ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിന് ഏറെ പ്രയത്‌നിച്ച വിശുദ്ധ ഹെന്‍ട്രി രണ്ടാമന്‍ രാജാവ്

ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിന് ഏറെ പ്രയത്‌നിച്ച വിശുദ്ധ ഹെന്‍ട്രി രണ്ടാമന്‍ രാജാവ്

അനുദിന വിശുദ്ധര്‍ - ജൂലൈ 13

ബാവരിയായിലെ നാടുവാഴിയും ജര്‍മ്മനിയിലെ രാജാവും റോമന്‍ ചക്രവര്‍ത്തിയുമായിരുന്നു ഹെന്‍ട്രി രണ്ടാമന്‍ രാജാവ്. ബാവരിയായിലെ ഹെന്‍ട്രി രാജാവായിരുന്നു പിതാവ്. റാറ്റിസ്ബണിലെ ബിഷപ്പ് വിശുദ്ധ വുള്‍ഫ്ഗാത്തിന്റെ ശിക്ഷണത്തില്‍ ഹെന്‍ട്രി രണ്ടാമന് ഉത്തമ ക്രിസ്തീയ വിശ്വാസം ലഭിച്ചു. 1002 ല്‍ അദ്ദേഹം ജര്‍മ്മനിയുടെ രാജാവും റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയുമായി.

അധികാര പദവികള്‍ നിരവധിയായിരിന്നുവെങ്കിലും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനും ദേവാലയങ്ങള്‍ പുനരുദ്ധരിക്കുവാനും ആശ്രമങ്ങള്‍ സ്ഥാപിക്കുവാനുമായി ഏറെ പ്രയത്‌നിച്ച ഒരു രാജാവായിരുന്നു ഹെന്‍ട്രി രണ്ടാമന്‍. തന്റെ ഭാര്യയായിരുന്ന കുനെഗുണ്ടായോടൊപ്പം അദ്ദേഹമാണ്് ബാംബെര്‍ഗ് രൂപത സ്ഥാപിച്ചത്.

താല്‍ക്കാലിക അധികാരങ്ങളിലൊന്നും തൃപ്തി വരാതെ അനശ്വരനായ രാജാവിനോടുള്ള പ്രാര്‍ത്ഥന വഴി നിത്യതയുടെ കിരീടം നേടുവാനാണ് ഹെന്‍ട്രി ആഗ്രഹിച്ചത്. ഒരു ചക്രവര്‍ത്തി എന്ന നിലയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുവാനായി വളരെയേറെ പരിശ്രമിച്ചു. അവിശ്വാസികളാല്‍ നശിപ്പിക്കപ്പെട്ട പല മഹാ ദേവാലയങ്ങളും പുനരുദ്ധരിക്കുകയും അവക്ക് വേണ്ട സാമ്പത്തിക സഹായങ്ങളും ആവശ്യമായ ഭൂമിയും നല്‍കുകയും ചെയ്തു.

ആശ്രമങ്ങളും മറ്റ് ഭക്ത സ്ഥാപനങ്ങളും സ്ഥാപിക്കുകയും മറ്റുള്ളവയുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്തു. തന്റെ സ്വന്തം കുടുംബ സ്വത്തുകൊണ്ടാണ് രാജാവ് ബാംബെര്‍ഗിലെ രൂപതാ ഭരണ കാര്യാലയം നിര്‍മ്മിച്ചത്.

പാപ്പായോട് വളരെയേറെ വിധേയത്വമുള്ളവനായിരുന്നു ഹെന്‍ട്രി രണ്ടാമന്‍ രാജാവ്. അദ്ദേഹത്തെ ചക്രവര്‍ത്തിയായി അഭിഷേകം ചെയ്ത ബെനഡിക്ട് എട്ടാമന്‍ ഒരിക്കല്‍ രാജാവിന്റെ പക്കല്‍ അഭയം തേടിയപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കുകയും സഭാധികാരം തിരികെ വാങ്ങി കൊടുക്കുകയും ചെയ്തു.

മോണ്ടെ കാസിനോ ആശ്രമത്തില്‍ വെച്ച് രാജാവിന് കലശലായ രോഗം പിടിപ്പെട്ടപ്പോള്‍ വിശുദ്ധ ബെനഡിക്ടാണ് അദ്ദേഹത്തെ അത്ഭുതകരമായി സുഖപ്പെടുത്തിയത്. കത്തോലിക്കാ സഭയുടെ സംരക്ഷണാര്‍ത്ഥം ഹെന്‍ട്രി ഗ്രീക്കുകാര്‍ക്കെതിരെ യുദ്ധത്തിനു പോലും സന്നദ്ധനായി. അപുലിയ കീഴടക്കുകയും ചെയ്തു. എന്ത് കാര്യം ചെയ്യുന്നതിനും മുന്‍പ് പ്രാര്‍ത്ഥിക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

പല അവസരങ്ങളിലും കര്‍ത്താവിന്റെ മാലാഖമാരും രക്തസാക്ഷികളും തന്റെ മാധ്യസ്ഥരും തനിക്ക് വേണ്ടി സൈന്യത്തിന്റെ മുന്‍പില്‍ നിന്ന് യുദ്ധം ചെയ്യുന്നതായി രാജാവ് കണ്ടിട്ടുണ്ടെന്ന് പറയുന്നു. ഇത്തരത്തിലുള്ള ദൈവീക സഹായത്തോടെ അവിശ്വാസികളുടെ രാജ്യങ്ങളെ അദ്ദേഹം ആയുധത്തേക്കാളുപരിയായി പ്രാര്‍ത്ഥന കൊണ്ട് കീഴടക്കി. ഹംഗറിയും ആ സമയത്ത് അവിശ്വാസികളുടെ രാജ്യമായിരുന്നു.

പക്ഷേ, ഹെന്‍ട്രി തന്റെ സഹോദരിയെ അവിടത്തെ രാജാവായിരുന്ന സ്റ്റീഫന് വിവാഹം ചെയ്തതോടെ അദ്ദേഹവും ജ്ഞാനസ്‌നാനം സ്വീകരിക്കുകയും തുടര്‍ന്ന് ആ രാജ്യം മുഴുവനും ക്രിസ്തീയ വിശ്വാസത്തിലേക്ക് വരികയും ചെയ്തു. കൂടാതെ ഗൗള്‍, ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ക്രിസ്തു മതത്തോടുള്ള തന്റെ ഉദാരതയുടെ അടയാളങ്ങള്‍ അദ്ദേഹം അവശേഷിപ്പിച്ചു.

അദ്ദേഹത്തിന്റെ വീരോചിതമായ നന്മയുടെ പരിമളം പരക്കെ പ്രചരിച്ചു. രാജകീയ പദവിയേക്കാള്‍ കൂടുതലായി തന്റെ വിശുദ്ധിയാലാണ് ഹെന്‍ട്രി രണ്ടാമന്‍ അറിയപ്പെടുന്നത്. 1024 ലാണ് അദ്ദേഹം മരണമടഞ്ഞത്.

ബാംബെര്‍ഗിലെ പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തിലാണ് ഹെന്‍ട്രി രണ്ടാമന്‍ രാജാവിനെ അടക്കം ചെയ്തിരിക്കുന്നത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭക്തയായിരുന്ന ഭാര്യയേയും വിശുദ്ധന്റെ കബറിടത്തിന് സമീപം തന്നെ അടക്കം ചെയ്തു.
ഇയൂജെനിയൂസ് മൂന്നാമന്‍ മാര്‍പാപ്പയാണ് ഹെന്‍ട്രി രണ്ടാമന്‍ രാജാവിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഗ്രീസിലെ മൈറോപ്പ്

2. ജോവേല്‍ പ്രവാചകന്‍

3. താനെറ്റിലെ മില്‍ഡ്‌റെഡ്

4. മാസെഡോണിയായിലെ സെറാപിയോണ്‍

5. കാര്‍ത്തേജ് ബിഷപ്പായിരുന്ന എവുജിന്‍, സലുത്താരിസ്, മുരീത്താ

6. വിശുദ്ധ പത്രോസിന്റെ രണ്ടാമത്തെ പിന്‍ഗാമിയായ ക്ലീറ്റസ്, അനാക്ലെറ്റസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26