കൊല്ലത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യ തൊഴിലാളികളെ കാണാനില്ല; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

കൊല്ലത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യ തൊഴിലാളികളെ കാണാനില്ല; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

കൊല്ലം: ശക്തികുളങ്ങരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യ തൊഴിലാളികളെ കാണാതായി. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളമാണ് ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്.

ശക്തികുളങ്ങര സ്വദേശികളായ ഇസ്‌തേവ്വ്, ആന്റോ എന്നിവരെയാണ് കാണാതായത്. നാല് പേരാണ് മത്സ്യബന്ധനത്തിന് പോയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരേ സമീപത്ത് ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

ശക്തികുളങ്ങര സ്വദേശി വിനോദിന്റെ ഉടമസ്ഥതയില്‍ ഉള്ള കാണിക്ക മാത എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴ പെയ്യുന്നത് തിരച്ചിലെ ബാധിച്ചിട്ടുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോയവരാണ് അപകടത്തില്‍ അകപ്പെട്ടതെന്നാണ് സൂചന.

അതേസമയം, സംസ്ഥാനത്ത് ഇന്നും കനത്ത മഴയാണ് പെയ്യുന്നത്. കാസര്‍ഗോഡാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്. കാസര്‍ഗോഡ് മിക്ക പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, വയനാട് ജില്ലകളില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ് അങ്കണവാടികള്‍ക്കും എല്ലാ സ്‌ക്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്ക് അവധി ബാധകമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.