ന്യൂയോര്‍ക്ക്: ട്വിറ്റര്‍ വാങ്ങാനുളള പദ്ധതി ഉപേക്ഷിച്ച് ഇലോണ്‍ മസ്‌ക്. കരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ഇലോണ്‍ മസ്‌കിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ട്വിറ്റര്‍.
വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായുള്ള ഒന്നിലധികം അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ വിസമ്മതിച്ചതായി മസ്‌കിന്റെ അഭിഭാഷകര്‍ അറിയിച്ചു. സ്പാം ബോട്ടുകള്‍ അക്കൗണ്ടില്‍ കുറവാണെന്ന് സോഷ്യല്‍ മീഡിയ കമ്പനി തെളിയിക്കുന്നത് വരെ വാങ്ങല്‍ നിര്‍ത്തിവച്ചു. ഇടപാട് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മസ്‌ക് ഒരു ബില്യണ്‍ ഡോളര്‍ ബ്രേക്ക്അപ്പ് ഫീസ് നല്‍കണമെന്നാണ് ഇടപാടിന്റെ നിബന്ധനകള്‍. ഉപയോക്താക്കളില്‍ 5% ല്‍ താഴെ മാത്രമാണ് സ്പാം, ബോട്ട് അക്കൗണ്ടുകള്‍ എന്നതിന് കമ്പനി തെളിവ് കാണിച്ചില്ലെങ്കില്‍ കരാര്‍ നിര്‍ത്തുമെന്ന് മസ്‌ക് പറഞ്ഞിരുന്നു.
ആഴ്ചകളോളം നീണ്ട ടെക് ലോകത്തെ ചര്‍ച്ചകള്‍ക്കാണ് പുതിയ ട്വിസ്റ്റ് വന്നിരിക്കുന്നത്. കരാറിലെ പല വ്യവസ്ഥകളും ട്വിറ്റര്‍ ലംഘിച്ചതാണ് പിന്‍മാറ്റത്തിനുള്ള കാരണമെന്ന് മസ്‌ക് വിശദീകരിച്ചു. 'മസ്‌ക് ഈ കരാര്‍ റദ്ദാക്കുകയാണ്. നേരത്തെ ഉണ്ടാക്കിയിരുന്ന വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചതിനാലാണ് ഇത് ചെയ്യുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന നീക്കങ്ങള്‍ ട്വിറ്ററിന്റെ ഭാഗത്തുനിന്നും ഉണ്ടായി.'- ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകന്‍ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍, കരാര്‍ പൂര്‍ത്തിയാകുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു. ലയന കരാര്‍ നടപ്പിലാക്കുന്നതിനായി നിയമനടപടികള്‍ സ്വീകരിക്കാന്‍ ബോര്‍ഡ് പദ്ധതിയിട്ടതായി ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലോ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞിരുന്നു. 'മിസ്റ്റര്‍ മസ്‌കുമായി സമ്മതിച്ച വിലയിലും നിബന്ധനകളിലും ഇടപാട് അവസാനിപ്പിക്കാന്‍ ട്വിറ്റര്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്' എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളായ ഇലോണ്‍ മസ്‌ക് ഏപ്രില്‍ 25-ന് 54.20 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങാമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീടത് 44 ബില്യണ്‍ ഡോളറായി മാറ്റി നിശ്ചയിച്ചിരുന്നു.
പ്രതിദിനം ഒരു ദശലക്ഷം സ്പാം അക്കൗണ്ടുകള്‍ തടയുന്നുണ്ടെന്ന് ട്വിറ്റര്‍ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകള്‍ മസ്‌ക് കമ്പനിയോട് ആവശ്യപ്പെട്ടു. സ്പാം, വ്യാജ അക്കൗണ്ടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ട്വിറ്റര്‍ തയ്യാറായില്ലെങ്കില്‍, കരാറില്‍ നിന്ന് താന്‍ പുറത്തുപോകുമെന്ന് കഴിഞ്ഞ മാസമാണ് മസ്‌ക് പ്രസ്താവിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.