രോഗികളെ സഹായിക്കാന്‍ ജീവിതം മാറ്റിവച്ച വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ്

 രോഗികളെ സഹായിക്കാന്‍ ജീവിതം മാറ്റിവച്ച വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ്

അനുദിന വിശുദ്ധര്‍ - ജൂലൈ 14

റ്റലിയിലെ അബ്രൂസി എന്ന സ്ഥലത്ത് 1550 ലാണ് കാമിലുസ് ഡെ ലെല്ലിസ് ജനിച്ചത്. കാമിലുസിനെ പ്രസവിക്കുമ്പോള്‍ അവന്റെ അമ്മയ്ക്ക് അറുപത് വയസ് പ്രായമുണ്ടായിരുന്നു. ശൈശവത്തില്‍ തന്നെ അവന് മാതാവിനെ നഷ്ടപ്പെട്ടു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിനേയും നഷ്ട്ടമായി.

യുവാവായിരിക്കെ സൈന്യത്തില്‍ ചേരുമ്പോള്‍ കാമിലുസിന് എഴുതുവാനും വായിക്കുവാനും മാത്രമായിരുന്നു അറിയാവുന്നത്. 1574 ല്‍ തന്റെ സൈനീക വിഭാഗം പിരിച്ചു വിടുന്നത് വരെ വെനീഷ്യയിലും പിന്നീട് നിയാപ്പോളീറ്റന്‍ സൈനീക വിഭാഗത്തിലായിരുന്നു സേവനം ചെയ്തിരുന്നത്. ചൂതാട്ടത്തില്‍ അതിയായ താല്‍പ്പര്യമുണ്ടായിരുന്ന കാമിലുസ് പലപ്പോഴും തന്റെ അത്യാവശ്യ സാധനങ്ങള്‍ വരെ ചൂതാട്ടത്തില്‍ നഷ്ടപ്പെടുത്തി.

അവസാനം ദാരിദ്ര്യം വിടാതെ പിടികൂടിയപ്പോള്‍ അവന്‍ പതിയെ ആ വിനോദത്തില്‍ നിന്നും പിന്മാറി. ഉപജീവനത്തിനായി കപ്പൂച്ചിന്‍ ഫ്രിയാഴ്‌സിന്റെ ഒരു ഭവനത്തില്‍ കഴുതകളെ നയിക്കുന്ന ജോലിയില്‍ പ്രവേശിച്ചു. ആ കപ്പൂച്ചിന്‍ ഭവനത്തിലെ ഫ്രിയാറിന്റെ ഉപദേശം കാമിലുസില്‍ പരിവര്‍ത്തനം വരുത്തി.

കപ്പൂച്ചിന്‍ ഫ്രിയാര്‍സിന്റെ ആശ്രമത്തില്‍ തന്നെ പ്രവേശിപ്പിക്കുവാന്‍ അപേക്ഷിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പാദത്തിലുണ്ടായിരുന്ന ഒരു വൃണം ഒരിക്കലും സുഖപ്പെടുകയില്ല എന്ന് കണ്ടതിനാല്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് കാമിലുസ് തന്റെ രാജ്യം വിട്ട് റോമിലേക്ക് പോയി. അവിടെ സെന്റ് ജെയിംസ് ആശുപത്രിയില്‍ ചേര്‍ന്ന് രോഗികളെ പരിചരിക്കുവാന്‍ ആരംഭിച്ചു.

മരണാസന്നരായവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി. അവര്‍ക്ക് ആത്മീയമായ ഉപദേശങ്ങളും നല്‍കി. എളിമയും ഭക്തിയുമായിരുന്നു വിശുദ്ധന്റെ ജീവിത രീതി. കാമിലുസിന്റെ ഈ കാരുണ്യ പ്രവര്‍ത്തികളും എളിമയും ഭക്തിയും കണ്ട മേലധികാരികള്‍ വിശുദ്ധനെ ആ ആശുപത്രിയുടെ ഡയറക്ടറായി നിയമിച്ചു.

അവിടെ ശമ്പളത്തിന് രോഗികളെ പരിചരിക്കുന്നവരുടെ അലസത കണ്ട് മനം മടുത്ത അദ്ദേഹം ഒരു കാരുണ്യ പ്രവര്‍ത്തിയെന്ന നിലയില്‍ ഇതിനു വേണ്ടി സമര്‍പ്പിക്കുവാന്‍ ഭക്തരായ കുറച്ച് ആളുകളെ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ ഇതില്‍ ഒരു പാട് തടസങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടതായി വന്നു.

തുടര്‍ന്ന് രോഗികളെ ആത്മീയമായി സഹായിക്കാന്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുവാന്‍ കാമിലുസ് തീരുമാനിക്കുകയും അതിനായുള്ള പഠനം ആരംഭിക്കുകയും ചെയ്തു. ഗ്രിഗറി മൂന്നാമന്‍ പാപ്പായുടെ കാലത്ത് സെന്റ് അസാഫ്‌സിലെ മെത്രാനായിരുന്ന ഗോള്‍ഡ്വെല്ലിന്റെ കയ്യില്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിച്ച കാമിലുസ് 1584 ല്‍ വിറ്റ്‌സണ്‍ട്ടൈഡിലെ പുരോഹിതനായി നിയമിതനായി.

'ഔര്‍ ലേഡീ ഓഫ് മിറാക്കുള' എന്ന ചാപ്പലിലെ പ്രധാന പുരോഹിതനായി നിയമിതനായതിനാല്‍ വിശുദ്ധന്‍ ആശുപത്രിയിലെ തന്റെ ഡയറക്ടര്‍ പദവി രാജിവെച്ചു. ആ വര്‍ഷം തന്നെ രോഗികളെ ശുശ്രൂഷിക്കുന്നതിനു വേണ്ടി തന്റെ സ്വന്തം സഭയ്ക്ക് അടിത്തറയിട്ടു. കറുത്ത നിറമുള്ള കുപ്പായമായിരുന്നു സഭാ വസ്ത്രം.

കാമിലുസിന്റെ നിര്‍ദേശപ്രകാരം എല്ലാ ദിവസവും അവര്‍ ഹോളി ഗോസ്റ്റ് എന്ന ആശുപത്രിയില്‍ പോയി രോഗികളെ വളരെ സ്‌നേഹത്തോടു കൂടി പരിചരിച്ചു. രോഗികള്‍ക്ക് വേണ്ടി എല്ലാതരത്തിലുള്ള ആത്മീയ സഹായങ്ങളും നല്‍കുക എന്നതായിരുന്നു വിശുദ്ധന്റെ പുതിയ സഭയുടെ മുഖ്യ ലക്ഷ്യം.

1586 ല്‍ സിക്സ്റ്റസ് അഞ്ചാമന്‍ മാര്‍പാപ്പാ വിശുദ്ധന്റെ സഭയെ അംഗീകരിച്ചു. കാമിലുസ് ഡെ ലെല്ലിസ് തന്നെയായിരുന്നു ആദ്യത്തെ സുപ്പീരിയര്‍. 'സെന്റ് മേരി മഗ്ദലെന്‍' എന്ന ദേവാലയം അവരുടെ പ്രാര്‍ത്ഥനയ്ക്കായി പാപ്പ നല്‍കുകയും ചെയ്തു. 1588 ല്‍ പന്ത്രണ്ടോളം സഹചാരികളുമായി കാമിലുസ് നേപ്പിള്‍സില്‍ എത്തുകയും അവിടെ ഒരു ഭവനം പണിയുകയും ചെയ്തു.

അക്കാലത്ത് പ്ലേഗ് ബാധിച്ചവരുള്ളതിനാല്‍ ചില കപ്പലുകള്‍ക്ക് തുറമുഖത്തണയുന്നതിനു വിലക്കേര്‍പ്പെടുത്തി. എന്നാല്‍ 'പയസ് സെര്‍വന്റ്‌സ് ഓഫ് ദി സിക്ക്' എന്ന നാമത്തോടു കൂടിയ വിശുദ്ധന്റെ സഭാംഗങ്ങള്‍ കപ്പലില്‍ പോവുകയും രോഗികളെ പരിചരിക്കുകയും ചെയ്തു. ആ ഉദ്യമത്തില്‍ രണ്ട് പുരോഹിതരുടെ ജീവന്‍ നഷ്ടപ്പെട്ടു. അവരാണ് ഈ സഭയുടെ ആദ്യത്തെ രക്തസാക്ഷികള്‍.

തന്റെ ശുശ്രൂഷകള്‍ക്കിടയിലും വിശുദ്ധന്‍ ശാരീരികമായ യാതനകള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. തന്റെ കാലിലെ ഒരു വൃണം കൊണ്ടുള്ള യാതന വിശുദ്ധന്‍ ഏതാണ്ട് 46 വര്‍ഷങ്ങളോളം സഹിച്ചു. രോഗത്താല്‍ വലഞ്ഞ അദ്ദേഹം 1607 ല്‍ സഭയുടെ നേതൃസ്ഥാനം ഒഴിഞ്ഞു. ബൊളോണ, മിലാന്‍, ജെനോവാ, ഫ്‌ളോറെന്‍സ്, ഫെറാര, മെസിനാ, പാലര്‍മോ, മാന്റുവാ, വിട്ടെര്‍ബോ, ബോച്ചിയാനോ, തിയേറ്റെ, ബുര്‍ഗോനോണോ, സൈനുയെസാ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹം തന്റെ സഭാ ഭവനങ്ങള്‍ സ്ഥാപിച്ചു.

1614 ജൂലൈ 14ന് വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 'സെന്റ് മേരി മഗ്ദലന്‍' ദേവാലയത്തിന്റെ അള്‍ത്താരക്ക് സമീപത്തായാണ് അദ്ദേഹത്തെ ആദ്യം അടക്കം ചെയ്തത്. അവിടെ നടന്ന അത്ഭുതങ്ങള്‍ ആധികാരികമായി സ്ഥിരീകരിക്കപ്പെട്ടതോടെ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ അവിടെ നിന്നും എടുത്ത് അള്‍ത്താരക്ക് കീഴില്‍ സ്ഥാപിച്ചു.

1742 ല്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിനു ശേഷം തിരുശേഷിപ്പുകള്‍ ഒരു ചെറിയ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. 1746 ല്‍ ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പാ കാമിലുസ് ഡെ ലെല്ലിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. കൊമായിലെ ഫെലിക്‌സ്

2. കാര്‍ത്തെജിലെ വിശുദ്ധ സൈറസ്

3. അലക്‌സാണ്ട്രിയായിലെ ഹെറാക്‌സ്

4. സ്പാനിഷ് മിഷിനറിയായിരുന്ന ഫ്രാന്‍സിസ് സൊലാന.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.