ഗിനിയ ബിസാവുവില്‍ കത്തോലിക്ക ദേവാലയം അജ്ഞാത സംഘം അടിച്ചു തകര്‍ത്തു

ഗിനിയ ബിസാവുവില്‍ കത്തോലിക്ക ദേവാലയം അജ്ഞാത സംഘം അടിച്ചു തകര്‍ത്തു

ബിസാവു: ഗിനിയ ബിസാവുവിന്റെ കിഴക്കന്‍ ഭാഗത്തുള്ള സാന്താ ഇസബെല്‍ ഡി ഗാബു എന്ന കത്തോലിക്ക ദേവായലം അജ്ഞാത സംഘം അടിച്ചു തകര്‍ത്തു. പള്ളിയുടെ ബലിപീഠം തകര്‍ക്കുകയും വിശുദ്ധ ചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ലോക യുവജന ദിനത്തിലാണ് ആക്രമണം ഉണ്ടായതെന്ന് വികാരി ഫാ. ഒഡിലോണ്‍ ജുഡിക്കല്‍ ലെനോ പറഞ്ഞു.

''രാവിലെ 11.30 ഓടെ പള്ളിയില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച എന്നെ സ്തംഭിച്ചു. അവര്‍ പരിശുദ്ധ മാതാവിന്റെ ചിത്രം തകര്‍ത്ത് കുരിശ് തറയില്‍ എറിഞ്ഞു. പള്ളിയിലെ നിരവധി വിശുദ്ധ വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടു, ചിലത് കാണാതായി.'' ഫാ. ലെനോ പറഞ്ഞു. പള്ളി ആക്രമിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ഇറ്റലിയിലെ ബഫാത്ത രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ലൂസിയോ ബ്രെന്റഗാനി പറഞ്ഞു. കത്തോലിക്കാ സഭയുടെ ആരാധനാലയങ്ങള്‍ക്ക് നേരെ നടക്കുന്ന നിരന്തര അതിക്രമങ്ങളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

ഗിനിയ ബിസാവുവില്‍ മതതീവ്രവാദം വര്‍ധിക്കുന്നതായുള്ള യുഎസ് റിപ്പോര്‍ട്ട് പുറത്തുവന്ന് ഒരു മാസത്തിന് ശേഷമാണ് ഗാബുവിലെ പള്ളി തകര്‍ക്കപ്പെട്ടത്. സാധാരണക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ മതങ്ങളുടെ പ്രതിനിധികളില്‍ നിന്നും ഐക്യദാര്‍ഢ്യത്തിന്റെയും പിന്തുണയുടെയും സന്ദേശങ്ങള്‍ ലഭിച്ചതായി രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ വെളിപ്പെടുത്തി.

ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി ഫെര്‍ണാണ്ടോ ഗോമസ് ഗാബു പള്ളി സന്ദര്‍ശിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെയുണ്ടാകുന്ന നിരന്തര ആക്രമണങ്ങളെ തടയാന്‍ ഒന്നും ചെയ്യാത്ത പ്രസിഡന്റ് ഉമാരോ എല്‍ മൊഖ്താര്‍ സിസോകോ എംബാലോയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സമൂഹത്തില്‍ നിന്ന് ഉയരുന്നത്.

സെനഗലിന്റെയും ഗിനിയയുടെയും അതിര്‍ത്തിയില്‍ ഏകദേശം രണ്ട് ദശലക്ഷം ആളുകള്‍ താമസിക്കുന്ന ഒരു ചെറിയ രാഷ്ട്രമാണ് ഗിനിയ-ബിസാവു. ലോകത്തിലെ ഏറ്റവും ദരിദ്രവും വികസിതവുമായ രാജ്യങ്ങളില്‍ ഒന്നാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.