അനുദിന വിശുദ്ധര്‍ - ജൂലൈ 16
ഏലിയാ പ്രവാചകന്‍ തപസനുഷ്ഠിക്കുകയും ബാലിന്റെ പ്രവാചകരെ തോല്‍പിച്ച് ഇസ്രായേലില്‍ സത്യദൈവ വിശ്വാസം തിരികെ കൊണ്ടുവരികയും ചെയ്ത സ്ഥലമാണ് കാര്‍മ്മല്‍ മല. ആദിമ നൂറ്റാണ്ടുകള്‍ മുതല്‍ തന്നെ ക്രൈസ്തവ സന്യാസികള്‍ ഏകാന്തതയില്‍ പ്രാര്‍ത്ഥനാ ജീവിതം നയിക്കാനായി കാര്‍മ്മല്‍ മലയില്‍ എത്തിയിരുന്നു. ഇവരാണ് പിന്നീട് കാര്‍മ്മലൈറ്റ് സഭയ്ക്ക് തുടക്കം കുറിച്ചത്.
ഇന്നത്തെ ഇസ്രായേലില്‍ ഹൈഫ പട്ടണത്തിനു സമീപമായി മെഡിറ്ററേനിയന്‍ കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന കാര്‍മ്മല്‍ മല ഇന്നും കര്‍മ്മലീത്താ സന്യാസിമാരുടെ ഒരു പ്രധാന കേന്ദ്രമാണ്. മാതാവിനെ സമുദ്ര താരമായി ചിത്രീകരിച്ചുകൊണ്ടുള്ള ഒരു തിരുസ്വരൂപവും ഇവിടെയുണ്ട്.
1125 ജൂലൈ പതിനാറിന് രാത്രിയില്‍ പരിശുദ്ധ കന്യകാ മാതാവ് ഹോണോറിയൂസ് മൂന്നാമന്‍ പാപ്പയ്ക്ക് പ്രത്യക്ഷപ്പെടുകയും കര്‍മ്മലീത്താ സഭയെ അംഗീകരിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കര്‍മ്മലീത്താ സഭക്കാര്‍ നിരന്തരം അവഹേളനങ്ങള്‍ക്ക് പാത്രമാകുന്നതിനാല്‍ സഭയുടെ ആറാമത്തെ ജനറല്‍ ആയിരുന്ന വിശുദ്ധ സൈമണ്‍ സ്റ്റോക്ക് തങ്ങളുടെ സംരക്ഷണത്തിനാവശ്യമായ പ്രത്യേക അടയാളം നല്‍കി അനുഗ്രഹിക്കുവാന്‍ പരിശുദ്ധ മാതാവിനോട് നിരന്തരം അപേക്ഷിച്ചു കൊണ്ടിരുന്നു.
അതേ തുടര്‍ന്ന് 1251 ജൂലൈ 16 ന് പരിശുദ്ധ മാതാവ് സൈമണ്‍ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കി കൊണ്ട് തന്റെ മാതൃപരമായ സ്‌നേഹത്തിന്റെ സവിശേഷ അടയാളമായി നിര്‍ദ്ദേശിച്ചു. 'ഇത് നിനക്കും കര്‍മ്മലീത്താക്കാര്‍ക്കും നല്‍കപ്പെടുന്ന വിശേഷ അനുഗ്രഹമാണ്. ഇത് ധരിച്ചുകൊണ്ട് മരിക്കുന്ന ഒരുവനും നിത്യമായ അഗ്‌നിയില്‍ സഹനമനുഭവിക്കേണ്ടതായി വരികയില്ല' എന്ന് പറഞ്ഞാണ് പരിശുദ്ധ അമ്മ വെന്തിങ്ങ നല്‍കിയത്.
അതിനാല്‍ ഈ തിരുനാള്‍ 'ഉത്തരീയത്തിന്റെ തിരുനാള്‍' എന്നും അറിയപ്പെടുന്നു. 1332 ല്‍ 'കാര്‍മ്മലിലെ പരിശുദ്ധ മാതാവിന്റെ തിരുനാള്‍' കര്‍മ്മലീത്ത സന്യാസിമാര്‍ക്കിടയില്‍ സ്ഥാപിതമാവുകയും പിന്നീട് 1726 ല്‍ ബെനഡിക്ട് പതിമൂന്നാമന്‍ മാര്‍പാപ്പ ഈ തിരുനാളിനെ ആഗോള കത്തോലിക്കാ സഭയുടെ തിരുനാളാക്കി മാറ്റുകയും ചെയ്തു.
വെന്തിങ്ങ പതിവായി ധരിക്കുകയും മാതാവിന്റെ സംരക്ഷണം തേടുകയും ചെയ്യുന്നവര്‍ ഒരിക്കലും നിത്യ നാശമടയുകയില്ല എന്നത് നൂറ്റാണ്ടുകളായുള്ള ക്രൈസ്തവ വിശ്വാസമാണ്. അതുപോലെ തന്നെ ഓരോ വ്യക്തിയുടെയും മരണ ശേഷമുള്ള ആദ്യത്തെ ശനിയാഴ്ച മാതാവിന്റെ പ്രത്യേക മധ്യസ്ഥത്തിലൂടെ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ മോചിക്കപ്പെടും എന്ന വിശാസവും കര്‍മ്മല മാതാവിനോടുള്ള ഭക്തിയുമായി ബന്ധപ്പെട്ടുണ്ട്.
വെന്തിങ്ങ കര്‍മ്മല മാതാവിന്റെ സംരക്ഷണത്തിന്റെ അടയാളമാണ്. അമ്മയുടെ സവിശേഷമാം വിധം തെരഞ്ഞെടുക്കപ്പെട്ട മക്കളുടെ സമൂഹത്തില്‍ നാമും അംഗങ്ങളാണെന്നതിന്റെ അടയാളവുമാണത്. അതോടൊപ്പം തന്നെ വെന്തിങ്ങ ഒരു പ്രതിജ്ഞയുമാണ്. അമ്മ ആഗ്രഹിക്കുന്നതുപോലെ ജീവിച്ചുകൊള്ളാം എന്നും നമ്മെത്തന്നെ അമ്മയ്ക്ക് എന്നേയ്ക്കുമായി പ്രതിഷ്ഠിച്ചുകൊള്ളാം എന്നുമുള്ള പ്രതിജ്ഞയുടെ അടയാളം.
ഉത്തരീയം ധരിക്കുന്നവരില്‍ നിന്ന് മാതാവ് ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും അമ്മയുടെ ജീവിതത്തില്‍ വിളങ്ങിയിരുന്ന പുണ്യങ്ങള്‍ അനുകരിച്ചുകൊണ്ടുള്ള ഒരു വിശുദ്ധ ജീവിതമാണ്. എളിമയും ശുദ്ധതയും നിരന്തര പ്രാര്‍ത്ഥനയുമാണ് മാതാവില്‍ നിന്നു നാം പഠിക്കേണ്ട പാഠങ്ങള്‍. 1917 ല്‍ ഫാത്തിമയിലും അര നൂറ്റാണ്ടിനുശേഷം ഗരബന്ദാളിലും പ്രത്യക്ഷപ്പെട്ടപ്പോള്‍ 'അമ്മ തന്നെത്തന്നെ കര്‍മ്മല മാതാവെന്ന് പരിചയപ്പെടുത്തിയിരുന്നു.
സഭയിലെ അനേകം വിശുദ്ധര്‍ കര്‍മ്മല മാതാവിന്റെ ഭക്തരായിരുന്നു. അവരില്‍ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെയും വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെയും പേരുകള്‍ പ്രത്യേകം ശ്രദ്ധേയമാണ്. ഈ വിശുദ്ധരുടെ മരണത്തിന് അനേക വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ കല്ലറകള്‍ തുറന്നു നോക്കിയപ്പോള്‍ അവര്‍ അണിഞ്ഞിരുന്ന വെന്തിങ്ങകള്‍ക്കു യാതൊരു കേടുപാടുകളും ഇല്ലായിരുന്നു
ഇറ്റലിയിലെ പാല്‍മി എന്ന നഗരത്തില്‍ കര്‍മ്മല മാതാവിന്റെ ഒരു തിരുസ്വരൂപം ഉണ്ടായിരുന്നു. 1894 ല്‍ തുടര്‍ച്ചയായി പതിനേഴു ദിവസത്തോളം ആ രൂപത്തില്‍ അസാധാരണമായ ചില പ്രത്യേകതകള്‍ ദൃശ്യമായതിനെ തുടര്‍ന്ന് അവിടുത്തെ ജനങ്ങള്‍ കൂടുതലായി പ്രാര്‍ത്ഥിക്കുകയും നവംബര്‍ പതിനാറാം തിയതി വൈകുന്നേരം കര്‍മ്മല മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് നഗരം ചുറ്റിയുള്ള പ്രദക്ഷിണം ആരംഭിക്കുകയും ചെയ്തു.
പ്രദക്ഷിണം അവസാനിക്കാറായപ്പോള്‍ അതിശക്തമായ ഒരു ഭൂകമ്പം പാല്‍മിയെ പിടിച്ചു കുലുക്കി. അതിന്റെ ആഘാതത്തില്‍ പതിനയ്യായിരത്തോളം ജനങ്ങള്‍ വസിച്ചിരുന്ന ആ പട്ടണം തകര്‍ന്നടിഞ്ഞെങ്കിലും മരണമടഞ്ഞവരുടെ എണ്ണം വെറും ഒന്‍പതായിരുന്നു. കാരണം നഗരത്തിലെ ജനങ്ങള്‍ എല്ലാവരും തന്നെ പ്രദക്ഷിണത്തില്‍ പങ്കെടുക്കുകയോ അത് വീക്ഷിക്കാനായി തെരുവീഥികളില്‍ കാത്തു നില്‍ക്കുകയോ ചെയ്യുകയായിരുന്നു.
പകര്‍ച്ച വ്യധികളുടെയും ദുരന്തങ്ങളുടെയും മുന്‍പില്‍ പകച്ചു നില്‍ക്കുന്ന ലോകത്തിനു വേണ്ടി പരിശുദ്ധ അമ്മയുടെ സംരക്ഷണത്തില്‍ ആശ്രയം അര്‍പ്പിച്ചുകൊണ്ട് നമുക്കു പ്രാര്‍ത്ഥിക്കാം.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഹൗസ്റ്റെസ്
2. ജെനെറോഡൂസ്
3. ഇറ്റലിയിലെ ദോംനിയാ
4. പാരീസിലെ ഫുള്‍റാഡ്
5. അന്തിയോക്യയിലെ യൂസ്റ്റെസ്
6. പോന്തൂസിലെ അത്തനോഗറസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.