ന്യൂഡല്‍ഹി: രാജ്യവ്യാപക സുരക്ഷാ ഓഡിറ്റ് റോപ്പ് വേകളുടെയും കേബിള്‍ കാറുകളുടെയും സുരക്ഷാ ഓഡിറ്റിന് ഒരുങ്ങുകയാണ് ദേശീയ ദുരന്ത നിവാരണ സേന(എന്‍ഡിആര്‍എഫ്). പാസഞ്ചര്‍ കേബിള്‍ കാറുകളുടെയും റോപ്പ്വേ സംവിധാനങ്ങളുടെയും സുരക്ഷ വീഴ്ചകള്‍ കണ്ടെത്തി അപകട സമയത്ത് ഫലപ്രദമമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ് ലക്ഷ്യം. ഇതിനായി ബ്ലൂപ്രിന്റ് തയ്യാറാക്കുകയും ചെയ്യും.
യാത്രയ്ക്കിടെ കുടുങ്ങി പോകുന്നവരെ രക്ഷിക്കുന്നതിനായി രക്ഷാ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കും. ഇത്തരം കാറുകളില്‍ അകപ്പെട്ടു പോകുന്നവരെ രക്ഷിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളായ പുള്ളികളും കാരാബൈനറുകളും മറ്റും വാങ്ങിക്കുമെന്നും എന്‍ഡിആര്‍എഫ് അറിയിച്ചു.
ഝാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ റോപ്പ് വേ അപകടങ്ങള്‍ നടന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് സേന ഒരുങ്ങുന്നത്. ഝാര്‍ഖണ്ഡിലെ ദിയോഗഢ് ജില്ലയിലെ ത്രികൂട് മലനിരകളില്‍ 40 മണിക്കൂര്‍ നേരത്തെ രക്ഷാ പ്രവര്‍ത്തനത്തിനു ശേഷമാണ് 12 പേരെ രക്ഷിക്കാനായത്. സംഭവത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.
ഇന്ത്യന്‍ എയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ്, സൈന്യം, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, പ്രദേശിക ഭരണകൂടം തുടങ്ങിയവര്‍ ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. ഹിമാചല്‍ പ്രദേശില്‍ സോളന്‍ ജില്ലയില്‍ ആറു മണിക്കൂര്‍ രക്ഷാ പ്രവര്‍ത്തനത്തിന് ശേഷമാണ് 11 പേരെ രക്ഷിച്ചത്.
രാജ്യത്തെ മുഴുവന്‍ റോപ്പ് വേകളുടെയും കേബിള്‍ കാറുകളുടെയും പ്രശ്നങ്ങള്‍ മനസിലാക്കി ആവശ്യമായ പരിഹാരങ്ങള്‍ കണ്ടെത്താനാണ് ഇത്തരത്തില്‍ ഓഡിറ്റിംഗ് നടത്തുന്നത്. യാത്രക്കാരെയും വിനോദ സഞ്ചാരികളെയും തീര്‍ത്ഥാടകരെയും ഗതാഗതത്തിന് ഉപയോഗിക്കുന്നതിനായി 50 ഓളം സംവിധാനങ്ങളാണ് ഇത്തരത്തിലുള്ളതെന്നും എന്‍ഡിആര്‍എഫ് ജനറല്‍ ഡയറക്ടര്‍ അതുല്‍ കര്‍വാള്‍ അറിയിച്ചു.
16 എന്‍ഡിആര്‍എഫ് ബറ്റാലിയനുകളില്‍ നിന്നുള്ള പ്രത്യേക ഉദ്യോഗസ്ഥരുടെ സംഘം റോപ്പ് വേ സംവിധാനങ്ങള്‍ സന്ദര്‍ശിച്ച് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്തിമ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കും. ഓപ്പറേറ്റര്‍മാര്‍ക്ക് പരിഹാര നടപടികള്‍ ശുപാര്‍ശ ചെയ്യും. സര്‍വേയ്ക്ക് ശേഷം കൂടുതല്‍ പഠനങ്ങള്‍ ഉണ്ടാകുമെന്നും കര്‍വാള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.