വത്തിക്കാന്‍സിറ്റി: സ്ഥാനമൊഴിഞ്ഞാല്‍ ബിഷപ്പ് എമിരിറ്റസ് ആയി റോമില്‍ തുടരുമെന്നും എന്നാല്‍ രാജിവയ്ക്കുന്ന കാര്യം തല്‍ക്കാലം ആലോചനകളിലില്ലെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മെക്‌സിക്കന്‍ മാധ്യമപ്രവര്‍ത്തകരായ മരിയ അന്റോണിയേറ്റ കോളിന്‍സിന്‍, വാലന്റീന അലസ്രാക്കി എന്നിവര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അടുത്തക്കാലത്തായി പ്രചരിക്കുന്ന രാജി വാര്‍ത്തകളെക്കുറിച്ചും തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുമൊക്കെ മാര്‍പ്പാപ്പ നിലപാട് പങ്കുവച്ചത്. 
സ്ഥാനം ഒഴിഞ്ഞാല്‍ എല്ലാ മാര്‍പ്പാപ്പമാരും ചെയ്യുംപോലെ ബിഷപ്പ് എമിരിറ്റിസ് ആയി റോമില്‍ തുടരും. എന്നാല്‍ അത്തരമൊരു ആലോചന ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. കര്‍ത്താവ് എന്നോട് ആവശ്യപ്പെടുന്നതായി തോന്നിയിട്ടില്ല. അങ്ങനെ ചോദിക്കുന്നുവെന്ന തോന്നലുണ്ടായാല്‍ ഒരു നിമിഷം വൈകാതെ കര്‍ത്താവിന്റെ തിരുഹിതം പോലെ പ്രവര്‍ത്തിക്കുമെന്നും മാര്‍പ്പാപ്പ പറഞ്ഞു. 
ഈ വര്‍ഷം ഓഗസ്റ്റ് അവസാനമാണ് കര്‍ദ്ദിനാള്‍മാരുടെ സമ്മേളനം. സെലസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പാപ്പയുടെ പാത പിന്തുര്‍ന്ന് എല്‍ അക്വിലയിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായാല്‍ അത് 'യാദൃശ്ചികം' മാണ്. ബെനഡിക്ട് പതിനാറാമന്‍ നല്‍കിയ മഹത്തായ മാതൃക അത്തരമൊരു തീരുമാനമെടുക്കാന്‍ തന്നെ സഹായിക്കും. 'തന്റെ നന്മയും പിന്‍വാങ്ങലും കൊണ്ട് സഭയെ നിലനിര്‍ത്തുന്ന ഒരു മനുഷ്യനാണ്' അദ്ദേഹം. മറ്റെര്‍ എക്ലെസിയാ മൊണാസ്ട്രിയില്‍ പോപ്പ് എമിരിറ്റസിനെ സന്ദര്‍ശിക്കുമ്പോഴെല്ലാം തനിക്ക് സന്തോഷം തോന്നുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.
രാജിവയ്‌ക്കേണ്ട സാഹചര്യം വന്നാല്‍ അര്‍ജന്റീനിയലേക്ക് മടങ്ങില്ല. താന്‍ റോമിലെ ബിഷപ്പാണ്. ആര്‍ച്ച്ബിഷപ്‌സ് കോണ്‍ക്ലേവിന് മുന്നോടിയായി അര്‍ജന്റീനിയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ആര്‍ച്ച് ബിഷപ്പ് സ്ഥാനം രാജിവച്ചിരുന്നു. ആ നിലയില്‍ രാജിവച്ചാലും റോമിലെ ബിഷപ്പ് എമിരിറ്റസ് ആയി തനിക്ക് സെന്റ് ജോണ്‍ ലാറ്ററനില്‍ താമസിക്കാമെന്നും അദ്ദേഹം പറഞ്ഞു. 
കാല്‍മുട്ടിന്റെ അനാരോഗ്യം പരിമിതികള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും മെച്ചപ്പെട്ടുവരുന്നു എന്നാണ് തോന്നല്‍. എന്നിരുന്നാലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കുള്ള യാത്ര അസാധ്യമാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കാര്യമായി അലട്ടുന്നതല്ലെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. 
മൂന്നാം ലോക യുദ്ധത്തിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ആണവായുധങ്ങള്‍ 'അധാര്‍മ്മികമാണ്'. അവ ഉപയോഗിക്കുന്നത് മാത്രമല്ല കൈവശം വയ്ക്കുന്നതും. ആക്രമികളേക്കാള്‍ അക്രമിക്കപ്പെടുന്ന രാജ്യങ്ങള്‍ക്കുവേണ്ടിയാണ് സംസാരിക്കേണ്ടതെന്നും ഉക്രെയ്ന്‍-റഷ്യ യുദ്ധത്തെ പശ്ചാത്തലമാക്കി അദ്ദേഹം പറഞ്ഞു. 
ഗര്‍ഭച്ഛിദ്രത്തെ അപലപിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, മനുഷ്യജീവനെ ഇല്ലാതാക്കുന്നത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി. ഗര്‍ഭച്ഛിദ്രനിയമം റദ്ദ് ചെയ്ത യുഎസ് സുപ്രീംകോടതി വിധിക്ക് ശേഷം അമേരിക്കയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ധ്രൂവീകരണത്തിലും മാര്‍പ്പാപ്പ് ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയ മാനം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അമേരിക്കയിലെ സഭാ നേതൃത്വത്തിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. 
ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് ക്യൂബയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം പുനസ്ഥാപിച്ചതില്‍ സംതൃപ്തി പ്രകടിപ്പിച്ച മാര്‍പ്പാപ്പ ക്യൂബയുടെ മുന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയുമായി ഉണ്ടായിരുന്ന സൗഹൃദബന്ധം തുറന്നുപറഞ്ഞു. സെപ്തംബറില്‍ കസാക്കിസ്ഥാനില്‍ നടക്കുന്ന ഇന്റര്‍ഫെയ്ത്ത് പരിപാടിയില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസുമായി കൂടിക്കാഴ്ച നടത്താനുള്ള തന്റെ ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.