് അംഗീകരിക്കാനാവുന്നതല്ല. അത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഏജന്‍സി മാത്രമായി സര്‍ക്കാര്‍ തരം താഴുന്നത് ഈ പരിഷ്‌കൃത സമൂഹത്തില്‍ ലജ്ജാകരവുമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍ വ്യക്തമാക്കി.
വിവിധ കോവിഡ് പ്രതിസന്ധികളില്‍ നിന്ന് ഇനിയും വിമുക്തമായിട്ടില്ലാത്ത, സാമ്പത്തികമായും മറ്റ് വിവിധ രീതികളിലും വെല്ലുവിളികളെ നേരിട്ടു കൊണ്ടിരിക്കുന്ന ഈ സ്ഥാപനങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. ഈ നാട്ടിലെ ഏതൊരു പൗരനും അര്‍ഹിക്കുന്ന ആനുകൂല്യങ്ങളെങ്കിലും അവര്‍ക്ക് നല്‍കാനും, സുരക്ഷിതമായും മാന്യമായും ജീവിക്കാന്‍ അവര്‍ക്ക് കഴിയുന്നു എന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.